ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ അത്താഴത്തിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

കൊളസ്ട്രോൾ കൂടുതലാണോ? എങ്കിൽ ശ്രദ്ധിക്കണം. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ശരീരത്തിൽ ഉണ്ടാകുന്ന മെഴുക്-കൊഴുപ്പ് പദാർഥമാണ് കൊളസ്ട്രോൾ. ശരീരത്തിലെ പുതിയ കോശങ്ങളുടെ നിർമാണത്തിന് കൊളസ്ട്രോൾ അനിവാര്യമാണ്. എന്നാൽ ഇതിന്‍റെ അളവ് കൂടിയാൽ അത് ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്ട്രോളിൽ ഏറ്റവും അപകടകരം മോശം കൊളസ്ട്രോൾ അഥവാ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്ന് വിളിക്കുന്ന എൽഡിഎൽ ആണ്. എൽഡിഎൽ കുറയ്ക്കാൻ അത്താഴത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

  1. ട്രാൻസ് ഫാറ്റ് ഉപഭോഗം കുറയ്ക്കുക

പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം നിർബന്ധമായും രാത്രിയിൽ കഴിക്കരുത്. ഇങ്ങനെ ചെയ്താൽ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ കഴിയും. കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം എന്നിവയിൽ പൂരിത കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ രാത്രിയിൽ ചുവന്ന മാംസം, പാൽ ഉൽപന്നങ്ങൾ, സംസ്ക്കിച്ച ഭക്ഷണം, ബേക്കറി പലഹാരങ്ങ എന്നിവ ഒഴിവാക്കുക. ഇതിന് പകരം ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിന് കോഴി, മത്സ്യം, സസ്യാധിഷ്ഠിത പ്രോട്ടീനുകൾ എന്നിവ പോലുള്ള മെലിഞ്ഞ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ശീലമാക്കുക.

  1. വെജിറ്റേറിയൻ ഭക്ഷണം

രാത്രിയിൽ വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ രാത്രിഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.

Also Read- പഴങ്ങൾ കഴിച്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

  1. ഒമേഗ ത്രീ ഫാറ്റി ആസിഡ്

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണക്രമം. രാത്രി ഭക്ഷണത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മത്തി, അയല, ചൂര, ചിയ വിത്തുകൾ, വാൽനട്ട് എന്നീ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്. എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

  1. സംസ്ക്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം

സംസ്കരിച്ച ഭക്ഷണങ്ങളും അധിക പഞ്ചസാരയും കൊളസ്ട്രോളിൻ്റെ അളവിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും മോശമാക്കും. അത്താഴത്തിന് തയ്യാറെടുക്കുമ്പോൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, ഉയർന്ന പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇത് ചീത്ത കൊളസ്ട്രോളിനെ നല്ല രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കും.

  1. അത്താഴത്തിന് ശേഷമുള്ള നടത്തം

ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കണം. രാത്രി ഭക്ഷണം കഴിച്ചശേഷം ചെറിയ ഒരു നടത്തം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് ഭക്ഷണം നന്നായി ദഹിക്കാനും, ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും.

Disclaimer: പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ലേഖനമാണിത്. ഒരുകാരണവശാലും ഇത് ഒരു മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറെ കണ്ട് ഉപദേശങ്ങൾ തേടണം