ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന ലൈംഗിക ഉത്തേജന മരുന്നാണ് വയാഗ്ര. ഇപ്പോഴിതാ, വയാഗ്ര ഉപയോഗിക്കുന്നവരിൽ അൽഷിമേഴ്സ് സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. വയാഗ്രയിലെ സിൽഡെനാഫിൽ എന്ന സംയുക്തമാണ് അൽഷിമേഴ്സിനെ ചെറുക്കാൻ സഹായിക്കുന്നത്. ശ്വാസകോശ ധമനികളിലെ രക്താതിമർദത്തിനെതിരെ നൽകുന്ന റെവാറ്റിയോയിലും സിൽഡെനാഫിൽ എന്ന അടങ്ങിയിട്ടുണ്ട്. ഈ മരുന്ന് കഴിക്കുന്നവരിലും അൽഷിമേഴ്സ് സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
ക്ലീവ്ലാൻഡ് ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ്, ഉദ്ധാരണക്കുറവ്, ശ്വാസകോശ ധമനികളിലെ ഹൈപ്പർടെൻഷൻ എന്നിവയ്ക്കായി സിൽഡെനാഫിൽ എടുക്കുന്നവരിൽ അൽഷിമേഴ്സ് രോഗ സാധ്യത 30% മുതൽ 54% വരെ കുറവായിരിക്കുമെന്ന് വ്യക്തമാക്കുന്നത്. ജേർണൽ ഓഫ് അൽഷിമേഴ്സ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ തരം അൽഷിമേഴ്സ് രോഗമാണ്. ഏകദേശം 6.7 ദശലക്ഷം അമേരിക്കക്കാർക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് അവിടുത്തെ അൽഷിമേഴ്സ് അസോസിയേഷൻ പറയുന്നു. അമേരിക്കയിൽ ആളുകൾ മരണപ്പെടുന്നതിന്റെ കാരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് അൽഷിമേഴ്സിനുള്ളത്.
2000 നും 2019 നും ഇടയിൽ സ്ട്രോക്ക്, ഹൃദ്രോഗം, എച്ച്ഐവി എന്നിവ കാരണമുള്ള മരണങ്ങൾ അമേരിക്കയിൽ കുറഞ്ഞു. എന്നാൽ അൽഷിമേഴ്സ് മരണങ്ങൾ 145 ശതമാനത്തിലധികം വർദ്ധിച്ചു.
അൽഷിമേഴ്സ് ഒരു പുതിയകാല രോഗമാണ്, രോഗം ബാധിച്ച് കാലക്രമേണ ഇത് കൂടുതൽ വഷളാകുന്നു. സാധാരണയായി ഓർമ നഷ്ടത്തിൽ നിന്ന് ആരംഭിച്ച് ആത്യന്തികമായി മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനോ അല്ലെങ്കിൽ സ്വയം തിരിച്ചറിയുന്നതിനോ പരിസ്ഥിതിയോട് ഉചിതമായി പ്രതികരിക്കുന്നതിനോ കഴിയാതെയായി മാറുന്നു.
മാർക്കറ്റ്സ്കാൻ മെഡികെയർ സപ്ലിമെൻ്റൽ, ക്ലിൻഫോർമാറ്റിക്സ് എന്നീ രണ്ട് മെഡിക്കൽ ഡാറ്റാബേസുകളിൽനിന്ന് ദശലക്ഷക്കണക്കിന് രോഗികളുടെ ഡാറ്റ വിശകലനം ചെയ്താണ് അൽഷിമേഴ്സും വയാഗ്രയും തമ്മിലുള്ള ബന്ധം പരിശോധിച്ചത്. മാർക്കറ്റ്സ്കാൻ ഡാറ്റാബേസിൽ, വയാഗ്ര ഉപയോഗിക്കുന്നവരിൽ അൽഷിമേഴ്സിൻ്റെ കുറവ് 54% ആയിരുന്നു. ക്ലിൻഫോർമാറ്റിക്സ് ഡാറ്റാബേസിൽ ഇത് 30% ആയിരുന്നു.
സിൽഡെനാഫിൽ ഉപയോഗിക്കുന്നവരിലാണ് അൽഷിമേഴ്സ് സാധ്യത കുറവെന്ന് മനസിലാക്കിയ ഗവേഷകർ ഇതേക്കുറിച്ച് കൂടുതൽ വിശദമായ ഗവേഷണം നടത്തി. അൽഷിമേഴ്സ് രോഗികളിൽ നിന്നുള്ള മസ്തിഷ്ക കോശങ്ങളുമായി പ്രവർത്തിക്കുമ്പോൾ, സിൽഡെനാഫിൽ ന്യൂറോടോക്സിക് ടൗ പ്രോട്ടീനുകളുടെ അളവ് കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി. അൽഷിമേഴ്സ് രോഗം രൂക്ഷമാകുമ്പോൾ ഇത്തരം പ്രോട്ടീനുകൾ തലച്ചോറിൽ അടിഞ്ഞു കൂടുന്നു. വർഷങ്ങളോളം, ഈ ടൗ പ്രോട്ടീനുകൾ അമിലോയിഡ് ഫലകങ്ങളോടൊപ്പം അൽഷിമേഴ്സിൻ്റെ കാരണമായി കണക്കാക്കുന്നു.
സിൽഡെനാഫിൽ ന്യൂറോണുകളുമായി പ്രവർത്തിക്കുമ്പോൾ മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുന്നതായും, കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതായും ഗവേഷകർ മനസിലാക്കി. കൂടാതെ അൽഷിമേഴ്സ് രോഗികളിലെ കോഗ്നിറ്റീവ് ഡീജനറേഷനുമായി ബന്ധപ്പെട്ട വീക്കം, ഉപാപചയ പ്രക്രിയകൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തി.