മുടിയുടെ ആരോഗ്യത്തിന് മുടി ചീകേണ്ടത് എങ്ങനെയെന്നറിയാം

കേശസംരക്ഷണത്തിൽ ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് ഹെയർ ബ്രഷുകൾ. മുടിയുടെ വളർച്ചക്ക് ദിവസവും മുടി ചീകേണ്ടത് അത്യാവശ്യമാണ്. മുടി ഭംഗിയാക്കി നിർത്തുന്നതിനൊപ്പം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഹെയർ ബ്രഷുകൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ശരിയായ രീതിയിൽ ചീകിയില്ലെങ്കിൽ മുടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

മുടി ചീകുന്നതിന്റെ ഗുണങ്ങൾ

മുടി ആരോഗ്യകരവും തിളക്കമുള്ളതുമായി നിലനിർത്താൻ ചീകിയൊതുക്കേണ്ടത് വളരെ പ്രധാനമാണ്. പതിവായി മുടി ചീകുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

ശരിയായ രീതിയിൽ മുടി ചീകുന്നത് തലയോട്ടിയിലെ കാപ്പിലറികളെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വേരുകളിലേക്ക് കൂടുതൽ പോഷകങ്ങൾ എത്താൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മുടി ചീകുന്നത് സഹായിക്കുന്നു. ദിവസത്തിൽ രണ്ടുതവണ മുടി ചീകുന്നതിലൂടെ, തലയോട്ടിയിൽ നിന്ന് മൃതകോശങ്ങൾ നീക്കം ചെയ്യപ്പെടും. ഫോളിക്കിളുകളിൽ നിന്ന് പുതിയ മുടി വളരാൻ ഇടം സൃഷ്ടിക്കുന്നതോടൊപ്പം താരം പോലുള്ള ചർമ്മപ്രശ്നങ്ങൾക്കും ഇത് പരിഹാരമാകും. തലയോട്ടിക്കും മുടിക്കും ആരോഗ്യം നൽകാൻ മുടി ചീകുന്നത് സഹായിക്കും.

മുടി ചീകുന്നത് സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും മുടിയിഴകളിൽ ആവശ്യത്തിന് എണ്ണമയം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. ഈ പ്രക്രിയ മുടിയെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.

Also Read: താരന് 5 കാരണങ്ങൾ; ഫലപ്രദമായ ചികിത്സ അറിയാം

ശരിയായ രീതിയിൽ മുടി ചീകേണ്ടതെങ്ങനെ?

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി ചീകുന്നത് ശരിയായ രീതിയിലായിരിക്കണം.

  1. പലതരം ബ്രഷുകൾ ലഭ്യമാണ്. നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ബ്രഷ് വേണം തിരഞ്ഞെടുക്കേണ്ടത്.
  2. നനഞ്ഞ മുടി ചീകുന്നതിന് മുൻപ് ചെറുതായി ഉണക്കിയിട്ട് വേണം ചീകാൻ.
  3. വരണ്ട മുടിയാണെങ്കിൽ കണ്ടീഷണറോ സിറമോ പുരട്ടിയ ശേഷം മുടി ചീകുന്നതായിരിക്കും ഉത്തമം.
  4. ആദ്യം മുടിയുടെ തുമ്പ് ചീകിയൊതുക്കണം. പിന്നീട് നടുഭാഗവും. ഏറ്റവുമൊടുവിൽ വേണം തലയോട്ടിയിൽ ചീകേണ്ടത്. ഇങ്ങനെ ചെയ്യുന്നത് മുടി പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും.
  5. കട്ടിയുള്ള മുടിയാണെങ്കിൽ പല ഭാഗങ്ങളായി വിഭജിച്ച ശേഷം വേണം മുടി ചീകേണ്ടത്.
  6. കുരുങ്ങിക്കിടക്കുന്ന മുടികൾ ചീപ്പുപയോഗിച്ച് ബലമായി ചീകാതെ കൈകൾ കൊണ്ട് പതുക്കെ കുരുക്കഴിച്ച ശേഷം വേണം മുടി ചീകേണ്ടത്.

Content Summary: What is the right way to comb your hair for hair growth?