ജയറാം നായകനായി അഭിനയിച്ച ഒരു സിനിമയുണ്ട്- സ്വപ്നലോകത്തെ ബാലഭാസ്ക്കർ. രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാമിനെ കൂടാതെ ദിലീപ്, ആനി,കെപിഎസി ലളിത എന്നിവരും അഭിനയിച്ചിട്ടുണ്ട്.ഉറക്കത്തിനിടെ സ്വപ്നംകണ്ട് എഴുന്നേറ്റു നടക്കുന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ചിലയാളുകളിൽ കണ്ടുവരുന്ന സ്ലീപ്പ് വാക്കിങ് എന്ന അവസ്ഥയാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം മുബൈയിൽ ഒരു പത്തൊമ്പതുകാരൻ ഉറക്കത്തിനിടെ എഴുന്നേറ്റുനടക്കികയും ആറാം നിലയിലെ ഫ്ലാറ്റിൽനിന്ന് മൂന്നാമത്തെ നിലയിലെ പോഡിയത്തിലേക്ക് വീണ് മരണമടഞ്ഞ സംഭവം ഉണ്ടായിരിക്കുന്നു.
തെക്കൻ മുംബൈയിലെ മസ്ഗാവ് ഏരിയയിലെ നെസ്ബിറ്റ് റോഡിലെ അക്വാ ജെം ടവറിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ പോഡിയത്തിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് മുസ്തഫ ഇബ്രാഹിം ചുനവാല എന്ന യുവാവിനെ കണ്ടെത്തിയത്. ചുനാവാലയ്ക്ക് “സോംനാംബുലിസം” (ഉറക്കത്തിൽ നടക്കൽ) എന്ന പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു.
എന്താണ് സ്ലീപ്പ് വാക്കിങ്?
ഉറക്കത്തിനും പൂർണ്ണ ബോധത്തിനും ഇടയിലുള്ള ഒരു ഘട്ടത്തെ സ്ലീപ് വാക്കിംഗ് എന്ന് വിളിക്കുന്നു. ഈ അവസ്ഥയിലായിരിക്കുമ്പോൾ, ഒരു വ്യക്തി സാധാരണയായി ഉണർന്ന് അവരുടെ ലൗകിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. എന്നാൽ ഉണർന്ന് കഴിഞ്ഞാൽ എന്താണ് ചെയ്തെന്ന് ഓർമ കാണില്ല. സ്ലീപ്പ് ഫൗണ്ടേഷൻ്റെ അഭിപ്രായത്തിൽ, സോംനാംബുലിസം എന്നറിയപ്പെടുന്ന സ്ലീപ്പ് വാക്കിംഗ്, ആഴത്തിലുള്ള ഉറക്കത്തിനിടെ ഉണ്ടാകുന്ന ഒരു പെരുമാറ്റ വൈകല്യമാണ്. മുതിർന്നവരിലേക്കാൾ കുട്ടികളിലും കൌമാരക്കാരിലുമാണ് ഇത് കണ്ടുവരുന്നത്. ഉറക്കക്കുറവ് ഉള്ളവരിലും പാരമ്പര്യമായും ഈ അവസ്ഥ ഉണ്ടാകാം.
Also Read- രാത്രി ഉറക്കമില്ലാത്തവരാണോ? നന്നായി ഉറങ്ങാൻ ഈ ദിനചര്യ പരീക്ഷിക്കൂ
ഇത് ഗാഢനിദ്രയിൽ നടക്കുന്ന ഒരു “അസാധാരണ സംഭവമാണ്”, സ്ലോ വേവ് സ്ലീപ്പ് (എൻ3ഫേസ്) എന്നും അറിയപ്പെടുന്നു. “ഇവയെ നോൺ-ആർഇഎം പാരാസോമ്നിയ എന്ന് വിശേഷിപ്പിക്കുന്നു, ഇത് സാധാരണയായി ഉറക്കം ആരംഭിച്ച് ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഉണ്ടാകുന്നത്,” – ചെന്നൈയിലെ വിദഗ്ദ ഡോക്ടർ പറയുന്നു.
കാരണം
ജനിതക, പാരിസ്ഥിതിക, ശാരീരിക ഘടകങ്ങൾ കൂടിചേരുമ്പോഴാണ് ഉറക്കത്തിൽ നടക്കുന്നതിന് കാരണമാകുന്നത്. എന്നാൽ യഥാർഥ കാരണം ഇപ്പോഴും അജ്ഞാതമാണെന്ന് ഗുരുഗ്രാമിലെ ആർട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോ-ഇൻ്റർവെൻഷണൽ സർജറി മേധാവിയും സ്ട്രോക്ക് യൂണിറ്റ് കോ-ചീഫുമായ ഡോ വിപുൽ ഗുപ്ത പറയുന്നു. “ജനിതകശാസ്ത്രം, ഉറക്കക്കുറവ്, ക്ഷീണവും സമ്മർദ്ദവും, നിലവിലുള്ള മെഡിക്കൽ അവസ്ഥകൾ, ക്രമരഹിതമായ ഉറക്കം, മസ്തിഷ്ക തകരാറുകൾ എന്നിവ ചില ഘടകങ്ങളിൽ ഉൾപ്പെടാം,” അദ്ദേഹം പറഞ്ഞു. “ഉറക്കക്കുറവ് മാനസികാരോഗ്യത്തെയും മൊത്തത്തിലുള്ള ക്ഷേമത്തെയും ബാധിക്കുകയും മാനസിക പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും,” ദുബായ് ആസ്ഥാനമായുള്ള ഹോളിസ്റ്റിക് സൈക്കോളജിസ്റ്റ് ദേവിക മങ്കാനി പറയുന്നു. “ഉയർന്ന സമ്മർദ്ദവും ഉത്കണ്ഠയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിൽ നടക്കുന്ന സംഭവത്തിന് ഇടയാക്കുകയും ചെയ്യും” മങ്കാനി പറഞ്ഞു.
രോഗങ്ങളും പനിയും, വിട്ടുമാറാത്ത ഉറക്കക്കുറവ്, മൈഗ്രെയ്ൻ, ഉറക്കഗുളികകൾ പോലുള്ള ചില മരുന്നുകൾ, തലയ്ക്കോ തലച്ചോറിനോ ഉള്ള പരിക്കുകൾ, സ്ലീപ് അപ്നിയ എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമാകും.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അല്ലെങ്കിൽ രാത്രിയിൽ പല തവണ സ്ലീപ്വാക്കിംഗ് സംഭവിക്കുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ്. ഉറക്കത്തിൽ നടക്കുന്നതിന് കാരണമായേക്കാവുന്ന ഏതെങ്കിലും അടിസ്ഥാന മെഡിക്കൽ അവസ്ഥകൾ പരിഹരിക്കുന്നതിന് ഇത് സഹായിക്കും.