കൊല്ലം: കേരളത്തിലേക്ക് ട്രെയിൻ മാർഗം വൻതോതിൽ ഫോർമാലിൻ ഉൾപ്പടെ മാരക രാസവസ്തുക്കൾ ചേർത്ത മൽസ്യം കടത്തുന്നു. തെക്കൻ കേരളത്തിൽ കൊല്ലം, കൊച്ചുവേളി സ്റ്റേഷനുകളിലേക്കാണ് ട്രെയിനിൽ പഴകിയ മൽസ്യം കടത്തുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ അനന്തപുരി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ അന്യസംസ്ഥാനത്തുനിന്നും മീൻ ഇറക്കുമതി ചെയ്യുന്നത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ ആവശ്യപ്പെടുന്നു. തിരുവനന്തപുരം കൊച്ചുവേളിയിലും ഇത്തരത്തിൽ വൻതോതിൽ ട്രെയിനിൽ മൽസ്യം കൊണ്ടുവരുന്നുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി ഉൾപ്പടെയുള്ള ഹാർബറുകളിൽനിന്നാണ് ട്രെയിനിൽ മീൻ വരുന്നത്. മംഗലാപുരത്തുനിന്ന് മലബാർ എക്സ്പ്രസിൽ കരിമീൻ കൊണ്ടുവരുന്നതും പതിവാണ്.
ശരിയായ വിധത്തിലുള്ള പാക്കിംഗ് ഇല്ലാത്തതുകൊണ്ട് പ്ലാറ്റ്ഫോമിൽ മുഴുവൻ മീൻ വെള്ളം ആവുകയും അതുമൂലം അസഹനീയമായ ദുർഗന്ധമുണ്ടായി യാത്രക്കാർക്ക് വലിയതോതിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. കൊല്ലം പോലെ മത്സ്യ സമ്പത്തുള്ള ഒരു മേഖലയിൽ അന്യസംസ്ഥാനത്തുനിന്ന് മത്സ്യം വരുന്നത് തന്നെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് ന്യായമായും സംശയിക്കാം.
പാർസൽ ബോക്സുകളിൽ അയക്കുന്ന ആളിൻ്റെയും ലഭിക്കേണ്ട വ്യക്തിയുടേയും വിലാസം വ്യക്തമായല്ല രേഖപ്പെടുത്തുന്നത്. വായിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്.
ഫോർമാലിൻ കലർത്തിയ മത്സ്യങ്ങളാണ് ട്രെയിനുകളിൽ കൊല്ലത്ത് എത്തുന്നത്. മറ്റ് പാർസലുകളെ അപേക്ഷിച്ച് ഇവ പോർട്ടർമാർ ഞൊടിയിടയിൽ പുറത്ത് എത്തിക്കും. ഇതിനായി ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്.
മീൻ ബോക്സിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിന ജലം ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിൽ വീഴുന്നു. ഇതിന് രൂക്ഷമായ ദുർഗന്ധമാണ്. ശുചീകരണ തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് ഇവ കഴുകി മാറ്റുന്നത്. ഫോർമാലിൻ കലർന്ന വെള്ളമായതിൽ ദുർഗന്ധം മാത്രമല്ല ശ്വസിക്കുന്നവർക്ക് അസ്വസ്ഥതകളും ഉണ്ടാകുന്നു. റെയിൽവേ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനകളും നടക്കുന്നില്ല. ഭാവിയിൽ ഭക്ഷ്യവിഷബാധ അടക്കമുള്ള സംഭവങ്ങൾക്ക് ഇത് വഴി വച്ചേക്കാം.
റെയിൽവേ ആരോഗ്യ വിഭാഗം , സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികാരികളുടെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് ആവശ്യപ്പെട്ടു.
ഫോർമാലിൻ ചേർത്ത മൽസ്യം എങ്ങനെ തിരിച്ചറിയാം?
