36കാരിയായ സാമന്തയുടെ യഥാർഥ പ്രായം 23 വയസ് !

ചുരുങ്ങിയകാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. വ്യത്യസ്തമായ വേഷങ്ങളിലൂടെയും അഭിനയമികവ് കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് സാമന്ത. ഇപ്പോൾ അവർക്ക് 36 വയസുണ്ട്. എന്നാൽ അവരുടെ ആന്തരികാവയവങ്ങൾക്ക് 23 വയസ് മാത്രമെ ആയിട്ടുള്ളുവെന്ന് പറഞ്ഞാൽ ആരുമൊന്ന് അമ്പരക്കും. ബേസൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആർ പ്രകാരം നടിയുടെ പ്രായം 23 ആണ്. ജീവിതചര്യകളിൽ പുലർത്തുന്ന കർക്കശമായ ശീലങ്ങളാണ് യുവത്വം നിലനിർത്തിയും ആരോഗ്യകരമായും മുന്നോട്ടുപോകാൻ സാമന്തയെ സഹായിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സാമന്ത ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് ഉപാപചയ ആരോഗ്യം. അടുത്തിടെയായി ആരോഗ്യസംരക്ഷണം സംബന്ധിച്ച് വൈദ്യശാസ്ത്രത്തിൽ കൂടുതൽ ജനകീയവൽക്കരിച്ച ഒരു വാക്കാണിത്. ലളിതമായി പറഞ്ഞാൽ, ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇൻസുലിൻ സംവേദനക്ഷമത, ആരോഗ്യകരമായ രക്തസമ്മർദ്ദം തുടങ്ങിയ അവശ്യ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിലും ശരീരത്തിൻ്റെ കാര്യക്ഷമതയാണ് ഉപാചപയ ആരോഗ്യം എന്ന് പറയുന്നത്. ഏതൊരു വ്യക്തിയുടെയും ആരോഗ്യകരമായ ജീവിതത്തിന് ഉപാചപയ ആരോഗ്യത്തിൻ്റെ ബാലൻസ് നിർണായകമാണ്. ഉപാചപയ ആരോഗ്യം മോശമാകുന്നത് പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിച്ചേക്കാം.

സാമന്തയുടെ ശരീരഘടന

ഉപാചപയ ആരോഗ്യം പരിശോധിക്കുമ്പോൾ വിശകലനം ചെയ്യുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അത് ശരീരത്തിൻറെ ആകെ ഭാരവും, അതിൽ പേശികളുടെയും കൊഴുപ്പിൻറെയും അളവ് എത്രത്തോളമുണ്ട് എന്നതുമാണ്. സാമന്തയുടെ ശരീരഭാരം 50.1 കിലോയാണ്. ഇതിൽ 2.2 കിലോഗ്രാം അസ്ഥി പിണ്ഡവും 35.9 കിലോഗ്രാം പേശിയുമാണ്. ഇതിൽ ബാക്കിയുള്ള ഭാരം കൊഴുപ്പ്, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയായിരിക്കും. ഇത് കണക്കാക്കിയാണ് ഉപാപചയ ആരോഗ്യം നിർണയിക്കുന്നത്.

ഒരാളുടെ ജൈവിക പ്രായം എങ്ങനെ കുറയ്ക്കാം?

സാമന്തയുടെ ജീവിതചര്യയുടെ വിശദാംശങ്ങൾ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രാവിലെ ഇളംവെയിൽ കൊള്ളുന്നതും ഭക്ഷണക്രമം, മറ്റ് ആരോഗ്യകരമായ ജീവിത ശീലങ്ങളും ഉൾക്കൊള്ളുന്നു. ഇതിൽ ഏറ്റവും പ്രധാനം വീടിന് പുറത്ത് പുൽത്തകിടിയിൽ വ്യായാമം ചെയ്യുന്ന ശീലം തൻറെ ഉപാചപയ ആരോഗ്യം വർദ്ധിപ്പിക്കുമെന്നും സാമന്ത പറയുന്നു.

  • ഭക്ഷണക്രമം:

ഇൻസുലിൻ സംവേദനക്ഷമതയും ഹോർമോൺ ബാലൻസും പിന്തുണയ്ക്കുന്ന പോഷക സമൃദ്ധവും, കുറഞ്ഞ അളവിൽ സംസ്കരിച്ചതുമായ ഭക്ഷണക്രമമാണ് സാമന്തയുടേത്. പോഷകം നിറഞ്ഞതും പഞ്ചസാര ഇല്ലാത്തതുമായ ഭക്ഷണങ്ങൾ മാത്രമാണ് സാമന്ത കഴിക്കുന്നത്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളേക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കുന്നതിലൂടെ ശരീരം കൂടുതൽ കലോറി കത്തിക്കുന്നു. ദിവസവും ധാരാളം ശുദ്ധജലം കുടിക്കുകയെന്നതും സാമന്ത വിട്ടുവീഴ്ച ചെയ്യാത്ത ശീലമാണ്.

കലോറി നിയന്ത്രണം, ഇടവിട്ടുള്ള ഉപവാസം, കെറ്റോജെനിക് ഡയറ്റുകൾ എന്നിവ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന തരത്തിൽ ആരോഗ്യ സൂചികകൾ മെച്ചപ്പെടുത്തുന്നതിൽ സഹായകരമാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ സങ്കീർണ്ണമായ പഠനങ്ങൾ സൂചിപ്പിക്കുന്നത് സമാനമായ ഇടപെടലുകൾക്ക് ഉപാപചയ സൂചികകൾ മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും കോശങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും കഴിയും എന്നാണ്.

  • വ്യായാമം:

സ്ട്രെങ്ത് ട്രെയിനിംഗ്, സ്റ്റേഡി സ്റ്റേറ്റ് സോൺ-2 കാർഡിയോ, ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിംഗ് (HIIT) എന്നിവയൊക്കെയാണ് സാമന്ത പിന്തുടരുന്നത്. വിദഗ്ദനായ പരിശീലകൻറെ നിർദേശം അനുസരിച്ചാണ് സാമന്തയുടെ വ്യായാമം. ഈ വ്യായാമമുറകൾ പേശികളുടെ അളവ് വർദ്ധിപ്പിക്കാനും ഹൃദയ സംബന്ധമായ ഉൽപാദനവും കാര്യക്ഷമതയും മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മികച്ചതാക്കാനും സഹായിക്കും

  • ജീവിതശൈലി:

ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുകയെന്ന കാര്യത്തിൽ സാമന്ത ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. സമ്മർദ്ദം നിയന്ത്രിക്കുക, നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് സഹായകരമായ ധ്യാനം, ശ്വസനവ്യായാമങ്ങൾ എന്നിവയും സാമന്തയുടെ ജീവിതചര്യകളിലുണ്ട്.

Content Summary: Samantha has amazed the audience with her different roles and acting skills. Now she is 36 years old. But one would be surprised to know that her internal organs are only 23 years old. According to Basal Metabolic Rate or BMR, the age of the actress is 23.