നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളും ധാതുക്കളും നൽകുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോയെന്ന സംശയം പലർക്കുമുണ്ട്.
ഇപ്പോഴിതാ പുതിയ പഠനം പറയുന്നത് മിതമായ അളവിൽ മുട്ട കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്നാണ്. നോർത്ത് കരോലനിയിലെ ഡൂക്ക് ക്ലിനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ നൈന നൂഹ്രാവേഷാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. നിയന്ത്രിതമായ അളവിൽ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യപ്രശ്നമുണ്ടാക്കുന്നില്ലെന്ന് നാല് മാസത്തോളം നീണ്ട പഠനത്തിൽ വ്യക്തമായെന്ന് ഡോ. നൈന പറയുന്നു.
ആഴ്ചയിൽ 12 മുട്ട കഴിക്കുന്നത് ഹൃദയത്തിന് പ്രശ്നമുണ്ടാക്കില്ലെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ട്. പഠന റിപ്പോർട്ട് ഏപ്രിൽ ആറിന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സയൻസ് സെഷനിൽ അവതരിപ്പിക്കും. അമ്പത് വയസോ അതിന് മുകളിലോ പ്രായമുള്ള ഹൃദ്രോഗികളായ 140 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ ശരാശരി പ്രായം 66 വയസായിരുന്നു. പഠനവിധേയമാക്കിയവരിൽ പകുതിയോളം പേർ സ്ത്രീകളായിരുന്നു. ഇതിൽ നാലിലൊന്ന് പേർ പ്രമേഹരോഗികളാണെന്ന പ്രത്യേകതയുമുണ്ട്. ഇവർ ആഴ്ചയിൽ 12 മുട്ട കഴിക്കുമ്പോൾ ഹൃദയാരോഗ്യത്തിന് വരുന്ന മാറ്റങ്ങളാണ് പ്രധാനമായും ഗവേഷകർ നിരീക്ഷിച്ചത്.
മുട്ടയിൽ കുറഞ്ഞ അളവിൽ പൂരിത കൊഴുപ്പും അയഡിൻ, വിറ്റാമിൻ ഡി, സെലെനിയം, വിറ്റാമിൻ ബി2, വിറ്റാമിൻ ബി5,വിറ്റാമിൻ ബി12, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നാല് മാസത്തോളം ആഴ്ചയിൽ 12 മുട്ട കഴിച്ചതുകൊണ്ട് ഹൃദയാരോഗ്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് വിവിധ ക്ലിനിക്കൽ പരിശോധനകൾ തെളിയിച്ചതായി ഗവേഷകർ പറയുന്നു.
ആഴ്ചയിൽ ഒരു മുട്ട പോലും കഴിക്കാത്തവരുടേത് പോലെയാണ് 12 മുട്ട കഴിച്ചവരുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവെന്നും വ്യക്തമായി. കൂടാതെ 12 മുട്ട കഴിച്ചവരുടെ മൊത്തം കൊളസ്ട്രോൾ, ഇൻസുലിൻ പ്രതിരോധം, ട്രോപോനിൻ(ഹൃദയപേശികളുടെ നാശം സൂചിപ്പിക്കുന്ന പ്രോട്ടീൻ) എന്നിവ കുറയുന്നതായും പരിശോധനയിൽ കണ്ടെത്തി. ആഴ്ചയിൽ 12 മുട്ട കഴിച്ചവരുടെ ശരീരത്തിലെ വിറ്റാമിൻ ബിയുടെ അളവ് കൂടിയതായും പഠനത്തിൽ തെളിഞ്ഞു.
അതുകൊണ്ട് തന്നെ നിയന്ത്രിതമായ അളവിൽ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന നിഗമനത്തിലാണ് പഠനസംഘം എത്തിയത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ സൂചന നൽകി. അതുപോലെ ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവർ സ്ഥിരമായി മുട്ട കഴിക്കുന്നതിന് മുമ്പ് അവരുടെ ഡോക്ടർമാരിൽനിന്ന് ഉപദേശം തേടണമെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.