സുബി സുരേഷിൻറെ മരണത്തിന് ഇടയായത് കരൾ രോഗം; ഈ അസുഖത്തെക്കുറിച്ച് കൂടുതലറിയാം

മലയാള ടെലിവിഷൻ രംഗത്തും സിനിമയിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സുബി സുരേഷ്. പൊതുവെ പുരുഷൻമാർ ആധിപത്യം പുലർത്തുന്ന മിമിക്രിയിലും കോമഡിയിലും സ്റ്റേജ് ഷോകളിലുമൊക്കെ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അവർ. സുബിയുടെ മരണവാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. കരളിന് ഉണ്ടായ അനാരോഗ്യമാണ് സുബിയുടെ സ്ഥിതി വഷളാക്കിയതും മരണത്തിലേക്ക് നയിച്ചതും. കരൾമാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു അവരുടെ ജീവൻ നിലനിർത്താനുള്ള പോംവഴി. അതിനായി തീയതി നിശ്ചയിച്ചശേഷമാണ് സുബി സുരേഷ് മരണത്തിന് കീഴടങ്ങിയത്.

എന്താണ് കരൾ രോഗം?

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ആരോഗ്യകരമായ ജീവിതത്തിന് വളരെ വലിയ പങ്കാണ് കരളിനുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, കൊളസ്ട്രോളിൻറെ നിയന്ത്രണം, വിഷവസ്തുക്കളെ പുറന്തള്ളൽ, അണുബാധകളെ പ്രതിരോധിക്കുന്നത്, ആവശ്യമുള്ള സമയത്ത് രക്തം കട്ട പിടിപ്പിക്കുന്നത്, അങ്ങനെ കരളിൻറെ പ്രവവർത്തനങ്ങൾ പലവിധത്തിലാണ്. പൊതുവെ സ്ത്രി-പുരുഷ ഭേദമന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കരൾരോഗം. കരൾ വീക്കം അഥവാ ലിവർ സിറോസിസാണ് ഗുരുതരമായ കരൾ രോഗം. കരളിന് അതിന്റെ സാധാരണ ഉപാപചയ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയും കരളിൻറെ പ്രവർത്തനം പൂർണമായും പരാജയപ്പെടുകയും ചെയ്യുന്നു. ഇത് മഞ്ഞപ്പിത്തം, വയറുവേദന, കാലുകളിൽ നീർവീക്കം, മൂത്രത്തിന്റെ കറുപ്പ് നിറം, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു.

കാരണങ്ങൾ

ഗുരുതരമായ മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, സിറോസിസ്, മദ്യപാനം തുടങ്ങിയ കാരണങ്ങളാലാണ് കരൾ രോഗമുണ്ടാകുന്നതും, തുടർന്ന് അതിൻറെ പ്രവർത്തനം പൂർണമായും നിലക്കുകയും ചെയ്യുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി അല്ലെങ്കിൽ സി (പ്രത്യേകിച്ച് കുട്ടികളിൽ), ചിലതരം കാട്ടുകൂണിൻറെ ഉപയോഗം, അറിയാതെയോ അറിഞ്ഞോ വിഷപദാർഥങ്ങൾ കഴിക്കുന്നത്, അമിതമായ അളവിൽ ഗുളിക കഴിക്കുന്നതും മാരക മയക്കുമരുന്നുകളും മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതും, ദീർഘകാലമായുള്ള അമിത മദ്യപാനം, സിറോസിസ്, ഫാറ്റി ലിവർ, പോഷകാഹാരക്കുറവ് പാരമ്പര്യരോഗമായ ഹീമോക്രോമാറ്റോസിസ് എന്നിവയൊക്കെ കരൾരോഗത്തിലേക്ക് നയിക്കും.

ലക്ഷണങ്ങൾ

ചർമ്മത്തിന്റെ മഞ്ഞനിറം, വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദന, കണ്ണിൻറെ വെളുത്തഭാഗം മഞ്ഞനിറമാകുക എന്നിവയാണ് കരൾരോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. ഇതേത്തുടർന്ന് ഇടവിട്ടുള്ള പനി, ക്ഷീണം, ഛർദ്ദി എന്നിവയും ഉണ്ടാകും. കൂടാതെ വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ, ശരീരത്തിൽ കാണപ്പെടുന്ന ചുവപ്പുനിറമുള്ള പാടുകൾ എന്നിവയും കരൾരോഗത്തിൻറെ ലക്ഷണങ്ങളാകാം.

