ഏറെ പോഷകഗുണങ്ങളുള്ള ഒരു പാനീയമാണ് പാൽ. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള പാൽ ഒരു സമീകൃതാഹാരമാണ്. ആയുർവേദ വിധിപ്രകാരം ഭക്ഷണപാനീയങ്ങളെ അവയുടെ അന്തർലീനമായ ഗുണങ്ങളെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നു. ഇതിൽ പാൽ സാത്വിക വിഭാഗത്തിൽ പെടുന്നു, അതിന്റെ പരിശുദ്ധി, പോഷക സ്വഭാവം, ശരീരത്തിലെ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ടതാണ് പാൽ. പാലിൽ ധാരാളം കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. പാൽ എപ്പോഴാണ് കുടിക്കേണ്ടത്?
ആയുർവേദം അനുസരിച്ച്, ഭക്ഷണത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി അത് കഴിക്കുന്നതിന് പ്രത്യേക സമയങ്ങളും നിഷ്കർഷിക്കുന്നുണ്ട്. പാൽ എപ്പോൾ കുടിക്കുന്നതാണ് നല്ലതെന്നും, വ്യത്യസ്ത സമയങ്ങളിൽ പാൽ കുടിക്കുമ്പോൾ അത് ശരീരത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും ആയുർവേദം വിശദീകരിക്കുന്നുണ്ട്.
രാവിലെ പാൽ കുടിച്ചാൽ
പാൽ രാവിലെ കുടിച്ചാൽ ഊർജ്ജം വർദ്ധിപ്പിക്കുകയും, പോഷണം നൽകുകയും ചെയ്യുന്നു. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പാൽ രാവിലെ കുടിക്കുന്നതാണ് നല്ലത്. എന്നാൽ ചിലർക്ക് രാവിലെ പാൽ കുടിച്ചാൽ ക്ഷീണമോ, അലസതയോ, അസിഡിറ്റിയോ ഉണ്ടാക്കിയേക്കാം. അത്തരക്കാർ രാവിലെ പാൽ കുടിക്കാതിരിക്കുന്നതാണ് നല്ലത്.
Also Read: പാൽ കുടിച്ചാൽ കൊളസ്ട്രോളും ഹൃദ്രോഗവും കൂടുമോ?
പാൽ ഉച്ചയ്ക്ക് കുടിച്ചാൽ
ഉച്ചസമയത്ത് പാൽ കുടിക്കുന്നത് ശരീരത്തിന് കൂടുതൽ കരുത്തേകുകയും വിശപ്പ് പരിഹരിക്കുകയും ചെയ്യും. കൂടാതെ മൂത്രമൊഴിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, വൃക്കയിലെ കല്ലുകൾ എന്നീ പ്രശ്നങ്ങൾക്ക് പരിഹാര മാർഗവുമാണ്. ഉച്ചസമയത്ത് പാൽ കുടിക്കുന്നത് കുട്ടികൾക്ക് നല്ലതാണ്.
രാത്രിയിൽ പാൽ കുടിച്ചാൽ: രാത്രിയിൽ പാൽ കുടിക്കുന്നത് ആയുർവേദം അനുസരിച്ച് ശരീരത്തിന്റെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ സന്തുലിതമാക്കാൻ സഹായിക്കും. ഉറക്കസമയത്തിന് 30 മിനിറ്റ് മുമ്പെങ്കിലും പാൽ കുടിക്കണം. രാത്രി ഭക്ഷണത്തിനും പാൽ കുടിക്കുന്നതിന് ഇടയിൽ മതിയായ ഇടവേള ഉണ്ടായിരിക്കണം.
Also Read: രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണോ?
ആയുർവേദ വിധിപ്രകാരം തണുത്ത പാൽ ആരോഗ്യത്തിന് നല്ലതല്ല. പാൽ ചൂടോടെ കുടിക്കുന്നതാണ് നല്ലത്. പനി, ദഹനക്കേട്, ചുമ, ശരീരത്തിലെ കഫദോഷം, വയറിളക്കം, ചില ത്വക്ക് രോഗങ്ങൾ, കുടൽ വിരകൾ എന്നിവ ഉണ്ടാകുമ്പോൾ ആളുകൾ പാൽ കുടിക്കുന്നത് ഒഴിവാക്കണം. മധുരം ചേർക്കാതെ വേണം പാൽ കുടിക്കേണ്ടത്.
പാൽ ഉൾപ്പെടുത്തിയുള്ള മിൽക്ക് ഷേക്കുകൾ ആരോഗ്യത്തിന് നല്ലതല്ലെന്ന് ആയുർവേദം പറയുന്നു. പുളിയുള്ള സിട്രസ് പഴങ്ങൾ ഒരിക്കലും പാലിനൊപ്പം കഴിക്കരുത്.
വെറുംവയറ്റിൽ പാൽ കുടിക്കുന്നതും നല്ലതല്ല.
പാലും ഉപ്പിട്ട ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കാൻ പാടില്ല.
അലോപ്പതി മരുന്നുകൾക്കൊപ്പം പാൽ കുടിക്കുന്നത് ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു.
Also Read: പിസിഒഎസ് ഉള്ളവർ പാൽ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ? വിദഗ്ദർ പറയുന്നത് കേൾക്കൂ