മലപ്പുറത്തെ അഞ്ചുവയസുകാരന് കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവെച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. 25 വയസുള്ള അമ്മയുടെ കരളിന്റെ ഒരു ഭാഗമാണ് കുട്ടിയിൽ തുന്നിച്ചേർത്തത്. 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് കുഞ്ഞിന് പുതുജീവൻ നൽകിയത്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ.

അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിതെന്ന് ഡോക്ടർമാർ പറയുന്നു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്.

ജന്മനാ കരൾരോഗബാധിതനായിരുന്ന കുട്ടിയുമായി മാതാപിതാക്കൾ പല സ്ഥലങ്ങളിലും ചികിത്സ തേടിയിരുന്നു. എന്നാൽ കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്റു മാർഗമില്ലെന്നു ഡോക്ടർമാർ അവരെ അറിയിച്ചു. എന്നാൽ സാമ്പത്തിക പരാധീനതയും മറ്റും കാരണങ്ങളും മൂലം ചികിത്സ നടന്നില്ല. ഇതിനിടയിൽ പിതാവ് മരിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെത്തിയത്.

Also Read- പ്രിയതമൻറെ ജീവൻ രക്ഷിക്കാൻ അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ പകുത്തുനൽകി ഭാര്യ; അപൂർവ ശസ്ത്രക്രിയ

അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.