മുടികൊഴിച്ചിൽ ഇക്കാലത്ത് വലിയതോതിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. സ്ത്രീ-പുരുഷ ഭേദമന്യേ മുടികൊഴിച്ചിൽ കണ്ടുവരുന്നുണ്ട്. മുടികൊഴിച്ചിൽ സാധാരണ ശൈത്യകാലത്ത് ചിലരിലെങ്കിലും കൂടുതലായി കാണാറുണ്ട്. ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ സ്വീകരിക്കേണ്ട 6 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
1. ചൂടുവെള്ളത്തിൽ മുടി കഴുകരുത്
തണുപ്പ് കാലമായതോടെ പലരും കുളിക്കുന്നത് ചൂടുവെള്ളം ഉപയോഗിച്ചായിരിക്കും. എന്നാൽ ചൂടുവെള്ളത്തിൽ തലമുടി കഴുകുന്നത് അത്ര നല്ല കാര്യമല്ല. ചൂടുവെള്ളം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകിയാൽ അത് നന്നായി ഉണങ്ങുകയും കൂടുതൽ വരണ്ടതാക്കുകയും ചെയ്യും. അതിനാൽ തലമുടി കഴുകാൻ സാധാരണ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
2. മുടി ചീകുമ്പോൾ കരുതൽ വേണം
ചീപ്പ് ഉപയോഗിച്ച് മുടി ചീകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കാരണവശാലും നനഞ്ഞ മുടി ചീകാൻ പാടില്ല. ചീപ്പിൽ അമിത ബലം പ്രയോഗിച്ച് മുടി ചീകുന്നതും ഒഴിവാക്കണം. അതുപോലെ തന്നെ ഹെയർ കെയർ ഉൽപന്നങ്ങൾ ഉപയോഗിച്ച ഉടൻ മുടി ചീകുന്നതും അത്ര നല്ലതല്ല.
3. രാസവസ്തുക്കൾ ഉപയോഗിക്കരുത്
ശൈത്യകാലത്ത് മുടി സ്‌ട്രൈറ്റനിംഗ്, സ്മൂത്തനിംഗ്, കെരാറ്റിൻ ട്രീറ്റ്‌മെന്റുകൾ എന്നിവ പൂർണമായും ഒഴിവാക്കുക. ഈ ചികിത്സകൾക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശൈത്യകാലത്ത് വിപരീതഫലം ചെയ്യും. മുടിക്ക് വരൾച്ച, പൊട്ടൽ, അറ്റം പിളരുക, മുടികൊഴിച്ചിൽ എന്നിവപോലും പാർശ്വഫലങ്ങൾക്ക് ഇത് കാരണമാകും. ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ സ്ഥിരമായി ഉപയോഗിച്ചാൽ ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാകും.
4. വെളിച്ചെണ്ണയാണ് നല്ലത്
ശൈത്യകാലത്ത് മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണയാണ് ഏറ്റവും ഉത്തമം. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഓയിൽ മസാജ് വേരുകൾ, മുടി, തലയോട്ടി എന്നിവയിൽ ജലാംശം നൽകി രോമകൂപങ്ങളെ മെച്ചപ്പെടുത്തുകയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ടു തവണയെങ്കിലും എണ്ണ തേച്ചുപിടിപ്പിച്ചശേഷം അത് കഴുകി കളയുന്നത് താരൻ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
5. ഉത്തമം മോയ്സ്ചറൈസിംഗ് ഷാംപൂ
ശൈത്യകാലത്ത് മുടിയുടെ ആരോഗ്യം നിലനിർത്താൻ, അനുയോജ്യമായ ഷാംപൂവും കണ്ടീഷണറും തിരഞ്ഞെടുക്കേണ്ടതുണ്ട്. സൾഫേറ്റുകൾ, പാരബെൻസ് അല്ലെങ്കിൽ ഫോർമാൽഡിഹൈഡ് എന്നിവ അടങ്ങിയിട്ടുള്ളവയെക്കാൾ ജലാംശം നൽകുന്ന ഹെയർ കെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, ശൈത്യകാലത്ത് തലമുടി വരണ്ടുണങ്ങുന്നത് തടയാൻ ഇത് സഹായിക്കും. ആഴ്ചയിൽ രണ്ടുതവണയോ എണ്ണമയമുള്ളതാണെങ്കിൽ ആഴ്ചയിൽ മൂന്ന് തവണയോ മുടി എണ്ണതേച്ചുപിടിപ്പിച്ചശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.
6. ഒമേഗ-3 ഫാറ്റി ആസിഡ്
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ്, മുടിയുടെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. ഭക്ഷണത്തിൽ പതിവായി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായി വളരാനും ബലമുള്ള മുടി ലഭിക്കാനും സഹായിക്കും. പ്രധാനമായും മത്തി, അയല, ചൂര തുടങ്ങി നമ്മുടെ നാട്ടിൽ ലഭിക്കുന്ന മത്സ്യത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയൻ ആണെങ്കിൽ, ഫ്ലാക്സ് സീഡ്, ചിയ വിത്ത് എന്നിവ ഉപയോഗിച്ചാൽ, ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിന് ലഭിക്കും.