അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു പഠനം അനുസരിച്ച് കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ ഹൃദയാഘാതമോ സ്ട്രോക്കോ വരാനുള്ള സാധ്യത ഇരട്ടിയാണത്രെ. സാധാരണ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ കൊഴുപ്പും കുറഞ്ഞ അന്നജമുള്ള ഭക്ഷണം ധാരാളമായി കഴിക്കുന്ന ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനും ഹൃദയാഘാതമോ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയോ കൂടുതലായിരിക്കും. ഇത്തരക്കാരിൽ ഹൃദയത്തിലെ ധമനികളിൽ ബ്ലോക്ക് ഉണ്ടാകുകയും, തുടർന്ന് ആൻജിയോ പ്ലാസ്റ്റിയോ ബൈപ്പാസ് ശസ്ത്രക്രിയയോ ചെയ്യേണ്ടിവരുന്ന സാഹചര്യവും ഉണ്ടായിരിക്കും. ചുരുക്കം പറഞ്ഞാൽ കീറ്റോ ഡയറ്റുകൾ ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്കുള്ള സാധ്യതയെ ഇരട്ടിയിലേറെയാക്കുമെന്ന് ഈ പഠനത്തിൽ വ്യക്തമാക്കുന്നു.
“അന്നജം കുറവുള്ളതും കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ അഥവാ ‘മോശം’ കൊളസ്ട്രോൾ വർദ്ധിക്കാനും അതുവഴി ഹൃദ്രോഗസാധ്യത കൂടുന്നതിനും കാരണമാകുന്നുവെന്ന് ഞങ്ങളുടെ പഠനത്തിൽനിന്ന് മനസിലായി,” ഗവേഷക യൂലിയ ഇയറ്റൻ, എം.ഡി പറയുന്നു. “ഞങ്ങളുടെ അറിവിൽ, കീറ്റോഡയറ്റും ഹൃദയസംബന്ധമായ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിൽ പരിശോധിക്കുന്ന ആദ്യത്തെ പഠനമാണിത്”.
കീറ്റോ ഡയറ്റ് പിന്തുടരുന്ന ബ്രിട്ടനിൽനിന്നുള്ള 305 പേരുടെ ആരോഗ്യവിവരങ്ങളെ വിശകലനം ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഇവരുടെ ആരോഗ്യഡാറ്റ സാധാരണ ഭക്ഷണം കഴിക്കുന്ന 1220 പേരുമായാണ് താരതമ്യം ചെയ്തത്. അന്നജത്തിൽ നിന്നുള്ള പ്രതിദിന കലോറി 25%ൽ കൂടുതൽ ഇല്ലാത്തതും കൊഴുപ്പിൽ നിന്നുള്ള കലോറി 45% ൽ കൂടുതൽ ഉള്ളതുമായ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റെന്ന് അറിയപ്പെടുന്നത്.
Also Read: ഹൃദയം നിറക്കും ഡയറ്റ്
പഠനത്തിന് വിധേയരാക്കിയതിൽ ഭൂരിഭാഗം ആളുകളും സ്ത്രീകളായിരുന്നു (73%), അവർ അമിതഭാരമുള്ളവരും ശരാശരി പ്രായം 54 ഉള്ളവരുമായിരുന്നു.ഏകദേശം 12 വർഷക്കാലത്തെ അവരുടെ ആരോഗ്യസ്ഥിതി വിശകലനം ചെയ്താണ് പഠനം നടത്തിയത്.
കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കൂടുതലായിരിക്കുമെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇത്തരം ആളുകളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. പഠനകാലയളവിൽ 9.8% കീറ്റോ ഡയറ്റർമാർക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു ഹൃദ്രോഗം പുതിയതായി ഉണ്ടായിട്ടുണ്ട്. എന്നാൽ സാധാരണ ഭക്ഷണക്രമം പിന്തുടരുന്നവരിൽ 4.3% ആളുകളിലാണ് ഏതെങ്കിലും തരത്തിലുള്ള ഹൃദയാരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
കെറ്റോജനിക് ഡയറ്റിന്റെ ചുരുക്കപ്പേരാണ് കീറ്റോ ഡയറ്റ്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനെയാണ് കെറ്റോജനിക് ഡയറ്റ് എന്ന് സൂചിപ്പിക്കുന്നത്. ഇത് ശരീരത്തെ കെറ്റോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, സംഭരിച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് കരൾ ഉത്പാദിപ്പിക്കുന്ന ഒരു തരം ഇന്ധനമാണ് കെറ്റോണുകൾ. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ കാർബോഹൈഡ്രേറ്റുകളിൽ നിന്ന് പഞ്ചസാരയ്ക്ക് പകരം ശരീരം ഊർജ്ജത്തിനായി കൊഴുപ്പ് കത്തിക്കുന്ന “കെറ്റോസിസ്” എന്ന അവസ്ഥ കൈവരിക്കുന്നു. കെറ്റോസിസിൽ എത്താൻ നിരവധി ദിവസങ്ങൾ എടുത്തേക്കാം.
Also Read: എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്? അറിയേണ്ട കാര്യങ്ങൾ
കീറ്റോ പോലുള്ള ഭക്ഷണക്രമത്തിൽ ഏർപ്പെട്ടിരുന്നവരിൽ ഭൂരിഭാഗം ആളുകളിലും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുലായിരിക്കും. എന്നാൽ ചിലർക്ക് കൊളസ്ട്രോളിന്റെ അളവ് സ്ഥിരമായി നിലനിൽക്കുകയോ കുറയുകയോ ചെയ്തു. അതിനുള്ള കാരണങ്ങൾ വ്യക്തമല്ലെന്ന് ഗവേഷകർ പറഞ്ഞു. ഏതായാലും സ്ഥിരമായി അമിത കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് ഒട്ടും ഗുണകരമായ കാര്യമല്ല.
Content Summary: New study reveals possible higher heart disease risk from keto diets. Keto diet doubles the risk of heart attack and stroke.