ഏറെ പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് തക്കാളി. നമ്മുടെ നാട്ടിൽ പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യവസ്തുവുമാണ് തക്കാളി. തക്കാളിയിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ, ബി6, ഫോളേറ്റ്, തയാമിൻ എന്നിവ തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ആൽഫ ലിപോയിക് ആസിഡ്, ലൈകോപിൻ, കോളിൻ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നീ ആന്റി ഓക്സിഡന്റുകൾ ഉൾപ്പടെയുള്ള പോഷകങ്ങളും തക്കാളിയിട്ടുണ്ട്.
തക്കാളിയിൽ 95 ശതമാനം ജലാംശമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ഉൾപ്പടെ തക്കാളി കഴിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കും. ലിഗ്നിൻ, സെല്ലുലോസ്, ഹെമിസെല്ലുലോസ് തുടങ്ങിയ തുടങ്ങിയ നാരുകൾ 80 ശതമാനം തക്കാളിയിലുണ്ട്. തക്കാളിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
- കേശസംരക്ഷണം
മുടികളുടെ സംരക്ഷണത്തിന് ഏറെ സഹായകരമായ ഒരു ഭക്ഷ്യവസ്തുവാണ് തക്കാളി. ശിരോചർമ്മത്തിലുള്ള ചൊറിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങൾക്ക് തക്കാളി ഉത്തമ പ്രതിവിധിയാണ്. കൂടാതെ മുടിയിഴകൾക്ക് ഉറപ്പേകുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.
- രക്തസമ്മർദ്ദം നിയന്ത്രിക്കും
തക്കാളിയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണമാണിത്. രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ തക്കാളിക്ക് കഴിയും. തക്കാളിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പക്ഷാഘാതം, ഹൃദ്രോഗം എന്നിവയിൽനിന്ന് സംരക്ഷിക്കാനും തക്കാളിക്ക് കഴിയും.
- പ്രമേഹം നിയന്ത്രിക്കും
രക്തസമ്മർദ്ദത്തിനെന്ന പോലെ പ്രമേഹത്തിനും ഫലപ്രദമാണ് തക്കാളി. ദിവസേന ഭക്ഷണക്രമത്തിൽ തക്കാളി ഉപയോഗിക്കുന്നവരിൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയും. പ്രമേഹം ഉള്ളവരിൽ അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ സങ്കീർണമാകാതെ സംരക്ഷിക്കാൻ തക്കാളിക്ക് കഴിയും. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും തക്കാളിക്ക് കഴിയും.
- കാഴ്ചശക്തി വർദ്ധിപ്പിക്കും
കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് തക്കാളി. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ ആണ് കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. സ്ഥിരമായി തക്കാളി ഉപയോഗിക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായകരമാണ്. കൂടാതെ തിമിരം പ്രായാധിക്യം മൂലം കാഴ്ചശക്തി കുറയുന്നത് ചെറുക്കാനും തക്കാളി കഴിക്കുന്നത് മൂലം സാധിക്കും.
- ക്യാൻസറിനെ ചെറുക്കും
തക്കാളിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളെയും മാരകമായ പലതരം ക്യാൻസറുകളെയും ചെറുക്കാൻ തക്കാളിക്ക് കഴിയും. തക്കാളിയിൽ അടങ്ങിയിട്ടുള്ള പോളിഫിനോളായ ലൈകോപിൻ ആണ് ശ്വാസകോശം, കുടൽ, സ്തനങ്ങൾ എന്നിവിടങ്ങളിലെ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ഫലപ്രദമായി ചെറുക്കുന്നത്.