ആലിയ ഭട്ട് ധരിച്ച നെക്ലേസിന് വില 20 കോടി രൂപയോ!

ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളുടെ വക്താവാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ഫാഷൻ ഷോകളിലായാലും പൊതുപരിപാടികളിലായാലും ആലിയയുടെ വേഷവിധാനങ്ങൾ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ലണ്ടനിൽ നടന്ന ഹോപ്പ് ഗാല 2024ൽ ആലിയയുടെ വസ്ത്രധാരണവും ആഭരണങ്ങളുമാണ് ശ്രദ്ധ നേടുന്നത്.

ലോകത്തെ തന്നെ ശ്രദ്ധേയമായ ഫാഷൻ ഷോകളിൽ ഒന്നായ ഹോപ്പ് ഗാലയിൽ വെറുതെയങ്ങ് പോകാൻ പാടില്ലല്ലോ. നേരത്തെ ആലിയ ധരിച്ച സാരി വൈറലായിരുന്നു. 1994-ൽ രൂപകൽപ്പന ചെയ്ത തൻ്റെ വിൻ്റേജ് ഐവറി അബു ജാനി സന്ദീപ് ഖോസ്‌ല സാരിയാണ് ഹോപ്പ് ഗാലയിൽ ആലിയ ധരിച്ചത്. ഇത് ഇതിനോടകം വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു.

സാരി മാത്രമല്ല, ആലിയയുടെ വേഷവിധാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഏറ്റവുമൊടുവിൽ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായ ഗുച്ചിയുടെ ആകർഷകമായ ബർഗണ്ടി നിറമുള്ള വെൽവെറ്റ് ഗൗൺ ആണ് ആലിയ തിരഞ്ഞെടുത്തത്. ഇടുങ്ങിയ ഒരു ചതുരാകൃതിയിലുള്ള നെക്ക്‌ലൈൻ എടുത്തുകാണിക്കപ്പെട്ടു.

ആലിയയുടെ വസ്ത്രധാരണം വളരെ ലളിതമായ ശൈലിയാണ്. എന്നാൽ ആലിയ ധരിച്ച ആഭരണങ്ങളെക്കുറിച്ചുള്ള ചൂടൻ ചർച്ചകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിൽ പ്രധാനം അവർ ധരിച്ച നെക്ലേസാണ്. വജ്ര നീലക്കല്ലുകളുള്ളതാണ് ഈ നെക്ലേസ്. നെക്ലേസിൻ്റെ നടുവിൽ ഒരു വലിയ കടും നീലക്കല്ലു പതിച്ചിട്ടുണ്ട്. കല്ലുകളുടെ അതേ ഷേഡുള്ള ഒരു വലിയ മോതിരവും ആലിയ ധരിച്ചു. ഡിഎൻഎ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ആലിയയുടെ നെക്ലേസിന് ഏകദേശം 20 കോടി രൂപ വിലവരുമത്രെ.

സഫയർ ലെയ്സ് നെക്ലേസ് എന്ന് വിളിക്കപ്പെടുന്ന ഈ ബൾഗാരി പീസ് ലേബലിൻ്റെ 2020 ബറോക്കോ ശേഖരത്തിൽ പെട്ടതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, നെക്ലേസിൽ 400 വജ്രങ്ങളും വെളുത്ത സ്വർണ്ണത്തിൻ്റെ അടിത്തറയിൽ സ്ഥാപിച്ചിരിക്കുന്ന 28.11 കാരറ്റ് നീലക്കല്ലും ഉണ്ട്. ഇതിന് ഇപ്പോഴത്തെ മൂല്യം അനുസരിച്ചാണ് 20 കോടി രൂപ വില വരുന്നത്. ഇത്രയും വിലപിടിപ്പുള്ള ആഭരണം ധരിച്ച് ആലിയ ഭട്ട് ഇതാദ്യമായാണ് ഒരു ഷോയിൽ പങ്കെടുത്തത്.