നടൻ അജിത്ത് കുമാറിന് സെറിബ്രൽ ഇൻഫാർക്ഷൻ; എന്താണ് ഈ രോഗം?

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം അജിത്ത് കുമാറിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒരു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം താരത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അതിനിടെ അജിത്തിന്‍റെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരത്തിന് ഗുരുതരമായ അസുഖമുണ്ടെന്നും പ്രചരിച്ചു. എന്നാൽ പതിവ് പരിശോധനയ്ക്കായാണ് അജിത്ത് ആശുപത്രിയിൽ എത്തിയതെന്ന് അദ്ദേഹത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കി.

“ഈ പരിശോധനയ്ക്കിടെ, ചെവികളെ ബന്ധിപ്പിക്കുന്ന ഞരമ്പുകളിൽ ചെറിയ മുഴകൾ ഡോക്ടർമാർ കണ്ടെത്തി. സെറിബ്രൽ ഇൻഫ്രാക്ഷൻ എന്ന രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെ അജിത്തിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, സ്റ്റെൻ്റ് സ്ഥാപിക്കുകയും ചെയ്തു”- സുരേഷ് ചന്ദ്ര കൂട്ടിച്ചേർത്തു. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ താരത്തെ ‘വിടാമുയാർച്ചി’ എന്ന് എഴുതിയ ബാനറുകളുമായാണ് ആരാധകർ സ്വാഗതം ചെയ്തത്. 

ഇസ്കെമിക് സ്ട്രോക്ക് എന്നും വിളിക്കപ്പെടുന്ന രോഗാവസ്ഥയാണ് സെറിബ്രൽ ഇൻഫ്രാക്ഷൻ. ലളിതമായി പറഞ്ഞാൽ ഒരുതരം സ്ട്രോക്കാണ് ഈ രോഗം.  തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ രക്തക്കുഴലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. മസ്തിഷ്ക കോശങ്ങളിലേക്ക് വേണ്ടത്ര രക്തമെത്താതാകുമ്പോൾ ഓക്സിജനും മറ്റ് സുപ്രധാന പോഷകങ്ങളും ലഭിക്കാതെയാകും. ഇത് സെറിബ്രൽ ഇൻഫ്രാക്ഷന് ഇടയാക്കും. 

കാരണങ്ങൾ

മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോൾ രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് തടസമുണ്ടാകും. ഇത് മസ്തിഷ്കത്തിനോ ശരീരത്തിൻ്റെ മറ്റൊരു ഭാഗത്തിനോ രക്തമെത്തിക്കുന്ന ധമനിയിൽ ത്രോംബസ് അല്ലെങ്കിൽ രക്തം കട്ടപിടിക്കൽ അവസ്ഥയ്ക്ക് കാരണമാകും. ഈ സാഹചര്യത്തിൽ കട്ടപിടിക്കുന്നതിനെ എംബോളിസം എന്ന് വിളിക്കുന്നു. ഈ കട്ടയുടെ ഒരു കഷണം പൊട്ടിപ്പോകുകയും അത് തലച്ചോറിലെ രക്തക്കുഴലുകളിലേക്ക് എത്തി അത് അവിടെ അടിയുമ്പോൾ സെറിബ്രൽ എംബോളിസം രൂപപ്പെടും. 

ഹൃദയത്തിൽ കട്ടപിടിക്കുന്നതിനും പിന്നീട് രക്തപ്രവാഹം വഴി തലച്ചോറിലെ പാത്രങ്ങളിലേക്ക് നീങ്ങുന്നതിനും കാരണമാകുന്ന ഏട്രിയൽ ഫൈബ്രിലേഷൻ മൂലവും എംബോളിസം ഉണ്ടാകാം.

ഉയർന്ന കൊളസ്‌ട്രോളും ഉയർന്ന രക്തസമ്മർദ്ദവുമുള്ള ആളുകൾക്ക് സെറിബ്രൽ ഇൻഫ്രാക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലി, പൊണ്ണത്തടി, പാരമ്പര്യ ഹൃദ്രോഗം, പ്രമേഹം, അമിതമായ മദ്യപാനം എന്നിവയാണ് മറ്റ് അപകട ഘടകങ്ങൾ.

