ആരോഗ്യകരമായ ഡയറ്റ് എന്നാൽ വിറ്റാമിനുകളും മിനറലുകളും നാരുകളും മറ്റ് പോഷകങ്ങളും നിറഞ്ഞ ഭക്ഷണമാണ്. നല്ല ആരോഗ്യത്തിന് ഇത്തരം ഒരു ഭക്ഷണരീതി പിന്തുടർന്നേ മതിയാകൂ. ഇത്തരത്തിൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷകഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷണമാണ് മത്സ്യം. ഭൂമിയിൽ ലഭ്യമായതിൽവെച്ച് ഏറ്റവും പോഷകസമൃദ്ധം എന്നാണ് ന്യൂട്രീഷ്യന്മാർ പോലും മത്സ്യത്തെ വിശേഷിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും ധാരാളം മറ്റ് പോഷകങ്ങളും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിനും തലച്ചോറിനും അത്യാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്സ്യങ്ങൾ. വളരെക്കുറച്ച് ഭക്ഷണങ്ങളിൽ മാത്രമേ ഒമേഗ 3 ഫാറ്റി ആസിഡുകൾ കാണപ്പെടുന്നുള്ളൂ. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒമേഗ 3 ലഭിക്കാൻ ധാരാളം മത്സ്യം കഴിക്കുക എന്നതാണ് ഏറ്റവും ലളിതമായ മാർഗ്ഗം. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് ഈ പോഷണം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും നിർബന്ധമായും ഒമേഗ 3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചക്ക് ഇത് അത്യാവശ്യമാണ്.
മത്സ്യം കഴിക്കുന്നതുകൊണ്ട് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് നോക്കാം.
തലച്ചോറിന്റെ വളർച്ചക്ക്
പ്രായമാകുന്നവരിൽ പൊതുവെ ഓർമ്മക്കുറവ് കണ്ടുവരാറുണ്ട്. തലച്ചോറിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതുകൊണ്ടാണിത്. ഓർമ്മക്കുറവിന് പുറമേ പാർക്കിൻസൺ പോലുള്ള അസുഖങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ സ്ഥിരമായി മത്സ്യം കഴിക്കുന്നവരിൽ പ്രായമാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്. മത്സ്യം കഴിക്കുന്നവരുടെ മസ്തിഷ്കത്തിൽ ഓർമ്മയേയും വികാരങ്ങളെയും ഉത്തേജിപ്പിക്കുന്ന മസ്തിഷ്കഭാഗത്ത് കൂടുതൽ ഗ്രേ മാറ്റർ (മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് സഹായിക്കുന്ന കലകൾ) കണ്ടെത്തിയതായി ഹെൽത്ത്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
വൈറ്റമിൻ ഡി ലഭിക്കാൻ
നമുക്കറിയാം ഭക്ഷണത്തിൽ നിന്ന് വളരെക്കുറച്ച് മാത്രം ലഭിക്കുന്ന വൈറ്റമിനാണ് വൈറ്റമിൻ ഡി. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ പോഷകമാണിത്. മത്സ്യത്തിൽ നിന്ന് എളുപ്പത്തിൽ നമുക്കിത് ലഭ്യമാകും. ദിവസവും ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തേണ്ടത്തിന്റെ മറ്റൊരു കാരണം ഇതാണ്.
ഓട്ടോഇമ്മ്യൂൺ അവസ്ഥകളെ പ്രതിരോധിക്കാൻ
നമ്മൾ ഈയിടെ ധാരാളം കേൾക്കുന്ന ഒരു വാക്കാണ് ഓട്ടോഇമ്മ്യൂൺ അസുഖങ്ങൾ. സിനിമാ താരം മമ്ത മോഹൻദാസിനും മറ്റനേകം പ്രമുഖർക്കും ഓട്ടോഇമ്മ്യൂൺ അസുഖങ്ങൾ ബാധിച്ചതായി നമ്മൾ കേട്ടിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ആവശ്യമുള്ള കോശങ്ങളെക്കൂടി പ്രതിരോധിക്കുന്നതിന്റെ ഫലമായാണ് ഓട്ടോഇമ്മ്യൂൺ അസുഖങ്ങൾ ഉണ്ടാകുന്നത് തൈറോയ്ഡ് മുതൽ വിറ്റിലിഗോ പോലുള്ള അസുഖങ്ങൾ വരെ ഇങ്ങനെ ഉണ്ടാകാം. ടൈപ്പ് 1 ഡയബെറ്റിസ്, മറ്റ് ചില ഓട്ടോഇമ്മ്യൂൺ അസുഖങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ മത്സ്യം കഴിക്കുന്നതിലൂടെ സാധിക്കും. മത്സ്യം കഴിക്കാത്തവർ, പ്രായമായവർ എന്നിവർ ദിവസവും വൈറ്റമിൻ ഡി സപ്പ്ളിമെന്റുകൾ കഴിക്കുന്നതും ഗുണം ചെയ്യും.
Also Read: ഒമേഗ 3 ഫാറ്റി ആസിഡ്; ഗുണങ്ങൾ അറിയാം
നല്ല ഉറക്കത്തിന്
കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. വൈറ്റമിൻ ഡി, ഒമേഗ 3 എന്നിവ സന്തോഷ ഹോർമോണായ സെറാടോണിൻ റെഗുലേറ്റ് ചെയ്യാൻ സഹായിക്കും എന്നതാണ് ഇതിന് കാരണമായി പറയുന്നത്.
Also Read: ഒമേഗ 3 കുറഞ്ഞാൽ ശരീരം കാണിക്കുന്ന 5 ലക്ഷണങ്ങൾ
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷണമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമായി പരിഗണിക്കപ്പെടുന്ന ഒരു ഭക്ഷണമാണ് മത്സ്യം. സാൽമൺ, അയല, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമേഗ 3 അടങ്ങിയിട്ടുള്ളത്.
Also Read: 6 fish with the most protein
Content Summary: Health benefits of eating fish everyday.