കൊല്ലം: സംസ്ഥാനത്തെങ്ങും അസഹനീയമായ രീതിയിലാണ് വേനൽ ചൂട് അനുഭവപ്പെടുന്നത്. പകൽ സമയത്ത് പുറത്തേക്ക് പോകുന്നവർ കടകളിൽനിന്ന് വാങ്ങി കുടിക്കുന്ന വെള്ളം, ജ്യൂസ് എന്നിവയൊക്കെ ജലജന്യരോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഇതിനെതിരെ ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗം. ജലജന്യരോഗമായ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നൽകുന്നത്.
മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റെറ്റിസ് എ പകരുന്നത്. പലപ്പോഴും പുറത്തിറങ്ങുമ്പോൾ ദാഹം മാറ്റാൻ വേണ്ടി കുപ്പിവെള്ളം, ജ്യൂസ്, നാരങ്ങാവെള്ളം, സർബത്ത് എന്നിവയൊക്കെയാണ് മിക്കവരും വാങ്ങാറുള്ളത്. എന്നാൽ അംഗീകാരമില്ലാത്ത നിരവധി കുപ്പിവെള്ള-ശീതളപാനീയ ബ്രാൻഡുകൾ നമ്മുടെ നാട്ടിൽ ലഭ്യമാകുന്നുണ്ട്. അതുപോലെ കടകളിൽ ജ്യൂസും മറ്റും തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം, പഴങ്ങൾ എന്നിവയുടെ നിലവാരക്കുറവും ജലജന്യരോഗങ്ങൾക്ക് കാരണമാകുന്നു.
എന്താണ് മഞ്ഞപ്പിത്തം?
വേനൽക്കാലത്ത് കണ്ടുവരുന്ന ഏറ്റവും അപകടകരമായ ജലജന്യരോഗങ്ങളിൽ ഒന്നാണ് മഞ്ഞപ്പിത്തം. കരളിനെ ബാധിക്കുന്ന അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. കരൾ സംബന്ധമായ എല്ലാ രോഗങ്ങളുടെയും ലക്ഷണമായും മഞ്ഞപ്പിത്തം കണ്ടുവരുന്നു. മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരൾ ഉൽപാദിപ്പിച്ച് പിത്താശയത്തിൽ സംഭരിക്കുന്നു. ഇത് ചെറിയ അളവിൽ പിത്തനാളികൾ വഴി ദഹനവ്യവസ്ഥയിൽ എത്തുകയും ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ പിത്തരസം നിർമ്മിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. പിത്തരസത്തിന് നിറം നൽകുന്ന ബിലിറൂബിൻ എന്ന ഘടകം 100 മി.ലി. രക്തത്തിൽ സാധാരണ സമയങ്ങളിൽ 0.2 മി.ലി മുതൽ 05 മി.ലി. വരെയാണ്. ഇതിൽ കൂടുതലായി ബിലിറൂബിൻ രക്തത്തിൽ കലർന്നാൽ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം ഉണ്ടാകുന്നു.
ലക്ഷണങ്ങൾ
ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് തുടക്കത്തിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. രോഗം രൂക്ഷമാകുമ്പോൾ മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസാഹയം തേടാൻ വൈകരുത്.
ചികിത്സ
ആധുനിക വൈദ്യശാസ്ത്രത്തിൽ ഇപ്പോഴും മഞ്ഞപ്പിത്തത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ശമിപ്പിക്കുന്നതിനുള്ള ചികിത്സയാണ് നൽകുന്നത്.
പ്രതിരോധം
ആഹാര ശുചിത്വം , കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളച്ചവെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തു കുടിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും ഒഴിവാക്കുക. പുറത്തു പോകുമ്പോള്‍ കയ്യില്‍ കുടിവെള്ളം കരുതുക.ആഹാരസാധനങ്ങള്‍ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.ഈച്ച കടക്കാതെ ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക.പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം ഉപയോഗിക്കുക.ആഹാരത്തിന് മുന്‍പും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കിണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ഈച്ച ശല്യം ഒഴിവാക്കുക.