സെറിബ്രൽ ഇൻഫ്രാക്ഷൻ എത്രതരം?

ഓക്‌സ്‌ഫോർഡ് കമ്മ്യൂണിറ്റി സ്‌ട്രോക്ക് പ്രോജക്റ്റ് ക്ലാസിഫിക്കേഷൻ എന്നത് പ്രാരംഭ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി സെറിബ്രൽ ഇൻഫ്രാക്ഷനെ നാലായി തിരിക്കാം. 

ടോട്ടൽ ആൻ്റീരിയർ സർക്കുലേഷൻ ഇൻഫ്രാക്റ്റ് (TACI)

ഭാഗിക ആൻ്റീരിയർ സർക്കുലേഷൻ ഇൻഫ്രാക്റ്റ് (PACI)

ലാക്കുനാർ ഇൻഫ്രാക്റ്റ് (LACI)

പോസ്റ്റീരിയർ സർക്കുലേഷൻ ഇൻഫ്രാക്റ്റ് (POCI)

സ്ട്രോക്കിൻ്റെ കാരണം, അതുമൂലം തലച്ചോറിലെ കോശത്തിനുള്ള നാശത്തിൻ്റെ അളവ്, ബാധിച്ച മസ്തിഷ്ക മേഖലകൾ, എന്നിവ വിലയിരുത്തിയാണ് ഇതിൽ ഏത് തരമാണെന്ന് ഡോക്ടർമാർ നിർണയിക്കുന്നത്.

TOAST (ട്രയൽ ഓഫ് ഓർഗ് 10172 ഇൻ അക്യൂട്ട് സ്ട്രോക്ക് ട്രീറ്റ്‌മെൻ്റ്) എന്ന മറ്റൊരു രീതിയിലും ക്ലിനിക്കൽ ലക്ഷണങ്ങൾ അടിസ്ഥാനമാക്കി സ്ട്രോക്കിനെ തരംതിരിക്കാം. അവ ഇങ്ങനെയാണ്…

ഒരു വലിയ ധമനിയുടെ രക്തപ്രവാഹത്തിന് കാരണമായ എംബോളിസം അല്ലെങ്കിൽ ത്രോംബോസിസ്

ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന എംബോളിസം

ഒരു ചെറിയ രക്തക്കുഴലിൽ ഉണ്ടാകുന്ന തടസം മൂലം

തിരിച്ചറിയാത്ത കാരണങ്ങൾ. 

ചികിത്സ

ടിപിഎ ഇൻജക്ഷനാണ്(ടിഷ്യൂ പ്ലാസ്മിനോജൻ ആക്ടിവേറ്റർ) പ്രാഥമികമായി നൽകേണ്ട ചികിത്സ. രക്തം കട്ടപിടിച്ച് നാലര മണിക്കൂറിനകം ഈ ഇഞ്ചക്ഷൻ നൽകണം. രക്തം കട്ടപിടിച്ചത് അലിയിക്കാൻ ഇത് സഹായിക്കും. എൻഡോവാസ്കുലാർ തെറാപ്പി പോലെയുള്ള ആധുനിക ചികിത്സകളും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. നടൻ അജിത്തിന് ചെയ്തതുപോലെ ആൻജിയോപ്ലാസ്റ്റി ചെയ്ത് സ്റ്റെന്‍റ് ഇടുന്ന ചികിത്സയും കൂടുതൽ ഫലപ്രദമാണ്. രക്തക്കുഴലിലെ കട്ടപിടിച്ചത് നീക്കം ചെയ്ത്, രക്തപ്രവാഹം സുഗമമാക്കാനാണ് കത്തീറ്റർ ഉപയോഗിച്ച് സ്റ്റെന്‍റ് സ്ഥാപിക്കുന്നത്.

Also Read: സ്ട്രോക്ക്; ശരീരം കാണിക്കുന്ന മുൻ‌കൂർ ലക്ഷണങ്ങൾ എന്തൊക്കെ?

Content Summary: Actor Ajith Kumar underwent angioplasty for cerebral infarction. Know more about cerebral infarction, symptoms and treatment.