Male Infertility | ബീജങ്ങളുടെ ചലനശേഷി തടയുന്ന ബാക്ടീരിയ; പുരുഷ വന്ധ്യതയുടെ പ്രധാന കാരണം

ലോകത്തെ വലിയ ആരോഗ്യപ്രശ്നമായി വന്ധ്യത മാറുകയാണ്. വന്ധ്യതയ്ക്കുള്ള പ്രധാന കാരണം പുരുഷൻമാരിൽ ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ബീജങ്ങളുടെ എണ്ണക്കുറവും ചലനശേഷി ഇല്ലായ്മയും വന്ധ്യതയിലേക്ക് നയിക്കുമെന്ന കാര്യം പൊതുവെ എല്ലാവർക്കും അറിയാവുന്നതാണ്. പുരുഷൻമാരിൽ വന്ധ്യതയിലേക്ക് നയിക്കുന്ന മോശം ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമൊക്കെയാണെന്ന് ഇതിനോടകം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ശുക്ല പരിശോധനയിൽ(സെമെൻ അനാലിസിസ്) 30 ശതമാനത്തോളം ബീജങ്ങളും പ്രത്യുൽപാദനശേഷി ഇല്ലാത്തതാണെന്ന് കണ്ടെത്താറുണ്ട്. ഇത് എന്തുകൊണ്ടാണെന്ന കൃത്യമായ ഒരു വിശദീകരണം ഇതുവരെ ഒരു പഠനവും ആരോഗ്യവിദഗ്ദരും നൽകിയിട്ടില്ല. 

എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വെളിച്ചം പകരുന്ന പുതിയൊരു പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. വന്ധ്യത ചികിത്സ ഫലം കാണാതെ നിരാശരായിരിക്കുന്നവർക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ പഠനം. ബീജത്തിന്‍റെ ചലനശേഷിയെ സ്വാധീനിക്കുന്ന ഒരു ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ലാക്ടോബാസിലസ് ഇനേഴ്സ്(എൽ. ഇനേഴ്സ്) എന്ന ബാക്ടീരിയയാണ് ബീജങ്ങളുടെ ചലനശേഷിയെ ബാധിക്കുന്നത്. സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയിലൂടെ അതിവേഗം സഞ്ചരിച്ച് അണ്ഡത്തിലേക്ക് ബീജ എത്തുമ്പോഴാണ് ബീജസങ്കലനം നടക്കുന്നതെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. 

ലാക്ടോബാസിലസ് ഇനേഴ്‌സ് എന്ന ബാക്ടീരിയയുടെ അളവ് ശുക്ലത്തിൽ കൂടുതലാണെങ്കിൽ അത്തരം പുരുഷൻമാരുടെ ബീജത്തിന് ചലനശേഷി കുറവായിരിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ബീജത്തിലെ ബാക്ടീരിയകളെക്കുറിച്ച് വിശദമായുള്ള ഒരു പഠനം നടക്കുന്നതെന്നും ഇതിന് നേതൃത്വം നൽകിയവർ അവകാശപ്പെടുന്നു. 

പുരുഷൻമാരുടെ ബീജത്തിന്‍റെ ആരോഗ്യത്തിന് എൻസൈമുകൾ ഫ്രക്ടോസ്, സിട്രിക് ആസിഡ് എന്നിവ ഏറെ പ്രധാനമാണ്. അതുപോലെ തന്നെ ഒരുകൂട്ടം ബാക്ടീരിയകളുടെ സന്തുലനവും ഉണ്ടാകണം. എന്നാൽ എൽ. ഇനേഴ്സ് പോലെയുള്ള ദോഷകരമായ ബാക്ടീരിയകളുടെ അളവ് കൂടുതലാണെങ്കിൽ അത് ബീജത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്ന കാര്യമാണ്. 

എൽ. ഇനേഴ്സ് കൂടാതെ, ബീജത്തിലുള്ള ബാക്ടീരിയകൾ ഏതൊക്കെ?

