മഴക്കാലത്ത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. പ്രത്യേകിച്ച് ചെവി, മൂക്ക്, തൊണ്ട എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ. മഴ നനയുന്നതുമൂലം ജലദോഷം, പനി, ചുമ, സൈനസൈറ്റിസ്, ചെവിയിലുണ്ടാകുന്ന അണുബാധ, ചെവിവേദന, തൊണ്ടയിലെ അണുബാധ, ടോൺസിലൈറ്റിസ് എന്നീ പ്രശ്നങ്ങൾ കുട്ടികളിൽ ഈ സമയത്ത് കണ്ടുവരുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായാൽ ഇഎൻടി ഡോക്ടറുടെ സേവനം ആവശ്യമായി വരും. ഇവിടെയിതാ, മഴക്കാലത്ത് കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ ചില മാർഗങ്ങൾ നിർദേശിക്കുന്നു.
- ചെവിയിൽ വെള്ളം കയറാതെ സൂക്ഷിക്കുക
മഴ നനയുകയോ കുളിക്കുകയോ ചെയ്താൽ ചെവിയിൽ വെള്ളം കയറുകയും ഫംഗസ് അണുബാധ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലായിരിക്കും. ഇത് ഒഴിവാക്കാൻ ചെവിയിൽ വെള്ളം കയറുന്നത് ഒഴിവാക്കുക. ചെവിയിലെ ഈർപ്പം തടയുന്നതിന് മൃദുവായ ടവ്വൽ ഉപയോഗിച്ച് കുട്ടിയുടെ ചെവി ഉണക്കി സൂക്ഷിക്കുക.
- മലിനമായ വെള്ളത്തിൽ കുളിക്കരുത്
മഴക്കാലത്ത് ജലാശയങ്ങൾ വളരെ വേഗം മലിനമാകാൻ സാധ്യത കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ കുളങ്ങളിലോ തടാകങ്ങളിലോ അരുവികളിലോ കുളിക്കുന്നതും നീന്തുന്നതും നിരുത്സാഹപ്പെടുത്തുക. കാരണം ചെവിയിലും തൊണ്ടയിലും അണുബാധയ്ക്ക് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം അത്തരം ജലാശയങ്ങളിൽ കൂടുതലായിരിക്കും.
- മൂക്കിലെ ശുചിത്വം
അലർജി, മലിനീകരണം, അണുക്കൾ എന്നിവ നീക്കം ചെയ്യുന്നതിനും സൈനസൈറ്റിസ്, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിനും ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്കിൻ്റെ ഭാഗങ്ങൾ കഴുകാൻ കുട്ടികളെ ശീലിപ്പിക്കണം.
Also Read- മഴക്കാലമെത്തി; അലർജിയെ ചെറുക്കുന്ന 5 ഭക്ഷണങ്ങൾ ഇതാ
- പ്രതിരോധശേഷി വർധിപ്പിക്കുക
കുട്ടിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ഉറപ്പാക്കുക, മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന അണുബാധകളെ ചെറുക്കാൻ അവരെ സഹായിക്കുന്നു.
- കൊതുക് നിർമാർജനം
കൊതുകിനെ അകറ്റുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണം. കൊതുകുകടി ഏൽക്കാതിരിക്കുന്ന തരത്തിലുള്ള സംരക്ഷണ വസ്ത്രം ധരിക്കുന്നുവെന്ന് ഉറപ്പാക്കുക, പ്രത്യേകിച്ച് സന്ധ്യാസമയത്ത്, കൊതുക് കടിയേൽക്കുന്നത് ചെവിക്ക് സമീപം അണുബാധകൾക്കും അലർജി പ്രതിപ്രവർത്തനങ്ങൾക്കും ഇടയാക്കും.
- കനത്ത മഴയുള്ളപ്പോൾ വീട്ടിൽ തന്നെ തുടരുക
വായുവിലൂടെ പകരുന്ന രോഗാണുക്കൾക്കും മലിനീകരണത്തിനും വിധേയമാകുന്നത് കുറയ്ക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും ജലജന്യ രോഗങ്ങൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നതിനും കനത്ത മഴക്കാലത്ത് കളിക്കാനും മറ്റും കുട്ടികൾ വീടിന് പുറത്തേക്ക് പോകുന്ന് ഒഴിവാക്കുക.
7. ആവി പിടിക്കുന്നതും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതും പ്രധാനം
മഴക്കാലത്ത് ജലദോഷം, പനി പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ തുടക്കത്തിൽ തന്നെ ദിവസം മൂന്നോ നാലോ തവണ ആവി പിടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതും ഭക്ഷണം ചൂടോടെ കഴിക്കുന്നതും ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ്.