ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണകാരണമായ ആരോഗ്യപ്രശ്നമാണ് ഹാർട്ട് അറ്റാക്ക്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴോ തടസപ്പെടുമ്പോഴോ ആണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സംഭവിക്കുന്നത്. ഇത്തരത്തിൽ രക്തപ്രവാഹം കുറയുകയോ തടസപ്പെടുകയോ ചെയ്യുമ്പോൾ ഹൃദയപേശികൾക്ക് തകരാർ സംഭവിക്കുന്നതാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകാൻ ഇടയാക്കുന്നത്. ഹാർട്ട് അറ്റാക്കിനെ മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നും വിളിക്കുന്നു. രക്തധമനിയിൽ കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതാണ് സാധാരണ രക്തപ്രവാഹം തടസപ്പെടാൻ കാരണം. കൊഴുപ്പ്, കൊളസ്ട്രോൾ എന്നിങ്ങനെ രക്തക്കുഴലുകളിൽ അടിയുന്ന വസ്തുക്കൾ പ്ലേക്കുകൾ അഥവാ ഫലകങ്ങൾ എന്നറിയിപ്പെടുന്നു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ
ഓരോരുത്തരിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വളരെ വ്യത്യസ്തമായാണ് പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ വളരെ നേരിയ ലക്ഷണങ്ങളും, മറ്റുള്ളവരിൽ അസഹനീയമായ നെഞ്ച് വേദനയും ക്ഷീണവും പോലുള്ള ഗുരുതരലക്ഷണങ്ങളും ചില ആളുകളിൽ ലക്ഷണങ്ങളൊന്നുമില്ലാതെയും ഹാർട്ട് അറ്റാക്ക് ഉണ്ടാകാം. ഹാർട്ട് അറ്റാക്കിന്റെ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ ഇവയാണ്.
- നെഞ്ചിൽ വേദനയും നല്ല ഭാരവും അനുഭവപ്പെടുന്നത്
- നെഞ്ചിൽ നിന്നുള്ള വേദന തോളിലേക്കോ, കൈകളിലേക്കോ, പിൻഭാഗത്തേക്കോ, കഴുത്തിലേക്കോ വ്യാപിക്കുന്നത്
- താടിയെല്ല്, പല്ല് ചിലപ്പോൾ വയറിലേക്കും വേദനയും അസ്വസ്ഥതയും വ്യാപിക്കുന്നത്.
- ശരീരം നല്ലതുപോലെ വിയർക്കുക
- പെട്ടെന്ന് തലകറക്കവും ക്ഷീണവും അനുഭവപ്പെടുക
- നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട്
- ഓക്കാനവും ഛർദ്ദിലും
- ശ്വാസതടസം അനുഭവപ്പെടുക
- സ്ത്രീകളിൽ കഴുത്തിലോ കൈയിലോ പുറകിലോ അനുഭവപ്പെടുന്ന കഠിനമായ വേദന ഹാർട്ട് അറ്റാക്ക് ലക്ഷണമാകാം.
- ഹൃദയിടിപ്പ് വേഗം കൂടുന്നതും, ഹൃദയമിടിപ്പ് നിലച്ചതുപോലെ അനുഭവപ്പെടുന്നതും ഹാർട്ട് അറ്റാക്ക് ലക്ഷണമാകാം.
ചിലരിൽ ഹാർട്ട് അറ്റാക്ക് പെട്ടെന്ന് സംഭവിക്കും. എന്നാൽ മറ്റ് ചിലരിൽ മണിക്കൂറുകൾ, ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ അനുഭവപ്പെടും.
ആർക്കൊക്കെ ഹാർട്ട് അറ്റാക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്?
- 45 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരിലും 55 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിലും ചെറുപ്പക്കാരെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്.
- പുകവലി ഹൃദയാഘാതം ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണമാണ്.
- ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിന് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിലേക്ക് നയിക്കുന്ന ധമനികളെ നശിപ്പിക്കും. പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പ്രമേഹം പോലുള്ള മറ്റ് അവസ്ഥകളോടൊപ്പം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
- ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡുകൾ ഉള്ളവരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകാം. ഉയർന്ന അളവിലുള്ള ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ (“മോശം” കൊളസ്ട്രോൾ) ഹൃദയധമനികളെ ചുരുക്കുന്നു. ട്രൈഗ്ലിസറൈഡുകൾ എന്നറിയപ്പെടുന്ന രക്തത്തിലെ കൊഴുപ്പിന്റെ ഉയർന്ന അളവും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ – “നല്ല” കൊളസ്ട്രോളിന്റെ അളവ് – അനുവദനീയമായ അളവിലാണെങ്കിൽ നിങ്ങളുടെ ഹൃദയാഘാത സാധ്യത കുറഞ്ഞേക്കാം.
- ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് പ്രമേഹം. ശരീരം ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ ശരിയായി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാര ഉയരുന്നു. രക്തത്തിലെ പഞ്ചസാര കൂടുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.
- ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് മെറ്റബോളിക് സിൻഡ്രോം. അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, എച്ച്ഡിഎൽ കുറയുന്നത്, ഉയർന്ന ട്രൈഗ്ലിസറൈഡുസ്, ഉയർന്ന പ്രമേഹം എന്നിവയാണ് മെറ്റബോളിക് സിൻഡ്രോമിന് കാരണമാകുന്നത്. ഇത് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു.
- പാരമ്പര്യമായും ഹൃദയാഘാത സാധ്യത വർദ്ധിക്കാം. സഹോദരൻ, സഹോദരി, മാതാപിതാക്കൾ അല്ലെങ്കിൽ മുത്തശ്ശി, മുത്തച്ഛൻ എന്നിവർക്ക് നേരത്തെ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കിൽ പുരുഷന്മാർക്ക് 55 വയസിനും സ്ത്രീകൾക്ക് 65 വയസിനും ശേഷം ഹാർട്ട് അറ്റാക്ക് സാധ്യത കൂടുതലായിരിക്കാം.
- ആവശ്യത്തിന് ശാരീരിക വ്യായാമമില്ലാത്തത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം (ഉദാസീനമായ ജീവിതശൈലി) ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിട്ടയായ വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
- അനാരോഗ്യകരമായ ഭക്ഷണക്രമം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. പഞ്ചസാര, മൃഗക്കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. ഇവയുടെ ഉപയോഗം കുറയ്ക്കുകയും ധാരാളം പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ, ആരോഗ്യകരമായ എണ്ണകൾ എന്നിവ കഴിക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാം.
- മാനസികസമ്മർദ്ദം ഹൃദയാഘാത സാധ്യത കൂട്ടും. പെട്ടെന്ന് ദേഷ്യപ്പെടുന്നതുപോലുള്ള വൈകാരിക സമ്മർദ്ദം ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
- ലഹരിമരുന്നുകളുടെ ഉപയോഗം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും. കൊക്കെയ്നും ആംഫെറ്റാമൈനുകളും ഉത്തേജകങ്ങളാണ്. ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന കൊറോണറി ആർട്ടറി സ്പാസ്മിന് അവ കാരണമാകും.
Read More:
ഹൃദ്രോഗം കൃത്യമായി പ്രവചിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണവുമായി ഇസ്രായേൽ
ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആരോഗ്യകരമായ ഡയറ്റ് ശീലമാക്കാം