മലയാളികൾക്കിടയിൽ ജനപ്രിയമായ ഒരു ചെറുധാന്യമാണ് റാഗി. കൂവരക്, മുത്താറി തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റാഗിക്ക് പേരുകളുണ്ട്. ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, മറ്റ് സുപ്രധാന ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈ ചെറുധാന്യം. നാരുകൾ നിറഞ്ഞ റാഗിയിൽ അപൂരിത കൊഴുപ്പ് കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ഭക്ഷണമാകുന്നതും അതുകൊണ്ടാണ്. റാഗി കഴിക്കുന്നതുകൊണ്ട് മറ്റനേകം ഗുണങ്ങളുണ്ട്.
ശരീരഭാരം കുറയ്ക്കാൻ:
റാഗിയിലെ ഉയർന്ന അളവിലുള്ള നാരുകൾ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഗോതമ്പിനും അരിക്കും പകരമായി റാഗി ഉപയോഗിക്കാം.
ഹൃദയാരോഗ്യം:
റാഗിയിൽ നല്ല അളവിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. റാഗിയിലെ അവശ്യ പോഷകങ്ങൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
പ്രമേഹം തടയുന്നു:
റാഗി പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. കാരണം, റാഗിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ദഹനത്തെ സഹായിക്കുന്നു:
റാഗിയിലെ ഉയർന്ന അളവിലുള്ള നാരുകൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. മലബന്ധം, വയറുവേദന, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നു. കുടലിന്റെ ആരോഗ്യം നിലനിർത്താനും വയറ്റിലെ
മറ്റ് അസുഖങ്ങൾ തടയാനും റാഗി സഹായിക്കുന്നു.
ആരോഗ്യമുള്ള അസ്ഥികൾ:
കാൽസ്യത്തിന്റെ ഡയറി ഇതര ഉറവിടങ്ങളിൽ ഒന്നായി റാഗി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ആവശ്യമായ ഒരു ധാതുവാണ് കാൽസ്യം. മതിയായ അളവിൽ റാഗി കഴിക്കുന്നതിലൂടെ പ്രായപൂർത്തിയായവരിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാൻ കഴിയും.
Also Read: വിളർച്ചയുണ്ടോ? ശരീരത്തിന് അയൺ ലഭിക്കാൻ എന്തൊക്കെ കഴിക്കണം?
Content Summary: A substitute for rice and wheat; Know the benefits of eating Ragi