കരൾരോഗം എങ്ങനെ കണ്ടെത്താം?

മുകളിൽ പറഞ്ഞ ലക്ഷണങ്ങളുള്ളവർ വിദഗ്ദ്ധ ഡോക്ടറെ കാണുന്നത് വൈകിപ്പിക്കരുത്. ഡോക്ടറുടെ നിർദേശാനുസരണമുള്ള രക്തപരിശോധനയിലൂടെയും എക്സ്റേ, സ്കാനിങ്ങ് എന്നിവയിലൂടെയും കരൾരോഗം കണ്ടെത്താനാകും.

കരൾരോഗത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സയിലൂടെ രോഗാവസ്ഥ നിയന്ത്രിക്കാൻ സാധിക്കും.
കരൾരോഗം യഥാസമയം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ അത് ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്യാം
കരൾരോഗം രണ്ടുതരത്തിലുണ്ട്. അതിവേഗം കരളിന് നാശം സംഭവിക്കുന്നതാണ് ഒരു പ്രശ്നം. അമിതമായ മയക്കുമരുന്ന് ഉപയോഗമോ മാരകവിഷവസ്തു ശരീരത്തിലെത്തുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. രണ്ടാമതായി ഏറെക്കാലമായി മദ്യപാനമോ ഹെപ്പറ്റൈറ്റിസോ ഉള്ളവരിൽ കണ്ടുവരുന്ന കരൾരോഗമാണ്. ഇത് യഥാസമയം വിദഗ്ദ്ധ ചികിത്സ നൽകിയാൽ ഭേദമാക്കാനാകും.

ചികിത്സ

കരളിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ഉടനടി വൈദ്യസഹായം ആവശ്യമാണ്. ദീർഘകാലം മരുന്ന് കഴിക്കുന്നതും ഗുരുതരമാണെങ്കിൽ കരൾ മാറ്റിവെക്കുന്നതും ആണ് ഇപ്പോൾ ലഭ്യമാകുന്ന ചികിത്സ. രോഗത്തിൻറെ തീവ്രത അനുസരിച്ചായിരിക്കും കരൾമാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിക്കുക.

കരൾരോഗം രൂക്ഷമായാൽ

തലച്ചോറിലെ അമിതമായ ദ്രാവകത്തിന്റെ രൂപീകരണം (സെറിബ്രൽ എഡെമ) എന്ന ഗുരുതരമായ പ്രശ്നത്തിന് ഇടയാക്കും. കൂടാതെ രക്തത്തിലും മൂത്രനാളിയിലും ശ്വസന അവയവങ്ങളിലും അണുബാധയുണ്ടാകും. വൃക്കകളുടെ പ്രവർത്തനം നിലയ്ക്കും.

പ്രതിരോധമാർഗങ്ങൾ

  • ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവ ഉണ്ടാകുന്നത് തടയാൻ ഹെപ്പറ്റൈറ്റിസിനുള്ള വാക്സിൻ എടുക്കുക
  • മദ്യപാനം ഉപേക്ഷിക്കുകയോ വളരെ മിതയമായ അളവിൽ ക്രമീകരിക്കുകയോ ചെയ്യുക
  • ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണശൈലി പിന്തുടരുക. പ്രധാനമായും പച്ചക്കറികൾ കൂടുതലായി കഴിക്കണം. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളും കരളിൻറെ ആരോഗ്യത്തിന് പ്രധാനമാണ്. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ കൂടുതലായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.
  • ബേക്കറി ഭക്ഷണം, ശുചിത്വമല്ലാത്ത സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണം എന്നിവ പൂർണമായും ഒഴിവാക്കണം. ബീഫ്, ആട്ടിറച്ചി പോലെയുള്ള ചുവന്ന മാംസം പൂർണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.
  • പാരസെറ്റമോൾ പോലെയുള്ള ചിലതരം ഗുളികകളുടെ അമിത ഉപയോഗം കരൾരോഗത്തിന് കാരണമാകും.
  • ടാറ്റൂ ചെയ്യുകയാണെങ്കിൽ, സൂചി പുതിയതും ഉപയോഗിക്കാത്തതും അണുവിമുക്തമാക്കിയതുമാണെന്ന് ഉറപ്പാക്കുക.

Content summary: Actor Subi Suresh death: Know more about liver failure