വൈദ്യശാസ്ത്രത്തിൽ ഓരോ ദിവസവും അമ്പരപ്പിക്കുന്ന പുതിയ കണ്ടെത്തലുകളും മുന്നേറ്റങ്ങളുമാണ് സംഭവിക്കുന്നത്. ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും രോഗങ്ങളില്ലാതാകാനുമൊക്കെയായി നൂറുകണക്കിന് ഗവേഷങ്ങൾ ഈ ലോകത്ത് നടന്നുവരുന്നു. ഒടുവിൽ പുറത്തുവരുന്ന ഒരു പഠനം വ്യക്തമാക്കുന്നത് ഫ്ലേവനോളുകൾ എന്നറിയപ്പെടുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ മനുഷ്യരുടെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്. രോഗങ്ങൾ ഇല്ലാതാക്കി ആയുർദൈർഘ്യം വർദ്ധിപ്പിക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുമെന്നാണ് പറയുന്നത്.
രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിർത്താനും കൊളസ്ട്രോളിൻ്റെ അളവ് സന്തുലിതമാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
ശരീരത്തിൽ നിന്ന് അർബുദ കോശങ്ങളെ ഇല്ലാതാക്കുകയും അവയുടെ വളർച്ചയും വ്യാപനവും തടയുകയും ചെയ്യുന്നതിൽ ഫ്ലേവനോയിഡ് ഭക്ഷണക്രമം മുഖ്യ പങ്ക് വഹിക്കുന്നു. എല്ലാത്തിനും പുറമെ ഇപ്പോൾ, മരണസാധ്യത കുറയ്ക്കുന്നതിൽ ഫ്ലേവനോൾ അടങ്ങിയ ഭക്ഷണത്തിൻ്റെ ഗുണങ്ങളെക്കുറിച്ച് ഈ പഠനം വ്യക്തമാക്കുന്നു.
ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഫ്ലേവനോളുകളായ ഐസോർഹാംനെറ്റിൻ, കെംപ്ഫെറോൾ, മൈറിസെറ്റിൻ, ക്വെർസെറ്റിൻ എന്നിവ രോഗങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും, അതുവഴി മരണം ഒഴിവാക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് പഠനം നടത്തിയത്. പഠനറിപ്പോർട്ട് നേച്ചർ ട്രസ്റ്റഡ് സോഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫ്ലേവനോൾ ഉപഭോഗവും മരണ സാധ്യതയും വിശകലനം ചെയ്യുന്ന ഈ പഠനത്തിൽ, ഗവേഷകർ 2007 മുതൽ 2019 വരെയുള്ള നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) വിവരങ്ങൾ വിശദമായി പരിശോധിക്കുകയാണ് ചെയ്തത്. ആകെ 11,679 പേരുടെ വിവരങ്ങളാണ് പഠനവിധേയമാക്കിയത്. ഇവരുടെ പ്രായം ശരാശരി 47 വയസായിരുന്നു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അൽഷിമേഴ്സ് രോഗം എന്നിവയുൾപ്പെടെയുള്ള പ്രത്യേക കാരണങ്ങളാൽ മരണനിരക്കാണ് പഠനസംഘം പരിശോധിച്ചത്.
ഭക്ഷണത്തിലെ ഫ്ലേവനോളുകൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് ക്യാൻസറുമായി ബന്ധപ്പെട്ട മരണനിരക്ക് 55%, ഹൃദയ സംബന്ധമായ രോഗങ്ങളുടെ മരണനിരക്ക് 33%, മറ്റ് കാരണങ്ങളാൽ മരണ സാധ്യത 36% എന്നിവ കുറയ്ക്കുന്നതായി പഠനത്തിൽ വ്യക്തമായി.
40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് ഫ്ലേവനോളുകളുടെ ഉപഭോഗം എല്ലാ കാരണങ്ങളാലും മരണനിരക്കിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുമെന്നും പഠന ഫലങ്ങൾ വെളിപ്പെടുത്തി. കാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവ മൂലമുള്ള മരണസാധ്യത ഫ്ലേവനോളുകൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നവരിൽ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഫ്ലേവനോൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ?
ചായ: ഗ്രീൻ ടീ, കട്ടൻ ചായ
ചോക്ലേറ്റ്: കറുത്ത ചോക്ലേറ്റ് അല്ലെങ്കിൽ കൊക്കോ
പയർവർഗ്ഗങ്ങൾ: ചെറുപയർ, സോയാബീൻ
പഴങ്ങൾ: ആപ്പിൾ, മുന്തിരി, ചെറി, സിട്രസ് പഴങ്ങൾ
പച്ചക്കറികൾ: ചുവന്ന ഉള്ളി, കുരുമുളക്
സരസഫലങ്ങൾ: കറുത്ത ഉണക്കമുന്തിരി, ക്രാൻബെറികൾ, മറ്റ് സരസഫലങ്ങൾ
ചീര
Also Read: ചോക്ലേറ്റിനെ അകറ്റേണ്ട; സൗഹൃദം സ്ഥാപിക്കാം
Content Summary: What are flavanols and how they help healthy lifestyle