മസിൽ വേണോ? ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ

യുവാക്കൾ ജിമ്മിൽ പോകുന്നത് മസിലുണ്ടാക്കാനാണോ? ഭൂരിഭാഗം പേരും മസിൽ വേണം എന്ന് ആഗ്രഹിക്കുന്നവരാകും. ആരോഗ്യം, ഫിറ്റ്നസ് എന്നീ ലക്ഷ്യങ്ങളുമായി ജിമ്മിൽ പോകുന്നവരും ഉണ്ടാകും.

മസിലുണ്ടാക്കാൻ വ്യായാമം ചെയ്യുന്നവർ അതിനനുസരിച്ചുള്ള ഭക്ഷണങ്ങളും കഴിക്കുന്നുണ്ടാകും. എന്നാൽ എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്ന് അറിയാമോ? മസിലുണ്ടാകണമെങ്കിൽ ഇനിപ്പറയുന്ന ആറ് ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നു.

സംസ്കരിച്ച മാംസം

മസിൽ വളരാൻ എല്ലാവരും ആദ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ ആയിരിക്കും. അതിന് എല്ലാവരും കഴിക്കുന്നത് മാംസമാണ്. പക്ഷേ ചുവന്ന മാംസവും സംസ്കരിച്ച മാംസവും ഒട്ടും ആരോഗ്യകരമല്ല. കൂടാതെ ഇത് കാൻസറിനും കാരണമാകും. ഇവ കഴിച്ചാൽ മസിൽ ഉണ്ടാകുന്നതിന് പകരം കൊഴുപ്പ് അടിഞ്ഞുകൂടി വണ്ണം വെക്കുകയാകും ചെയ്യുക. അതുകൊണ്ട് മസിൽ വളരാൻ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനാണ് കഴിക്കേണ്ടത്.

ട്രാൻസ് ഫാറ്റുകൾ

പ്രോട്ടീൻ കഴിഞ്ഞാൽ അടുത്ത ഘടകം കലോറിയാണ്. അധിക കലോറി കഴിക്കുന്നത് മസിൽ വളർച്ചയെ സഹായിക്കും. എന്നാൽ, ഈ അധിക കലോറി എവിടെ നിന്ന് ലഭിക്കുന്നു എന്നതും പ്രധാനമാണ്. അതിനുവേണ്ടി പലരും ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ആണ് കഴിക്കുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇവ പേശികളെ വളർത്താൻ സഹായിക്കുന്നതിനേക്കാൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇവയിൽ വറുത്ത ഭക്ഷണങ്ങളും ഉൾപ്പെടുന്നു.

  • ഫ്രെഞ്ച് ഫ്രൈസ്
  • വറുത്ത ചിക്കൻ, വറുത്ത മത്സ്യം
  • പേസ്ട്രികൾ, കേക്കുകൾ
  • കപ്പ് കേക്കുകൾ, കുക്കികൾ, മഫിനുകൾ
  • ശീതീകരിച്ച പിസ്സ
  • ബിസ്ക്കറ്റ്

ഇത്തരം ഭക്ഷണങ്ങൾക്ക് പകരം നട്സ്, നട്ട് ബട്ടർ, അവോക്കാഡോ എന്നിവ കഴിക്കാൻ ശ്രമിക്കുക.

പഞ്ചസാര

മസിലുണ്ടാക്കാൻ അമിതമായി പഞ്ചസാര കഴിക്കാൻ പോയാൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയേ ഉള്ളൂ. പഞ്ചസാരയിൽ കൂടുതലും കാർബോഹൈഡ്രേറ്റുകളാണ്. പേശികളുടെ നിർമ്മാണത്തിന് കാർബോഹൈഡ്രേറ്റുകൾ ആവശ്യമാണെങ്കിലും പഞ്ചാസാര അത്ര നല്ലതല്ല.

