ചെറുധാന്യങ്ങൾ: ഗുണങ്ങളും ദോഷങ്ങളും അറിയാം

അടുത്തകാലത്തായി ആളുകൾ കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് ചെറുധാന്യങ്ങൾ. നിരവധി ആരോഗ്യഗുണങ്ങളുള്ള ചെറുധാന്യങ്ങൾക്ക് ചില ദോഷവശങ്ങളുമുണ്ട്.

ചെറുധാന്യങ്ങളുടെ ഗുണങ്ങൾ

നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചെറുധാന്യങ്ങൾ. കൊഴുപ്പ് കുറഞ്ഞ ഇവയിൽ ഗ്ലൂട്ടന്റെ സാന്നിധ്യവുമില്ല. വളരെക്കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ചെറുധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികൾക്ക് പേടികൂടാതെ കഴിക്കാൻ സാധിക്കുന്ന ധാന്യമാണിത്.

എളുപ്പത്തിൽ ദഹിക്കുന്നതിനാൽ ദഹനപ്രശ്‌നങ്ങൾ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ മികച്ച ആഹാരമാണ് ചെറുധാന്യങ്ങൾ. മാത്രമല്ല, ഉയർന്ന കൊളെസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും ഇവ സഹായിക്കും.

ചെറുധാന്യങ്ങളുടെ പോരായ്മകൾ

എല്ലാവരിലും ചെറുധാന്യങ്ങൾ ഗുണം ചെയ്യില്ല. ചിലരിൽ ഇവ അലർജിയുണ്ടാക്കിയേക്കും. ആദ്യമായി കഴിക്കുന്നവർ അസിഡിറ്റിയോ വയറിളക്കമോ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക. വളരെച്ചെറിയ ധാന്യങ്ങൾ പാകം ചെയ്യാനും ദഹിപ്പിക്കാനും എളുപ്പമാണ്. ചെറുധാന്യങ്ങൾ കഴിക്കാൻ തുടങ്ങുന്നവർ തുടക്കത്തിൽ കോഡോ അല്ലെങ്കിൽ ബൻയാർഡ് പോലുള്ള ചെറിയ ധാന്യങ്ങളിൽ നിന്ന് ആരംഭിക്കുന്നതാണ് നല്ലത്. പിന്നീട് ജോവറിലേക്കോ ബജ്രയിലേക്കോ മാറാം.

ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ചെറുധാന്യങ്ങൾ കഴിക്കാവുന്നതാണ്. മിതമായ അളവിൽ കഴിക്കണമെന്ന് മാത്രം. ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ ചെറുധാന്യങ്ങൾ കഴിക്കരുത്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കും. അയഡിൻ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജനുകളും ചെറുധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

ചെറുധാന്യങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ധാരാളം വെള്ളം കുടിക്കുക
  • ധാന്യങ്ങൾ നല്ലപോലെ വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക
  • എത്ര നല്ല സാധനമായാലും അമിതമാകുന്നത് നല്ലതല്ല. ഒരു ധാന്യം സ്ഥിരമായി കഴിക്കാതെ വ്യത്യസ്തമായ ചെറുധാന്യങ്ങൾ കഴിക്കുക
  • ഇടക്ക് ചെറുധാന്യങ്ങൾക്ക് പകരം അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളും ഉപയോഗിക്കുക

Content Summary: Eating Millet- Know these pros and cones