മൂത്രമൊഴിക്കാനാകാതെ ഒരുവർഷം; യുവതിക്ക് അപൂർവ്വരോഗം

പെട്ടെന്നൊരുദിവസം നിങ്ങൾക്ക് മൂത്രമൊഴിക്കാൻ സാധിക്കാതെ വന്നാൽ എന്തുചെയ്യും? യുകെയിൽ താമസിക്കുന്ന എല്ലെ ആഡംസ് എന്ന കണ്ടന്റ് ക്രിയേറ്റർക്ക് നേരിടേണ്ടിവന്നത് സമാനമായ അവസ്ഥയാണ്. 2020 ലാണ് എല്ലെക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായത്. ഒക്ടോബർ രണ്ടിന് ഉറക്കമെണീറ്റപ്പോൾ തനിക്ക് മൂത്രമൊഴിക്കാൻ സാധിച്ചില്ല എന്നാണ് എല്ലെ പറയുന്നത്. എത്ര വെള്ളം കുടിച്ചിട്ടും മൂത്രമൊഴിക്കാൻ സാധിച്ചില്ല. മുപ്പതുകാരി എല്ലെക്ക് പറയത്തക്ക ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.

തുടർന്ന് വൈദ്യസഹായം തേടിയ എല്ലെയുടെ മൂത്രാശയത്തിൽ ഒരു ലിറ്റർ മൂത്രമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ഒരു എമർജൻസി കത്തീറ്റർ ഉപയോഗിച്ച് ആഡംസിന്റെ മൂത്രസഞ്ചിയിൽ മൂത്രം കളയാൻ ഒരു ട്യൂബ് ഘടിപ്പിച്ചു. ഒരു വർഷത്തിലേറെ ഈ ഉപകരണം ഉപയോഗിച്ചാണ് എല്ലെ മൂത്രമൊഴിച്ചത്. മൂത്രമൊഴിക്കുക എന്ന പ്രാഥമിക ആവശ്യംപോലും ചെയ്യാൻ സാധിക്കാതെയായി എന്ന് എല്ലെ പറയുന്നു.

14 മാസങ്ങൾക്ക് ശേഷമാണ് ആഡംസിന് ഫൗളേഴ്സ് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തിയത്. മൂത്രസഞ്ചി ശൂന്യമാക്കാൻ കഴിയാതെവരുന്ന അവസ്ഥയാണിത്. അപൂർവ്വമായ ഈ രോഗം പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുന്നത്. ഇതിന്റെ കാരണവും കണ്ടെത്തിയിട്ടില്ല. ഈ രോഗമുള്ളവർ ജീവിതകാലം മുഴുവൻ മൂത്രമൊഴിക്കാൻ കത്തീറ്റർ ഉപയോഗിക്കേണ്ടിവരും. മൂത്രാശയത്തിലെയും കുടലിലെയും പ്രശ്നങ്ങൾക്ക് സഹായിക്കുന്ന ചികിത്സയായ സാക്രൽ നെർവ് സ്റ്റിമുലേഷൻ എന്ന ഏക പോംവഴിയാണ് ആഡംസിന് മുന്നിൽ ഉണ്ടായിരുന്നത്. ഈ വർഷം ജനുവരിയിൽ അവർ എസ്എൻഎസ് ഓപ്പറേഷന് വിധേയയായി. ഇപ്പോഴും മൂത്രമൊഴിക്കാൻ കത്തീറ്റർ ഉപയോഗിക്കാറുണ്ടെങ്കിലും അത് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇത് വലിയ ആശ്വാസമാണെന്ന് എല്ലെ പറയുന്നു.

Image: Instagram/ellenextdoor

Content Summary: Unable to urinate for over a year: The woman was diagnosed with a rare syndrome.