എന്‍ററോകോക്കസ് ഫെക്കാലിസ്

കോറിനെബാക്ടീരിയം ട്യൂബർകുലോസ്റ്റിയറിക്കം

സ്റ്റാഫൈലോകോക്കസ് എപിഡെർമിഡിസ്

ഫൈൻഗോൾഡിയ മാഗ്ന

പഠനത്തിന്‍റെ ഭാഗമായി, പ്രത്യുൽപാദന പ്രശ്നങ്ങൾക്കോ വന്ധ്യകരണത്തിനോ ചികിത്സ തേടുന്ന 73 പുരുഷന്മാരുടെ ബീജം വിശദമായി വിശകലനം ചെയ്തു.

പ്രത്യുൽപാദന പ്രശ്‌നങ്ങളുള്ള 27 പുരുഷന്മാരുടെ ബീജത്തിൽ വന്ധ്യകരണം തേടുന്ന 46 പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന അളവിൽ എൽ. ഇനറുകൾ ഉള്ളതായി ഗവേഷകർ കണ്ടെത്തി. അസാധാരണമായ ശുക്ലമുള്ള പുരുഷന്മാരിൽ സ്യൂഡോമോണസ് സ്റ്റട്ട്‌സേരി, സ്യൂഡോമോണസ് ഫ്ലൂറസെൻസ് എന്നീ ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്ന് വ്യക്തമായിരുന്നു. സാധാരണ ശുക്ലമുള്ളവരെ അപേക്ഷിച്ച് സ്യൂഡോമോണസ് പുറ്റിഡയുടെ അളവ് കുറവായിരുന്നു.

വന്ധ്യതയ്ക്ക് കാരണമാകുന്ന ബാക്ടീരിയ

പുരുഷന്മാരുടെ ആരോഗ്യം, വന്ധ്യത എന്നീ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച അമേരിക്കയിലെ പ്രശസ്ത യൂറോളജിസ്റ്റായ ഡോ. വാഡിം ഒസാഡ്ചിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ പഠനത്തിൽ പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്ന എൽ.ഇനേഴ്സ് ബാക്ടീരിയ വന്ധ്യതയെ എങ്ങനെ ബാധിക്കുമെന്ന് ആഴത്തിൽ പഠിച്ചു. സ്ത്രീകളിൽ, “ഈ സൂക്ഷ്മാണു ഗുണകരമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. അതായത് ഗുണകരമായ ബാക്ടീരിയകളെ നിലനിർത്തുന്നതിനും ദോഷകരമായ ബാക്ടീരിയകളെ ഒഴിവാക്കുന്നതിലും എൽ. ഇനേഴ്സിന് പങ്കുണ്ട്” ഡോ. ഒസാഡ്ചി പറഞ്ഞു. അതേസമയം ചിലപ്പോൾ, ബാക്ടീരിയകൾ “ബാക്ടീരിയൽ വാഗിനോസിസ് അഥവാ ലൈംഗികമായി പകരുന്ന അണുബാധകൾ ഉണ്ടാകുന്നതിന് കാരണമായേക്കാം” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെർട്ടിലിറ്റി ചികിത്സയ്ക്ക് വിധേയരായ ആളുകളുടെ വിജയനിരക്കിലും എൽ.ഇനേഴ്സ് ബാക്ടീരിയകൾ സ്വാധീനം ചെലുത്തുമെന്ന് ഡോ. ഒസാഡ്ചി അഭിപ്രായപ്പെട്ടു.

“യോനിയിലെ മൈക്രോബയോമിൽ ഈ സൂക്ഷ്മാണുക്കൾ കൂടുതലായി കാണപ്പെടുമ്പോൾ, വന്ധ്യതാനിവാരണത്തിനുള്ള അത്യാധുനിക അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി(ART) ചികിത്സ പരാജയപ്പെടുന്നതായി ഇതിനോടകം വ്യക്തമായിട്ടുണ്ട്. ബീജങ്ങളുടെ വേഗത്തിലുള്ള സഞ്ചാരത്തെ തടയുന്നതാണ് ഇതിന് കാരണമാകുന്നത്” അദ്ദേഹം പറഞ്ഞു.

