താരന് 5 കാരണങ്ങൾ; ഫലപ്രദമായ ചികിത്സ അറിയാം

തലയോട്ടിയിൽ ചൊറിച്ചിലും വീക്കവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നമാണ് താരൻ. ഇത് മുടിയിൽ വെളുത്ത അടരുകളായി പൊടിപടലമായി കാണപ്പെടും. വൈദ്യശാസ്ത്രപരമായി താരൻ ഗുരുതരമല്ലെങ്കിലും അത് മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളും മുടിയുടെ അനാരോഗ്യവും ചിലരിലെങ്കിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ലോകത്ത് ഓരോ അഞ്ചിൽ ഒരാൾക്കും താരൻ സംബന്ധിയായ പ്രശ്നങ്ങളുണ്ട്. മൃദുവായ ഷാംപൂ ഉപയോഗിച്ചാൽ താരൻ നിയന്ത്രിക്കാനാകും. എന്നാലും പൂർണമായും ഭേദമാക്കാനാകില്ല. താരൻ പ്രശ്നങ്ങൾ ഫലപ്രദമായി ചികിത്സിക്കാൻ അത് ഉണ്ടാകുന്നതിനുള്ള കാരണം എന്തൊക്കെയെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. താരൻ ഉണ്ടാകാനുള്ള 5 കാരണങ്ങൾ ചുവടെ…

1. എണ്ണമയമുള്ള ചർമ്മം

വരണ്ട തലയോട്ടിയുള്ള ആളുകൾക്ക് മാത്രമേ താരൻ ഉണ്ടാകൂ എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ അത് മാത്രമല്ല പ്രശ്നം. നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണയായ സെബത്തിന്റെ ഉൽപ്പാദനം വർധിച്ചതാണ് എണ്ണമയമുള്ള തലയോട്ടിക്ക് കാരണമാകുന്നത്. ഇത് തലയോട്ടിയിൽ സെബോറിക് ഡെർമറ്റൈറ്റിസ് പോലുള്ള അമിതമായി താരൻ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥകളിലേക്ക് നയിച്ചേക്കാം. 

ചികിത്സ- ചില മൃദുവായ ഷാംപൂവാണ് പ്രാഥമികമായി നൽകുന്ന ചികിത്സ. ഇത് ഫലപ്രദമല്ലെങ്കിൽ താരൻ നിയന്ത്രിക്കുന്ന ചില ലേപനങ്ങളും ക്രീമുകളുമാണ് ഡെർമറ്റോളജിസ്റ്റ് നിർദേശിക്കുന്നത്. ഇതും ഫലപ്രദമല്ലെങ്കിൽ ആന്‍റീ ഫംഗൽ വിഭാഗത്തിലുള്ള ഗുളികകളാണ് ഡോക്ടർ നിർദേശിക്കുന്നത്. 

2. ഷാംപൂവിന്‍റെ ഉപയോഗം

ഷാംപൂ ഉപയോഗിച്ചാൽ താരൻ കൂടുതൽ വഷളാകുമെന്ന് ചിലർ കരുതുന്നു, പക്ഷേ അത് ശരിയല്ല. ആവശ്യത്തിന് ഷാംപൂ ഉപയോഗിക്കാത്തത് നിങ്ങളുടെ താരൻ കൂടുതൽ വഷളാക്കും. ഇത് നിങ്ങളുടെ തലയോട്ടിയിൽ കൂടുതൽ എണ്ണയും മൃതമായചർമ്മവും ഉണ്ടാക്കുന്നു. അങ്ങനെ താരൻ വഷളാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മൃദുവായ ഷാംപൂ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. കെറ്റോകോണസോൾ, സെലിനിയം സൾഫൈഡ് അല്ലെങ്കിൽ സിങ്ക് എന്നിവ അടങ്ങിയ ഷാമ്പൂകളാണ് താരൻ ചികിത്സയിൽ ഏറ്റവും മികച്ചത്. മുടി സാധാരണയേക്കാൾ പൊട്ടുന്നുണ്ടെങ്കിൽ താരൻ കണ്ടീഷണറും ഉപയോഗിക്കാം.

