Women’s Day 2024: ആരോഗ്യത്തോടെ ജീവിക്കാൻ സ്ത്രീകൾ ചെയ്യേണ്ട 10 കാര്യങ്ങൾ

എല്ലാ ദിവസവും മാർച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ എല്ലാത്തരം വിവേചനങ്ങളെയും മറികടന്ന് സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിന്‍റെ പ്രാധാന്യം വിളിച്ചോതിയാണ് ഓരോ വനിതാദിനവും ആഘോഷിക്കുന്നത്. ഇത്തവണ വനിതാദിനം എത്തുമ്പോൾ മികച്ച ആരോഗ്യത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടതിന്‍റെ പ്രാധാന്യം ഹെൽത്ത് മലയാളം ഓർമിപ്പിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യം ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉൾക്കൊള്ളുന്നതാകണം. 

സ്ത്രീകളുടെ ആരോഗ്യത്തെ ഗുണകരമാക്കാൻ സഹായിക്കുന്ന 10 ജീവിതശൈലി മാറ്റങ്ങൾ ഇതാ:

1. ശരീരം ചലനാത്മകമാകണം- വ്യായാമം ഉൾപ്പടെയുള്ള ആരോഗ്യസംരക്ഷണകാര്യങ്ങളിൽ സ്ത്രീകൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ആഴ്ചയിൽ രണ്ടോ അതിലധികമോ ദിവസങ്ങളിൽ പേശികളെ ശക്തിപ്പെടുത്തുന്ന സ്ട്രെങ്ത് ട്രെയിനിങ് പോലെയുള്ള വ്യായാമങ്ങൾ ചെയ്യണം. കൂടാതെ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ തീവ്രതയുള്ള എയറോബിക് വ്യായാമവും ശീലമാക്കണം. 

2. സമീകൃതാഹാരം- പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം ശീലമാക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. അതിനൊപ്പം ആരോഗ്യം നശിപ്പിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

3. വെള്ളം കുടിക്കണം- ദിവസം മുഴുവൻ ഉൻമേഷവും പ്രസരിപ്പും നിലനിർത്താൻ ശുദ്ധജലം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക. മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരിയായ ശാരീരിക പ്രവർത്തനങ്ങൾക്കും ശരീരത്തിലെ ജലാംശം പ്രധാനമാണ്. 

4. പരിശോധനകൾ- പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനായി പതിവ് പരിശോധനകൾ നടത്തണം. വർഷത്തിൽ ഒരിക്കൽ പ്രധാനപ്പെട്ട രക്തപരിശോധനകൾ നടത്തുക. ഡോക്ടറുടെ നിർദേശാനുസരണം ഇത്തരം പരിശോധനകൾ നടത്തുന്നത് സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതും കൈകാര്യം ചെയ്യുന്നതിനും സഹായിക്കും. 

5. സ്ട്രെസ് മാനേജ്മെൻ്റ്- സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കുന്നതിനും മാനസിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി മൈൻഡ്ഫുൾനെസ്, ധ്യാനം, യോഗ, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ പോലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങൾ പരിശീലിക്കുക.

6. മതിയായ ഉറക്കം- ഒരു രാത്രിയിൽ 7-9 മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം ശീലമാക്കുക. സ്ഥിരവും ശാന്തവുമായ ഉറക്കം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

7. മദ്യപാനം ഒഴിവാക്കുക- സ്ത്രീകളിൽ മദ്യപാനശീലം കൂടുതൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് സ്ത്രീകളെ നിരവധി ആരോഗ്യപ്രസ്നങ്ങളിൽനിന്ന് സംരക്ഷിക്കും. 

8. പുകവലി വേണ്ട- പുകവലി ഉപേക്ഷിക്കുന്നത് സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയ, ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

9. നല്ല ബന്ധങ്ങൾ നിലനിർത്തുക- നല്ല സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കുകയും ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുക. മാനസികവും വൈകാരികവുമായ ക്ഷേമത്തിന് സാമൂഹിക പിന്തുണ നിർണായകമാണ്.

10. സൂര്യപ്രകാശത്തിനെതിരായ ജാഗ്രത- അമിതമായ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് വളരെയധികം ദോഷകരമാണ്. ചർമ്മത്തിലെ ക്യാൻസറും പെട്ടെന്ന് ത്വക്ക് ചുക്കിചുളിയുന്നതിനും ഇത് കാരണമാകും. ഇതിനുള്ള സാധ്യത കുറയ്ക്കുന്നതിന് സൺസ്‌ക്രീൻ ഉപയോഗിക്കുകയും സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുകയും വേണം.  ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയെന്നത് സ്ത്രീകൾ ചെയ്യേണ്ട പ്രധാന കാര്യമാണ്.

Content Summary: 10 things women should do to stay healthy