ചർമ്മസംരക്ഷണത്തിന് ബീറ്റ്റൂട്ട്

ചർമ്മ സംരക്ഷണത്തിന് പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഒരു പദാർത്ഥമാണ് ബീറ്റ്റൂട്ട്. പൊട്ടാസ്യം, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വൈറ്റമിൻ സി എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിനെ ചെറുക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാനും കരുവാളിപ്പ് മങ്ങാനും മുഖത്തിന് തിളക്കം നൽകാനും ഈ ചേരുവകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. കഴിക്കാനും ശരീരത്തിൽ പുരട്ടാനും പറ്റുന്ന ബീറ്റ്റൂട്ട് ചർമ്മത്തിന് ഒരുപാട് ഗുണങ്ങൾ ചെയ്യും.

ചർമ്മത്തിന് ബീറ്റ്റൂട്ട് നൽകുന്ന ഗുണങ്ങൾ:

കറുത്ത പാടുകൾ മാറാൻ

ബീറ്റ്റൂട്ടിന്റെ ഗുണങ്ങളിൽ ഒന്നാണ് കറുത്തപാടുകൾ കുറയ്ക്കുന്നത്. ബീറ്ററൂട്ടിലെ വിറ്റാമിൻ സിയാണ് ഇതിന് സഹായിക്കുന്നത്. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും മൃദുലമായി നിലനിർത്താനും ഇത് സഹായിക്കുന്നു.

ഒരു ബീറ്റ്റൂട്ട് ജ്യൂസ് രണ്ട് സ്പൂൺ തൈരിനൊപ്പം ചേർക്കുക. ഈ മിശ്രിതത്തിലേക്ക് ബദാം ഓയിലും ചേർക്കാം. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തോ ശരീരത്തിലോ പുരട്ടി മസാജ് ചെയ്യുക. 15-20 മിനുട്ട് വെച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുന്നു

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് വാർദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തടയുന്നതിന് പേരുകേട്ടതാണ്. ഇതിലടങ്ങിയ ലൈക്കോപീൻ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മം തൂങ്ങുന്നതും ചർമ്മത്തിൽ വരകൾ വീഴുന്നതും തടയുന്നു.

അൽപ്പം ബീറ്റ്റൂട്ട് നീരിൽ കുറച്ച് തുള്ളി തേൻ ചേർക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഇത് മുഖത്ത് പുരട്ടുക. ഇത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകും.

മുഖക്കുരുവിനെ ചെറുക്കുന്നു

എണ്ണമയമുള്ള ചർമ്മക്കാർക്ക് മുഖക്കുരു വരുന്നത് സാധാരണമാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ അൽപ്പം വെള്ളരിക്ക നീരും ചേർത്ത് കുടിക്കുക. ബീറ്റ്‌റൂട്ടിലെ ആന്റി ഓക്‌സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുന്നു.

ചുണ്ടുകൾക്ക് നിറം നൽകുന്നു

ഇരുണ്ട ചുണ്ടുകൾ തിളങ്ങാൻ ബീറ്റ്റൂട്ട് സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസിൽ പഞ്ചസാര ചേർത്ത് രാത്രിയിൽ ചുണ്ടുകളിൽ പുരട്ടാം.

ബീറ്റ്റൂട്ട് നീരിൽ വെണ്ണ ചേർത്താൽ പ്രകൃതിദത്തമായ ലിപ് ബാം ആയും ഉപയോഗിക്കാം.

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മത്തിന് രക്ഷ നൽകാനും ബീറ്റ്റൂട്ട് സഹായിക്കും. ഒരു ടീസ്പൂണ് പാലും ഏതാനും തുള്ളി ബദാം ഓയിലും രണ്ട് ടീസ്പൂണ് ബീറ്റ്റൂട്ട് നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനിട്ടിന് ശേഷം കഴുകി കളയാം. . ഏതാനും ആഴ്ചകൾക്കുള്ളിൽ മൃദുവും മിനുസമാർന്നതുമായ ചർമ്മം ലഭിക്കാൻ ഇത് സഹായിക്കും.

രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഔഷധമാണ് ബീറ്റ്റൂട്ട്. ഇതിലടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിലെ പാടുകൾ മായ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് സ്വാഭാവിക തിളക്കവും ലഭിക്കുന്നു.

ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറക്കുന്നു. അതുകൊണ്ട് കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ഒരുപാട് ബീറ്റ്റൂട്ട് കഴിക്കാൻ പാടില്ല. വൃക്കയിൽ കല്ല് ഉള്ളവരും ബീറ്റ്റൂട്ട് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ചിലർക്ക് ബീറ്റ്റൂട്ട് അലർജി ഉണ്ടാക്കാറുണ്ട്. അങ്ങനെയുള്ളവരും ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക.