പൊണ്ണത്തടി, അമിതവണ്ണം, കുടവയർ അമിതശരീരഭാരം എന്നിവയൊക്കെ ഇക്കാലത്തെ പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ്. ഇവയൊക്കെ മിക്കവരിലും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അപകടകരമായ ആരോഗ്യ അവസ്ഥകൾക്ക് കാരണമാകുന്നു. പലപ്പോഴും തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് പൊണ്ണത്തടിയിലേക്ക് നയിക്കുന്നത്. അമിതവണ്ണം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനുമായി ഏറ്റവും നല്ല മാർഗം വ്യായാമം ചെയ്യുകയെന്നതാണ്. ദിവസേനയുള്ള വ്യായാമം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഏത് വ്യായാമം ചെയ്യണമെന്നത് മിക്കവരെയും ആശയകുഴപ്പത്തിലാക്കും. ഇവിടെയിതാ, ശരീരഭാരം കുറയ്ക്കാൻ നൃത്തം ഒരു ഫലപ്രദമായ വ്യായാമമാണെന്നാണ് ഒരുകൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഒരു ശാരീരിക പ്രവർത്തനമെന്ന നിലയിൽ, നൃത്തം സാധാരണ വ്യായാമത്തേക്കാൾ രസകരമാണെന്നാണ് ഗവേഷണത്തിൽ വ്യക്തമായത്. മാത്രമല്ല സാമൂഹിക ഇടപെടലിന് ഒരു വേദിയൊരുക്കാനും കഴിയും. അമിതവണ്ണവും പൊണ്ണത്തടിയും ഉള്ള ആളുകൾക്ക് നൃത്തം ചെയ്യുന്നത് എത്രത്തോളം ഗുണകരമാകുമെന്ന് പരിശോധിക്കുന്ന 10 പഠനങ്ങളുടെ ഡാറ്റ വിലയിരുത്തിയാണ് പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നത്.
ദിവസേന നൃത്തം ചെയ്യുന്ന ആളുകളുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), അരക്കെട്ടിന്റെ ചുറ്റളവിലുള്ള ഏറ്റകുറച്ചിൽ, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഡാറ്റ, നൃത്തം ചെയ്യാത്ത ആളുകളുടെ ഡാറ്റയുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ പഠനറിപ്പോർട്ട്. PLOS ONE എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനങ്ങളിൽ, സ്റ്റെപ്പ്-എയ്റോബിക് ഡാൻസ്, ചിയർലീഡിംഗ്, ക്രിയേറ്റീവ് ഡാൻസ്, സുംബ, ഭാൻഗ്ര ഡാൻസ്, പരമ്പരാഗത നൃത്തം, ഡാൻസ് വീഡിയോ ഗെയിമുകൾ, സ്ക്വയർ ഡാൻസ്, ലളിത നൃത്തം, എയ്റോബിക് ഫിറ്റ്നസ് ഡാൻസ് എന്നിവ ഉൾപ്പെടെ നിരവധി നൃത്തരൂപങ്ങൾ ചെയ്യുന്നവരുടെ ഡാറ്റയാണ് ഉൾപ്പെടുത്തിയത്.
ആഴ്ചയിൽ 5 ദിവസം നൃത്തം ചെയ്യുന്നവരും നാലുദിവസവും മൂന്നു തവണയും രണ്ടുതവണയും നൃത്തം ചെയ്യുന്നവരുണ്ട്. ഇതിൽ മൂന്ന് തവണ ചെയ്യുന്നവരാണ് കൂടുതൽ. 40 മിനിറ്റ് മുതൽ 90 മിനിറ്റ് വരെയാണ് ഡാൻസ് സെഷനുകൾ. എല്ലാ പഠനങ്ങളും കുറഞ്ഞത് 4 ആഴ്ചകൾ നീണ്ടുനിന്നു, മിക്കതും 3 മാസവും ഒരെണ്ണം ഒരു വർഷവും നീണ്ടുനിന്ന പഠനമാണ്.
ഒരു വ്യായാമം വിജയകരമാകുന്നത്, അത് സ്ഥിരമായി ദീർഘകാലം ചെയ്യുമ്പോഴാണ്. വ്യായാമം ആരംഭിച്ച് ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോൾ അത് നിർത്തിയാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. എന്നാൽ മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് നൃത്തം സ്ഥിരമായി തുടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിന് കാരണം മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് നൃത്തത്തിനുള്ല വിനോദ മൂല്യം തന്നെയാണ്.
നൃത്തം ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്ന നിഗമനത്തിലെത്തുന്നത് ഇതാദ്യമല്ലെന്ന് ന്യൂട്രാനൗറിഷിലെ ഫംഗ്ഷണൽ മെഡിസിൻ ഡോക്ടർ ഡോ. മെങ്ക ഗുപ്ത അഭിപ്രായപ്പെട്ടതായി മെഡിക്കൽ ന്യൂസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ താൽപ്പര്യമുള്ളവർ ശക്തമായ വ്യായാമ ഓപ്ഷനായി പരിഗണിക്കുമ്പോൾ നൃത്തം മതിയായ ആനന്ദം നൽകുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
ഒരാളുടെ ബിഎംഐ മെച്ചപ്പെടുത്തുന്നതിനുമപ്പുറം നൃത്തം അധിക നേട്ടങ്ങൾ നൽകുമെന്നും ഡോ. ഗുപ്ത ചൂണ്ടിക്കാട്ടി. “ആസ്വദിച്ചുള്ള ശാരീരിക പ്രവർത്തനങ്ങൾ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും, വ്യായാമത്തിന്റെ അധിക മാനസിക ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു,” അവൾ ഞങ്ങളോട് പറഞ്ഞു.
“ആനന്ദം ഒരു നല്ല പ്രചോദനം കൂടിയാണ്, കാരണം ആനന്ദം സന്തോഷം വർദ്ധിപ്പിക്കുന്ന ഹോർമോണായ ഡോപാമൈനുമായി ബന്ധപ്പെട്ടിരിക്കുന്നു. ആസ്വാദ്യകരമായ ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ട ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ആരോഗ്യ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു,” ഡോ. ഗുപ്ത കൂട്ടിച്ചേർത്തു.
ഏറ്റവും പ്രയോജനപ്രദമായ നൃത്തം ഏതാണ്?
വ്യായാമമായി നൃത്തം പരിശീലിക്കാൻ ആഗ്രഹിക്കുന്നവർ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഏതുതരം നൃത്തമാണ് ചെയ്യേണ്ടത്. ഇതിന് മറുപടിയായി വിദഗ്ദർ പറയുന്നത് സാമ്പത്തികമായി താങ്ങാനാകുന്നതും, മനസിന് തൃപ്തി നൽകുന്നതും ചെയ്യാൻ കഴിയുന്നതുമായ നൃത്തം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഹിപ് ഹോപ്പ്, സൂംബ എന്നീ നൃത്തയിനങ്ങളാണ് കൂടുതൽ ആരോഗ്യവിദഗ്ദരും നിർദേശിക്കാറുള്ളത്.
പ്രായമായവർക്കും തീവ്രത കുറഞ്ഞ വ്യായാമം ഇഷ്ടപ്പെടുന്നവർക്കും ബോൾറൂം നൃത്തമാണ് നല്ലത്. “ഇത് സാമൂഹിക ഇടപെടലിന് മികച്ചതാണ്, ഒപ്പം സമൂഹത്തിന്റെ വികാരം വളർത്തിയെടുക്കാൻ സഹായിക്കുന്നു. ബാലൻസ്, ഭാവം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് മികച്ചതാണ്. വേഗത്തിലും വേഗത കുറഞ്ഞ താളത്തിലും മാറിമാറിവരുന്ന സുംബ ചുവടുകളും ഇത്തരക്കാർക്ക് മികച്ച ഒരു വ്യായാമമാർഗമാണ്
“ഒട്ടേറെ ഗുണങ്ങളുള്ള ഒരു നൃത്ത വ്യായാമ ഇനമാണ് സുംബ നൃത്തം. ഇത് മാനസികാവസ്ഥയും തീരുമാനമെടുക്കൽ പോലുള്ള വൈജ്ഞാനിക കഴിവുകളും മെച്ചപ്പെടുത്തുന്നു. പുതിയ ന്യൂറൽ കണക്ഷനുകൾ വികസിപ്പിക്കാൻ സുംബ സഹായിക്കുന്നു, പ്രത്യേകിച്ച് എക്സിക്യൂട്ടീവ് ഫംഗ്ഷൻ, ദീർഘകാല മെമ്മറി, സ്പേഷ്യൽ തിരിച്ചറിയൽ എന്നിവയുടെ കാര്യത്തിൽ”- ഡോ. മെങ്ക ഗുപ്ത പറഞ്ഞു. കൂടാതെ അധികഗുണമെന്ന നിലയിൽ, സമ്മർദ്ദം കുറയ്ക്കാൻ സുംബ സഹായിക്കുകയും നല്ല ഹോർമോണായ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Also Read: വ്യായാമം ചെയ്തു തുടങ്ങാം; എന്തൊക്കെയാണ് ഗുണങ്ങൾ