മാലിദ്വീപുമായുള്ള ഇന്ത്യയുടെ തർക്കം കാരണം കോളടിച്ചിരിക്കുകയാണ് ലക്ഷദ്വീപ് ടൂറിസത്തിന്. കേരം തിങ്ങിയ കടലും കരയും ചേർന്നു കിടക്കുന്ന ലക്ഷദ്വീപ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ട്രെൻഡിങ്ങിലാണ്. ലക്ഷദ്വീപിലേക്ക് പോകാനാണ് ഇപ്പോൾ കൂടുതൽ പേരും യാത്രകൾ പ്ലാൻ ചെയ്യുന്നത്.
എന്നാൽ രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് യാത്ര അത്ര എളുപ്പമുള്ള കാര്യമല്ല. ദ്വീപ് സന്ദർശിക്കാൻ മുൻകൂർ അനുമതികൾ ആവശ്യമാണ്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം അനുമതി എന്ന രീതിയിലാണ് ലക്ഷദ്വീപിലേക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള പ്രധാന ടൂറിസം സീസൺ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. അതായത് ലക്ഷദ്വീപ് സന്ദർശിക്കാൻ പറ്റിയ സമയമാണ് ഈ പുതുവർഷം. എന്നുവെച്ച് ചാടിക്കേറി അങ്ങോട്ടു പോകാനൊന്നും കഴിയില്ല.
ലക്ഷദ്വീപ് യാത്രയ്ക്ക് എന്തു ചെയ്യണം?
ലക്ഷദ്വീപിൽ പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യം കൊച്ചി ആസ്ഥാനമായുള്ള ലക്ഷദ്വീപ് ഭരണകൂടം നല്കുന്ന പെര്‍മിറ്റ് നേടണം. പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാൽ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം, തുടര്‍ന്ന് ഒരു ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അത് ക്ലിയര്‍ ചെയ്യണം.
ഇതിനുശേഷം തിരിച്ചറിയല്‍ രേഖകളും തുടര്‍ന്ന് മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ഇതിനൊപ്പം അറ്റാച്ച് ചെയ്യണം. ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം, എൻട്രി പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്, അല്ലെങ്കില്‍ കൊച്ചി വില്ലിംഗ്ഡണ്‍ ഐലൻഡിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസില്‍ നിന്ന് നേരിട്ട് അത് വാങ്ങാവുന്നതാണ്. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ക്ക് എൻട്രി പെര്‍മിറ്റ് സമര്‍പ്പിക്കണം.
യാത്ര എങ്ങനെ?
കൊച്ചിയില്‍ നിന്ന് വിമാന മാർഗവും കപ്പൽ മാർഗവും ദ്വീപിലെത്താം. ആഴ്ചയില്‍ ആറ് ദിവസവും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് അഗത്തി ദ്വീപിലേക്കാണ് വിമാന സര്‍വീസ്. ഒന്നര മണിക്കൂറാണ് യാത്രാ സമയം. സീസണ് ആനുസരിച്ച് മാറുമെങ്കിലും ഏകദേശം 5500 രൂപയാണ് ഒരു ദിശയില്‍ പറക്കുവാനുള്ള യാത്രാ ചെലവ്. അഗത്തിയില്‍ നിന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളും ലഭ്യമാണ്.
കപ്പൽ യാത്ര ചെലവ് കുറവ്
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് എംവി കവരത്തി, എംവി ലഗൂണ്‍, എംവി അമിൻഡിവി, എംവി കോറല്‍സ്, എംവി മിനിക്കോയ്, എംവി ലക്ഷദ്വീപ് കടല്‍, എംവി അറബിക്കടല്‍ എന്നിങ്ങനെ ഏഴ് കപ്പലുകളാണ് ഉള്ളത്. യാത്രയ്ക്ക് 14 മുതല്‍ 18 വരെ മണിക്കൂറുകളാണ് സമയം. 2000 മുതല്‍ 7000 വരെയാണ് കപ്പലിലിൽ വിവിധ വിഭാഗത്തിലുള്ള ബെര്‍ത്തിന് അനുസരിച്ച് ടിക്കറ്റ് റേറ്റ്.
Also Read:
യാത്രയെ ഭയക്കുന്നുണ്ടോ? ആ പേടി മാറ്റാം
മൂന്നാറിൽ പോകുന്നോ? എന്തൊക്കെ കാണണം