പപ്പായ കഴിക്കുന്നത് നല്ലതാണോ? ആരോഗ്യഗുണങ്ങളും പാർശ്വഫലങ്ങളും അറിയാം

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പപ്പായ. കറമൂസ, കപ്പയ്ക്ക, കപ്പങ്ങായി, കറമത്തി എന്നിങ്ങനെ പലനാടുകളിൽ പല പേരുകളാണ് പാപ്പായക്ക്. പപ്പായയിൽ ധാരാളം പോഷകങ്ങളുണ്ടെന്നും ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നും വിദഗ്ദർ പറയുന്നു. ശരീരത്തിലെ നീർവീക്കം തടയാൻ പപ്പായ ഫലപ്രദമാണെന്നാണ് ന്യൂട്രീഷ്യൻമാർ പറയുന്നത്. കൂടാതെ പപ്പായ പതിവായി കഴിക്കുന്നത് കുട്ടികളിലെ കാഴ്ചക്കുറവ് പരിഹരിക്കുകയും ചെയ്യും. 

പപ്പായയുടെ ആരോഗ്യഗുണങ്ങൾ

പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, കൂടാതെ പപ്പൈൻ എന്ന എൻസൈമും ഉണ്ട്. ഇവ രണ്ടും മലബന്ധം തടയാനും ക്രമവും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പപ്പായയിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് സെല്ലുലാർ മെംബ്രണുകളുടെ ഘടന നിലനിർത്താൻ സഹായിക്കുന്നു. നാഡികളുടെ പ്രവർത്തനത്തെ എളുപ്പമാക്കുന്നു. കൊഴുപ്പ് ആഗിരണം ചെയ്യാനും പപ്പായ സഹായിക്കുന്നു, വിട്ടുമാറാത്ത വീക്കം കുറയ്ക്കുന്നു. പപ്പായയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

പപ്പായയുടെ പാർശ്വഫലങ്ങൾ

പപ്പായ അന്നനാളത്തിന് ദോഷം ചെയ്യും. പഴുക്കാത്ത പപ്പായ പഴത്തിൽ പപ്പായ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്, അതിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. പപ്പെയ്ൻ ധാരാളം കഴിക്കുന്നത് അന്നനാളത്തിന് കേടുവരുത്തും. ലാറ്റക്‌സിനോട് അലർജിയുള്ളവരിൽ പപ്പായ അലർജി റിയാക്ഷനുണ്ടാക്കും. 

പപ്പായയുടെ നേട്ടങ്ങൾ

പപ്പായയ്ക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണമുണ്ട്. ഫ്രീ റാഡിക്കലുകൾ നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തിൽ സൃഷ്ടിക്കപ്പെടുന്ന റിയാക്ടീവ് തന്മാത്രകളാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾക്ക് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കഴിയും. പപ്പായയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. പപ്പായയിലെ ലൈക്കോപീൻ ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

പപ്പായ എത്ര കഴിക്കണം?

പപ്പായ ഒരു പഴം എന്ന നിലയിൽ, എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ്. എന്നാൽ അമിതമായി പപ്പായ കഴിക്കേണ്ടതില്ലെന്നാണ് ന്യൂട്രിഷ്യൻമാർ പറയുന്നത്. ഇടത്തരം അളവിൽ മറ്റ് പഴങ്ങൾകൂടി ചേർത്താണ് പപ്പായ കഴിക്കേണ്ടതെന്നും വിദഗ്ദർ നിർദേശിക്കുന്നു.

Content Summary: Health benefits and risks of eating Papaya