3. യീസ്റ്റ് പോലെയുള്ള ഫംഗസ് (മലസീസിയ)

താരന്റെ പ്രധാന കാരണങ്ങളിലൊന്ന് മലസീസിയ എന്ന ഫംഗസാണ്. മിക്ക മുതിർന്നവരുടെയും തലയോട്ടിയിലാണ് ഈ ഫംഗസ് കാണപ്പെടുന്നത്. ഇത് തലയോട്ടിയിലെ എണ്ണ ഭക്ഷിക്കുകയും അതിനെ തകർക്കുകയും ഒലിക് ആസിഡ് അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഒലിക് ആസിഡിനോട് പലരുടെയും ചർമ്മം സെൻസിറ്റീവായാണ് പ്രവർത്തിക്കുന്നത്. ചർമ്മകോശങ്ങൾ പുതുക്കുന്നതിന്റെ വേഗത വർദ്ധിപ്പിച്ചുകൊണ്ട് ശരീരം ഈ ആസിഡിനോട് പ്രതികരിക്കുന്നു. ഇത് കൂടുതലായി താരൻ ഉണ്ടാക്കാൻ ഇടയാക്കുന്നു. അതിനാലാണ് താരൻ ചികിത്സിക്കുന്നതിന് ഷാംപൂവും കണ്ടീഷണറും വളരെ ഉപയോഗപ്രദമാകുന്നത്. 

4. വരണ്ട ചർമ്മം 

വരണ്ട ചർമ്മമുള്ളവർക്ക് തലയോട്ടിയിലും അതേ പ്രശ്നം അനുഭവപ്പെടാം. ഇത് താരൻ കൂടുതലായി ഉണ്ടാകാൻ ഇടയാക്കും. പ്രത്യേകിച്ചും ചൂടുകാലത്ത് വരണ്ട ചർമ്മമുള്ളവരിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. താരന് കാരണമാകുന്ന വരണ്ട ശിരോചർമ്മത്തിന് ചികിത്സ നൽകുകയാണ് ചെയ്യേണ്ടത്. മോയ്സ്ചറൈസ് ക്രീമുകൾ ഹെയർ മാസ്ക്കുകളോ ആണ് ഇതിന് ഫലപ്രദമായ മാർഗം. ഇത് ഉപയോഗിച്ചാൽ തലയോട്ടിയിൽ ഈർപ്പം വർദ്ധിപ്പിക്കാനാകും. എന്നിരുന്നാലും ഒരു നല്ല ഡെർമിറ്റോളജിസ്റ്റിന്‍റെ നിർദേശം അനുസരിച്ച് വേണം അനുയോജ്യമായ ഹെയർമാസ്ക്കുകളോ മോയിസ്ചറൈസ് ക്രീമുകളോ തെരഞ്ഞെടുക്കേണ്ടത്. 

5. ഹെയർ കെയർ ഉൽപ്പന്നങ്ങൾ

ചിലരിലെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന ഹെയർ കെയർ ഉൽപന്നങ്ങൾ താരൻ ഉണ്ടാക്കാൻ ഇടയാക്കും. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ സ്കിൻ അലർജി ഉണ്ടാകുന്നതുപോലെ തന്നെ തലയോട്ടിയിലും ഇത് ഉണ്ടാകാം. തലയോട്ടിക്ക് ഏതെങ്കിലും ഹെയർ കെയർ ഉൽപ്പന്നത്തോട് അലർജി ഉണ്ടെങ്കിൽ, തലയോട്ടിയിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് ഉണ്ടാകാം. നേരിട്ടുള്ള സമ്പർക്കത്തോടുള്ള ചർമ്മത്തിന്റെ പ്രതികരണമാണ് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, ഇത് താരനിലേക്ക് നയിച്ചേക്കാം. ചില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ തലയോട്ടിയിൽ അസ്വസ്ഥതയോ വേദനയോ ഉണ്ടാകുന്നതായി നിങ്ങൾ ശ്രദ്ധിച്ചാൽ ഉടനടി തന്നെ ആ ഉൽപന്നം ഉപയോഗിക്കുന്നത് നിർത്തണം. 

Also Read: ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട 6 കാര്യങ്ങൾ

(അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ ഉൾപ്പടെ നടത്തിയ പഠനങ്ങളുടെയും വിദഗ്ദരുടെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. താരൻ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ നല്ലൊരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടുക)