കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം; മല്ലിയിലയുടെ പ്രത്യേകതകൾ

കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പ്രതിരോധശേഷി ഇല്ലാത്തത് കുട്ടികളിൽ ആരോഗ്യം മോശമാകാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാണ്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ കുട്ടികളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകും. ഇവിടെയിതാ, ഏറെ പോഷകഗുണങ്ങളുള്ള മല്ലിയില കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

പ്രോട്ടീനുകളും ഭക്ഷണ നാരുകളും ഉൾപ്പടെ ധാരാളം പോഷകഗുണങ്ങൾ മല്ലിയിലയ്ക്ക് ഉണ്ട്. കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണെന്നതാണ് മല്ലിയിലയുടെ മറ്റൊരു പ്രത്യേകത. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാല്‍സ്യം, മഗ്നീഷ്യം, അയൺ, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മല്ലിയിലയിൽ ഉണ്ട്. ഇതിനുപുറമെ കരോട്ടിനോയിഡുകള്‍, ഫ്ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളും മല്ലിയിലയിലുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളിൽനിന്ന് സംരക്ഷണം നൽകാനും ഈ ആൻറി ഓക്സിഡന്‍റുകൾക്ക് കഴിയും.

മല്ലിയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, കരോട്ടിനോയിഡുകള്‍ എന്നിവ കണ്ണുകളുടെയും ചർമ്മത്തിന്‍റെയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എല്ലാദിവസവും മല്ലിയില ഉപയോഗിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും. അതായത് പ്രായമാകലുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (ARMD) വൈകിപ്പിക്കാനും കണ്‍ജങ്ക്റ്റിവിറ്റിസ് സുഖപ്പെടുത്താനും മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മല്ലിയിലയില്‍ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നീ ജീവകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മല്ലിയിലയിലെ നാരുകളും പ്രോട്ടീനുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മല്ലിയില പതിവായി കഴിക്കുന്നത് എല്‍ഡിഎല്‍ (മോശം) കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്‌ഡിഎല്‍ (നല്ല) കൊളസ്ട്രോള്‍ മെച്ചപ്പെടുത്താനും സഹായിക്കും.