ഹൃദയാഘാതം മൂലം മരണമടയുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടിവരികയാണ്. ചെറുപ്പക്കാർ കൂടുതലായി ഹൃദയാഘാതത്തിന് ഇരയാകുന്ന സാഹചര്യവുമുണ്ട്. പുകവലി, മദ്യപാനം, സമ്മർദ്ദം എന്നിവയൊക്കെ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഹൃദയാഘാത സാധ്യതയെക്കുറിച്ച് മുൻകൂട്ടി മനസിലാക്കിയാൽ ആവശ്യമായ മുൻകരുതൽ എടുക്കാനും ചികിത്സ തേടാനും സാധിക്കും. അതുകൊണ്ടുതന്നെയാണ് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന പോർട്ടബിൾ ഇസിജി സംവിധാനത്തിന്റെ പ്രസക്തി കൂടിവരുന്നത്. ഹൃദയത്തിന്റെ പ്രവർത്തനത്തിനുണ്ടാകുന്ന അസ്വാഭാവികതയെക്കുറിച്ച് ഈ ഉപകരണം മുന്നറിയിപ്പ് നൽകും.
സാധാരണഗതിയിൽ ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സംഭവിക്കുമ്പോൾ ചില ലക്ഷണങ്ങൾ ശരീരം കാണിക്കാറുണ്ട്. നെഞ്ച് വേദന, ശ്വാസതടസം, ക്ഷീണം, നടക്കാനും സ്റ്റെപ്പുകൾ കയറാനുമുള്ള ബുദ്ധിമുട്ട്, ഓർക്കാനം, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവയൊക്കെ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. സാധാരണഗതിയിൽ ആശുപത്രിയിൽ എത്തിച്ചാൽ ഇസിജിയിലൂടെയാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിലെ വ്യതിയാനം പ്രാഥമികമായി പരിശോധിക്കുന്നത്.
ഹൃദയാഘാതം സംഭവിക്കുന്ന സാഹചര്യത്തിൽ ആദ്യത്തെ ഒരു മണിക്കൂർ വളരെ പ്രധാനമാണ്. ഈ ഘട്ടത്തിൽ വൈദ്യസഹായം ലഭിക്കാനായാൽ രോഗിക്ക് ഹാർട്ട് അറ്റാക്കിനെ അതിജീവിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.
Also Read- ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ അത്താഴത്തിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
ഈ ഘട്ടത്തിലാണ് പോർട്ടബിൾ ഇസിജി ഉപകരണത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം വളരെ കൃത്യതയോടെയും വിശദമായും വിലയിരുത്തുന്ന പോർട്ടബിൾ ഇസിജി ഡിവൈസുകൾ ഇന്ന് ലഭ്യമാണ്. സ്മാർട്ട് ഫോണിലെ ആപ്പുമായി ബന്ധിപ്പിച്ചാണ് ഇത്തരം ഉപകരണം പ്രവർത്തിക്കുന്നത്. പോർട്ടബിൾ ഇസിജി വഴിയുള്ള പരിശോധന ഫലം സ്മാർട്ട് ഫോണിലെ ആപ്പിന് ലഭ്യമാക്കുകയും, അത് അതിവേഗം തന്നെ ഡോക്ടർക്ക് പരിശോധിക്കാനും ആവശ്യമായ ചികിത്സ നിർദേശിക്കാനും സഹായിക്കും.
ഇക്കാലത്ത് നിരവധി ബ്രാൻഡുകളിലുള്ള പോക്കറ്റ് ഇസിജി ഡിവൈസുകൾ വിപണിയിലും ഓൺലൈനിലും ലഭ്യമാണ്. വളരെ ചെലവ് കുറഞ്ഞതും കൂടുതൽ കൃത്യതയോടെ പരിശോധന ഫലം ലഭ്യമാക്കുന്നതുമാണ് ഇത്തരം ഉപകരണങ്ങൾ. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം ഡോക്ടർക്ക് വിലയിരുത്താനും അതിവേഗം തന്നെ ആവശ്യമായ ചികിത്സ നിർദേശിക്കാനും ഇത് സഹായിക്കും.