കേൾക്കുമ്പോൾ അൽപ്പം ഭ്രാന്തായി തോന്നുന്ന കാര്യമാണ്. ശൈത്യകാലത്ത് എല്ലാവർക്കും ചൂടുവെള്ളത്തിൽ കുളിക്കാനാണല്ലോ ഇഷ്ടം. എന്നാൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഒരുപാട് ഗുണം ചെയ്യും. പ്രത്യേകം ശ്രദ്ധിക്കുക,ഹൃദ്രോഗമുള്ളവർ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതല്ല. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണെന്ന് നോക്കാം.
പ്രതിരോധശേഷി വർധിക്കുന്നു
ശരീരത്തിലൂടെ തണുത്ത വെള്ളം ഒഴുകുന്നത് ലൂക്കോസൈറ്റിന്റെ ഉത്പാദനം കൂട്ടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രക്തകോശമാണ് ലൂക്കോസൈറ്റ്. അതിനാൽ, തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കും. ജലദോഷം, പനി തുടങ്ങിയ സാധാരണ രോഗങ്ങൾക്കുള്ള പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യും. തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഉണ്ടാകുന്ന വിറയൽ ഉപാപചയ പ്രവർത്തനങ്ങൾക്ക് ഗുണകരമാണ്.
രക്തചംക്രമണം വർദ്ധിപ്പിക്കുന്നു
തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ശരീരം ഊഷ്മാവ് തുലനം ചെയ്യാൻ ശ്രമിക്കുന്നു. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുന്നത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കും.
പേശികളെ ബലപ്പെടുത്തുന്നു
തണുത്ത വെള്ളം ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കും. ഇത് രക്തചംക്രമണം കൂട്ടുന്നു. പുതിയ ഓക്സിജൻ അടങ്ങിയ രക്തചംക്രമണം പേശികളുടെ ആരോഗ്യം വീണ്ടെടുക്കുന്നു.
മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നു
ഷാംപൂ ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുന്നത് മുടിക്ക് തിളക്കം നൽകും. തൊലിയുടെ സുഷിരങ്ങൾ അടക്കുന്നതാണ് മുടിയും ചർമ്മവും തിളങ്ങാൻ കാരണം.തണുത്ത വെള്ളത്തിൽ കുളിക്കുന്നതിലൂടെ മുടി വരളുന്നതും പൊട്ടുന്നതും ഒഴിവാക്കാം.
മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നു
തണുപ്പ് ശരീരത്തിലെ സന്തോഷകരമായ ഹോർമോണുകളുടെ ഉത്പ്പാദനം കൂട്ടുന്നു. ഇത് ശുഭാപ്തി വിശ്വാസം കൂട്ടുന്നു. വിഷാദരോഗം നേരിടുന്നവർക്ക് തലച്ചോറിന് ഉണർവേകാൻ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും.
ഉപാപചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു
നമ്മുടെ ശാരീരിക പ്രവത്തനങ്ങളെ മെച്ചപ്പെടുത്താൻ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. കലോറി കത്തിച്ചുകളയുന്ന ഒരുതരം കൊഴുപ്പിനെ ഉൽപ്പാദിപ്പിക്കാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ക്രമേണ അമിതവണ്ണം കുറയാൻ കാരണമാകും.