ഈ പഠനത്തിൽ ഗവേഷകർ പരിശോധിച്ച മറ്റൊരു കാര്യം ബീജത്തിലുള്ള ബാക്ടീരിയയും നമ്മുടെ കുടലിൽ കാണപ്പെടുന്ന ബാക്ടീരിയകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. “ഒരു പുരുഷനിൽ വന്ധ്യതാപ്രശ്നം കണ്ടെത്തുമ്പോൾ, ശരീരഘടനാപരമായി പറഞ്ഞാൽ, ബീജത്തിലെ ബാക്ടീരിയകളും നമ്മുടെ ശരീരത്തിലെ മറ്റ് വിവിധ ബാക്ടീരിയകളും തമ്മിൽ അത്ര അടുത്ത ബന്ധമില്ല എന്നതാണ്” ഡോ. ഒസാഡ്ചി നിർദ്ദേശിച്ചു. “പ്രത്യുത്പാദനവും മൂത്രനാളിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ മൂത്രവും ബീജവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് നമുക്കറിയാം. എന്നാൽ ഇതിൽ രണ്ടിലുമുള്ള ബാക്ടീരിയകൾ തികച്ചും വ്യത്യസ്തമാണ്,” ഡോ. ഒസാഡ്ചി കൂട്ടിച്ചേർത്തു.

പഠനത്തിൽ ഉൾപ്പെടാത്ത ന്യൂട്രാനൗറിഷിന്റെ ഫംഗ്ഷണൽ മെഡിസിൻ ഡോക്ടർ ഡോ. മെങ്ക ഗുപ്ത, ബീജത്തിലുള്ള ബാക്ടീരിയകളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി കുടലിന്‍റെ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും നിർദ്ദേശിക്കുന്നുണ്ട്. “ഭക്ഷണം, മാനസികസമ്മർദം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളിലൂടെ കുടലിലെയും ബീജത്തിലെയും ബാക്ടീരിയകൾ തമ്മിലുള്ള ബന്ധം എനിക്ക് കാണാൻ കഴിയും,” ഡോ. ഗുപ്ത പറഞ്ഞു.

ബീജത്തിലെ ബാക്ടീരിയകളെ കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്. ഇത് “ബീജത്തിന്‍റെ എണ്ണം, ഗുണനിലവാരം, ചലനശേഷി തുടങ്ങിയവയിൽ നിലവിലുള്ള അളവുകൾ മാറ്റം വരുത്തുന്നതിനും പുരുഷ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ചികിത്സകളിലേക്ക്” നയിക്കാനും സഹായിക്കുമെന്ന് ഡോ. ഗുപ്ത പറഞ്ഞു.

ശുക്ലത്തിലെ സൂക്ഷ്മാണുക്കളും വന്ധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും “ബീജ ബാക്ടീരിയകളെ പോസിറ്റീവായി (അല്ലെങ്കിൽ പ്രതികൂലമായി) സ്വാധീനിക്കാൻ ഏത് തരത്തിലുള്ള ഘടകങ്ങളാണ് നമ്മുടെ നിയന്ത്രണത്തിലുള്ളതെന്നതിനെ കുറിച്ച് നിലവിൽ ഗവേഷകർക്ക് നല്ല ധാരണയില്ലെന്നും ഡോ. ഒസാഡ്ചി പറഞ്ഞു.

ബീജത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യണം?

പതിവായി വ്യായാമം ചെയ്യുക- കാർഡിയോ എക്സർസൈസുകൾ

സമ്മർദ്ദം കുറയ്ക്കണം- യോഗയും ധ്യാനവും പരിശീലിക്കാം

സംസ്കരിച്ച ഭക്ഷണം പൂർണമായുംഒഴിവാക്കണം

നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം- പഴങ്ങളും പച്ചക്കറികളും

മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കണം

ആന്‍റി ഓക്സിഡന്‍റും പ്രോബയോട്ടിക്കുമായ ഭക്ഷണശീലം പിന്തുടരണം

Also Read:

പുരുഷൻമാരിൽ വന്ധ്യത കൂടുന്നത് എന്തുകൊണ്ട്?

വന്ധ്യതക്ക് കാരണമാകുന്ന 6 ജീവിതശൈലികൾ