ആരോഗ്യസംരക്ഷണത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നല്ല ഭക്ഷണശീലത്തിന് നിർണായക പങ്കുണ്ട്. അതിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങള്‍ ഭേദമാക്കുന്നതിന് സിങ്ക് പ്രധാന പങ്കാണ് വഹിക്കുന്നുണ്ട്. ശരീരത്തിൽ വൈറസുകളുടെ പ്രവർത്തനം തടയാൻ സിങ്കിന് കഴിയും. അതുകൊണ്ടുതന്നെയാണ് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും രോഗാണുക്കളെ ചെറുക്കാനും മുറിവ് ഉണക്കാനും സിങ്കിന് കഴിയുമെന്ന് പറയുന്നത്.
പനി, ജലദോഷം, ചുമ തുടങ്ങിയവയെ ചെറുക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. കാരണം ഈ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ അണുബാധയ്ക്കെതിരെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ നന്നായി പ്രവർത്തിക്കും. സിങ്കിലെ ആന്റി വൈറല്‍ ഗുണങ്ങള്‍ അണുബാധയുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ സൈനസൈറ്റിസ്, ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധകളുള്ളവർ സിങ്ക് അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്.
ഏതൊക്കെ ഭക്ഷണങ്ങളിലാണ് സിങ്ക് അടങ്ങിയിട്ടുള്ളത്?
സിങ്കിന്‍റെ ഗുണങ്ങളെ കുറിച്ച് ധാരാളം പറഞ്ഞു. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങളിലാണ് സിങ്ക് അടങ്ങിയിട്ടുള്ളതെന്ന് അറിയാമോ? അത് ഏതൊക്കെയെന്ന് നോക്കാം. പാല്‍, ചീസ്, തൈര്, വെണ്ണ തുടങ്ങിയ പാലുത്പ്പന്നങ്ങളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. പയറുവർഗങ്ങളിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. നിലക്കടല, വെള്ളക്കടല, ബീൻസ് തുടങ്ങിയവയിൽനിന്ന് ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കും.
ഇവ കൂടാതെ ചിക്കൻ, ബീഫ് തുടങ്ങിയ മാംസങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ഇവ കഴിക്കുന്നത് സിങ്കിന്റെ കുറവു പരിഹരിക്കാൻ സഹായിക്കും. മുട്ടയിലും സിങ്ക് നല്ല അളവിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യപ്രദമായ നട്ട്സുകളിലും സിങ്ക് ധാരാളമുണ്ട്. ബദാം, കശുവണ്ടി, വാള്‍നട്‌സ്, മത്തങ്ങ കുരു തുടങ്ങിയ നട്‌സുകളും വിത്തുകളും കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കും. ഇതിനെല്ലാം പുറമെ ഡാർക്ക് ചോക്ലേറ്റ്, അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവയിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
Also Read: രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനുള്ള 3 തരം ഭക്ഷണങ്ങൾ