മാരകമായ ഒരു രാസവസ്തുവാണ് ഫോർമാലിൻ. ഈ രാസലായനി പൊതുവെ ഉപയോഗിക്കുന്നത് ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ അഴുകാതെ ദീര്‍ഘകാലം സൂക്ഷിക്കാനാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന മൽസ്യം അഴുകാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ ഉപയോഗിക്കാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമായതും ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതുമായ രാസവസ്തുവാണ് ഫോർമാലിൻ
ഫോർമാലിൻ ചേർത്ത മൽസ്യം എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. ഫോര്‍മലിന്‍ ചേർക്കുന്നതോടെ മത്സ്യം കൂടുതല്‍ മൃദുത്വമുള്ളതായി മാറുന്നു. കൂടാതെ മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകളുടെ നിറം മങ്ങിത്തുടങ്ങും. ചെകിളയുടെ നിറവും മങ്ങും. കൂടാതെ മൽസ്യത്തിനുള്ള സ്വാഭാവിക ഗന്ധം ഇല്ലാതാകും. ചെതുമ്പലിന് സ്വാഭാവിക നിറമില്ലാതാകും. ഫോർമാലിൻ കലർന്ന മൽസ്യം ഒരു കാരണവശാലും ഭക്ഷ്യയോഗ്യമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൽസ്യത്തിൽ ഫോർമാലിൻ ഉപയോഗിക്കുന്നത് എന്തിന്?
ഐസ് ചേർത്ത് മൽസ്യം സൂക്ഷിക്കുന്നതിലുള്ള ചെലവ് കൂടുതലായതാണ് ഫോർമാലിൻ ഉപയോഗിച്ചു തുടങ്ങാൻ കാരണം. ഒരു ബക്കറ്റ് വെള്ളത്തിൽ ചെറിയ ഗ്ലാസ് ഫോർമാലിൻ കലർത്തി നേർപ്പിച്ചാൽ, 250 കിലോ മൽസ്യം നാലുദിവസം വരെ സൂക്ഷിക്കാനാകും. ഇത്രയും മൽസ്യം ഐസ് ഉപയോഗിച്ച് നാല് ദിവസം സൂക്ഷിക്കാൻ പത്തിരട്ടിയിലേറെ ചെലവ് വരും. കൂടാതെ ഐസ് ഉപയോഗിക്കുമ്പോൾ കൂടുതൽ സ്ഥലം നഷ്ടമാകുകയും ചെയ്യും. ഫോർമാലിൻ ആണെങ്കിൽ കൂടുതൽ മൽസ്യം സൂക്ഷിക്കാനാകും.
മൽസ്യത്തിൽനിന്ന് ഫോർമാലിൻ ഒരിക്കലും പോകില്ല
ഫോർമാലിൻ ചേർത്ത മൽസ്യം എത്രയൊക്കെ കഴുകിയാലും ആ രാസലായനിയുടെ സാന്നിദ്ധ്യം ഒരിക്കലും പോകില്ല. മൽസ്യം എത്രനേരം വെള്ളത്തിൽ കുതിർത്തുവെച്ചാലും പാകം ചെയ്യുമ്പോൾ നന്നായി തിളപ്പിച്ചാലും രാസ സാന്നിദ്ധ്യം നഷ്ടമാകുന്നില്ല.
ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ?
ഫോർമാലിൻ ചേർത്ത മൽസ്യം കഴിക്കുന്നത് ഗുരുതരമായ പല അസുഖങ്ങൾക്കും കാരണമാകും. കരൾ, വൃക്ക എന്നീ അവയവങ്ങളെ സാരമായി ബാധിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. കരളിലെ ഉൾപ്പടെ ശരീരത്തിലെ കലകളെ കട്ടിയാക്കാൻ ഇതിന് കഴിയും. ഗുരുതരമായ കരൾ രോഗത്തിനും ക്യാൻസറിനും വൃക്കതകരാറിനും ഫോർമാലിൻ ചേർത്ത മൽസ്യം കാരണമാകും. ഹെപ്പറ്റൈറ്റിസ് പോലെയുള്ള അസുഖങ്ങൾക്കും ഫോർമാലിൻ ചേർത്ത മൽസ്യത്തിന്റെ ദീർഘകാല ഉപയോഗം കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയുടെ പ്രവർത്തനത്തെയും ഫോർമാലിൻ സാരമായി ബാധിക്കും.
Also Read: മത്സ്യം ദിവസവും കഴിച്ചോളൂ, ഈ അഞ്ച് ഗുണങ്ങൾ ലഭിക്കും
Content Summary: A large quantity of fish laced with deadly chemicals including formalin is transported to Kerala by train. Stale fish is transported by train to Kollam and Kochuveli stations in southern Kerala.