വ്യായാമത്തിന്റെ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്ന പ്രധാന ഊർജ്ജ സ്രോതസ്സാണ് കാർബോഹൈഡ്രേറ്റുകൾ. എന്നാൽ, അനാരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഏതൊക്കെയാണ് അനാരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്ന് നോക്കാം.

  • മിഠായി
  • ഡോനട്ട്സ്
  • മധുര പലഹാരങ്ങൾ
  • സോഡകൾ

മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾക്ക് പകരമായി കാർബോഹൈഡ്രേറ്റുകൾ കിട്ടാൻ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.

  • മുഴുവൻ ധാന്യങ്ങൾ
  • ഫ്രഷ് ആയ പഴങ്ങൾ
  • അന്നജം അടങ്ങിയതും അല്ലാത്തതുമായ പച്ചക്കറികൾ
  • ബീൻസ്, പയർവർഗ്ഗങ്ങൾ

മദ്യം

മസിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ മദ്യം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തെ സംബന്ധിച്ച് മദ്യം ഒരു വിഷവസ്തുവാണ്. അത് എത്രയും വേഗം ഉപാപചയം നടത്തി പുറംതള്ളാനാണ് ശരീരം ശ്രമിക്കുക. മസിലുണ്ടാക്കാൻ കഴിച്ച പ്രോട്ടീനും കാർബോഹൈഡ്രേറ്റുമെല്ലാം ഈ പ്രവർത്തനത്തിന് ഉപയോഗിക്കപ്പെടും. ഇത് ശരീരം ക്ഷീണിക്കാനും ഇടയാക്കും. കൂടാതെ മദ്യം നിർജലീകരണത്തിനും കാരണമാകും. ക്ഷീണവും നിർജലീകരണവും വ്യായാമം ചെയ്യുന്നവർക്ക് നല്ലതല്ല.

സോസുകൾ, മസാലകൾ, ഡ്രെസ്സിംഗുകൾ

വ്യായാമം ചെയ്യുന്നവർ ധാരാളം സാലഡുകൾ കഴിക്കാറുണ്ട്. എന്നാൽ, ചിലപ്പോൾ സാലഡുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആരോഗ്യകരമാകണമെന്നില്ല. ഇവ പലപ്പോഴും ഉയർന്ന കലോറി ഡ്രെസ്സിംഗുകളോടൊപ്പമാണ് വരുന്നത്. അത്തരം സാധ്യതകൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സോസുകൾ, മസാലകൾ, ഡ്രെസ്സിംഗുകൾ തുടങ്ങിയവയിൽ അധിക പഞ്ചസാരയും അടങ്ങിയിരിക്കാം.

പ്രോട്ടീൻ ധാരാളം അടങ്ങിയ സമീകൃത സാലഡ് കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ചേർക്കുക. കുറഞ്ഞ കലോറി ഡ്രസ്സിംഗ് ഉപയോഗിക്കുക. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉൾപ്പെടുന്ന ഉയർന്ന ഗുണമേന്മയുള്ള ഭക്ഷണങ്ങളിൽ നിന്ന് കലോറി ലഭിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

നിലവാരമില്ലാത്ത സപ്ലിമെൻ്റുകൾ

മസിൽ വളർത്താൻ ആഗ്രഹിക്കുന്നവർ വർക്ക്ഔട്ടിനൊപ്പം സപ്ലിമെൻ്റുകൾ എടുക്കാറുണ്ട്. സപ്ലിമെൻ്റ് തിരഞ്ഞെടുക്കുന്നതിന് മുൻപ് നന്നായി വിശകലനം ചെയ്യുക. ഗുണമേന്മയുള്ള അംഗീകൃതമായ സപ്ലിമെൻ്റുകൾ മാത്രമേ കഴിക്കാൻ പാടുള്ളൂ.

Also Read:

മസിലിന് കരുത്ത് കൂട്ടണോ? ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ

വെജിറ്റേറിയൻ കഴിച്ചും മസിലുണ്ടാക്കാം; ഇതാ അഞ്ച് ഭക്ഷണങ്ങൾ

Content Summary: 6 foods you should avoid to build muscles