ദിവസം മുഴുവനും ഊർജ്ജസ്വലമാകുന്നത് ജീവിതത്തെ സുഖകരമായി മുന്നോട്ട് നയിക്കും. നമ്മുടെ ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം നമ്മുടെ ഊർജ്ജത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. ദിനംദിന ജോലികൾ ശ്രദ്ധയോടെ കാര്യക്ഷമമായി ചെയ്യാൻ ഊർജ്ജം ആവശ്യമാണ്. ഭക്ഷണക്രമം, ഉറക്ക രീതികൾ, മാനസിക സമ്മർദ്ദം എന്നിവയെല്ലാം നമ്മുടെ ഊർജ്ജ നില കുറയാൻ കാരണമാകാറുണ്ട്.
ദിവസവും ചുറുചുറുക്കോടെ ജീവിക്കാൻ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- നന്നായി ഉറങ്ങുക
രാത്രിയിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ വെറുതെ ഉറങ്ങുന്നതിനേക്കാൾ ഭേദം അതിൽ കുറച്ചെങ്കിലും സമയം നന്നായി ഉറങ്ങുന്നതാണ് എന്ന് പറയാറുണ്ട്. നല്ല ഉറക്കം ശാരീരികവും മാനസികവുമായ ക്ഷേമത്തിന് പ്രധാനമാണ്. ഉറക്കം മോശമാണെങ്കിൽ കൂടുതൽ സമയം ഉറങ്ങി എന്ന് പറയുന്നതിൽ അർത്ഥമില്ല. ഉറക്കം നന്നായില്ലെങ്കിൽ ഊർജ്ജം ഇല്ലാത്ത അവസ്ഥയുണ്ടാകും. ഇത് ദേഷ്യം, ക്ഷീണം എന്നിവയെല്ലാം ഉണ്ടാക്കും. നല്ല ഉറക്കം കിട്ടുന്നതിന് സ്ഥിരമായ ഒരു ബെഡ്ടൈം ദിനചര്യ ഉണ്ടാക്കുന്നത് ഗുണം ചെയ്യും. ഉറങ്ങാനും ഉണരാനും കൃത്യമായ സമയക്രമം പാലിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉറങ്ങുന്നതിനുമുമ്പ് കാപ്പിയോ മദ്യമോ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുൻപ് മൊബൈൽ സ്ക്രീൻ നോക്കുന്നതും നല്ലതല്ല. ദിവസവും വ്യായാമം ചെയ്യുന്നതും നല്ല ഉറക്കം കിട്ടാൻ സഹായകരമാണ്. ഉറക്കം ശരിയല്ലെങ്കിൽ മെഡിക്കൽ ഉപദേശം തേടാൻ മടിക്കരുത്.
- സമീകൃതാഹാരം
ഭക്ഷണം അനാരോഗ്യകരമാണെങ്കിൽ ആവശ്യത്തിന് ഊർജ്ജം ലഭിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഊർജ്ജം ലഭിക്കാൻ നല്ലതാണ്. ഇലക്കറികൾ, കായ്കൾ, വിത്തുകൾ തുടങ്ങിയ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ക്ഷീണത്തെ ചെറുക്കാൻ സഹായിക്കും. അതേസമയം സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ അമിതമായി കഴിക്കുന്നത് മന്ദതയുണ്ടാക്കും. എന്തെങ്കിലും ആരോഗ്യപ്രശനങ്ങൾ ഉള്ളവർ ഡയറ്റീഷ്യന്റെ നിർദേശം സ്വീകരിക്കുന്നതും ഗുണകരമാണ്.
Also Read: വാഴപ്പഴം മുതൽ ഈന്തപ്പഴം വരെ: ഇൻസ്റ്റന്റ് എനർജി നൽകുന്ന സൂപ്പർ ഫുഡുകൾ
- ജലാംശം നിലനിർത്തുക
ഒരു ദിവസം ശരാശരി 2 ലിറ്റർ വെള്ളമെങ്കിലും ഒരു വ്യക്തി കുടിക്കേണ്ടതുണ്ട്. വെള്ളം കുടിക്കാത്തത് നിർജ്ജലീകരണം ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, തലവേദന എന്നിവയ്ക്ക് കാരണമാകും. ദിവസം മുഴുവൻ നിങ്ങളുടെ വാട്ടർ ബോട്ടിൽ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുക, ഇടയ്ക്കിടെ ഒരു സിപ്പ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. കൂടാതെ, പഴങ്ങളും പച്ചക്കറികളും പോലുള്ള ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക. കാപ്പിയോ മദ്യമോ പോലുള്ള പാനീയങ്ങൾ കുറയ്ക്കുക. ഇവ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക.
Also Read: ദിവസവും ഒരു കിവിപ്പഴം കഴിക്കൂ- ഇതാ 5 ആരോഗ്യഗുണങ്ങൾ
- വ്യായാമം
കോശങ്ങളിലേക്കുള്ള രക്തപ്രവാഹവും ഓക്സിജൻ വിതരണവും വർദ്ധിപ്പിച്ച് ശരീരത്തിന്റെ ഊർജ്ജനില വർദ്ധിപ്പിക്കാൻ വ്യായാമം സഹായിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക. ഇതിൽ നടത്തം, ജോഗിംഗ്, നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ നിങ്ങൾ ആസ്വദിക്കുന്ന മറ്റേതെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം.
- മാനസിക സമ്മർദ്ദം കുറയ്ക്കുക
ആസ്വദിക്കുന്ന ഹോബികൾക്കോ പ്രവർത്തനങ്ങൾക്കോ സമയം കണ്ടെത്താനും ശരീരത്തിനും മനസിനും വിശ്രമം നൽകാനും ശ്രമിക്കുക.
സമയം ഫലപ്രദമായി വിനിയോഗിക്കുന്നത് സമ്മർദ്ദം കുറയാൻ സഹായിക്കും. മാനസികാരോഗ്യത്തിന് മുൻഗണന നൽകാനും ആവശ്യമെങ്കിൽ ഒരു പ്രൊഫഷണലിൽ നിന്ന് സഹായം തേടാനും ഓർമ്മിക്കുക.
- കഫീൻ പരിമിതപ്പെടുത്തുക
പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഒരു കപ്പ് കാപ്പി കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് അഡിക്ഷനിലേക്ക് നയിക്കും. ഉച്ചയ്ക്കും വൈകുന്നേരവും കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഹെർബൽ ടീ അല്ലെങ്കിൽ കഫീൻ അടങ്ങിയ മറ്റ് ആരോഗ്യകരമായ ഇതരമാർഗങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
- സപ്ലിമെന്റേഷൻ പരിഗണിക്കുക
മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടും ഊർജ്ജസ്വലരാകുന്നല്ലെങ്കിൽ എനർജി സപ്ലിമെന്റുകൾ പരിഗണിക്കാം. ഊർജ്ജം ലഭിക്കാൻ സപ്ലിമെന്റേഷന് നിർണായക പങ്ക് വഹിക്കാനാകും. നമ്മുടെ ശരീരത്തിന് വിവിധ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്, ഈ അവശ്യ പോഷകങ്ങളുടെ കുറവ് ക്ഷീണത്തിനും കുറഞ്ഞ ഊർജ്ജ നില കുറയാനും ഇടയാക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സപ്ലിമെന്റുകൾ ഏതെന്ന് നിർണ്ണയിക്കാൻ ഒരു ഡോക്ടറെ സമീപിക്കുക. വിറ്റാമിനുകൾ സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ സപ്ലിമെന്റുകൾ ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും.