ചുട്ടയിലെ ശീലം ചുടല വരെ എന്നൊരു ചൊല്ലുണ്ട്. എന്നാൽ കുട്ടിക്കാലത്തെ ചില ശീലങ്ങൾ പ്രായമാകുമ്പോൾ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. കുട്ടിക്കാലത്ത് നഖം കടിക്കുകയോ മൂക്കിൽ കൈ ഇടുകയോ വിരൽ വായിൽ ഊറുകയോ ചെയ്യുന്ന തരം ശീലങ്ങളാണ് പിൽക്കാലത്ത് പ്രശ്നമായി മാറുക. ഒറ്റനോട്ടത്തിൽ നിരുപദ്രവകരമെന്ന് തോന്നുന്ന കാര്യങ്ങളാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നീട് ഇടയാക്കുന്നത്. അത്തരത്തിൽ കുട്ടിക്കാലത്തെ ഏതൊക്കെ ശീലങ്ങളാണ് പിന്നീട് സാരമായി ബാധിക്കുന്നതെന്ന് ഏതൊക്കെ മോശം ശീലങ്ങളാണ് ഇന്ന് നിങ്ങളെ ബാധിച്ചേക്കുന്നതെന്ന് നോക്കാം.
1. മൂക്കിൽ വിരൽ ഇടുക
മുക്കിൽ വിരൽ ഇടുന്നവരിൽ പ്രത്യേകതരം ബാക്ടീരിയവാഹകരാകാനുള്ള സാധ്യതയുണ്ടെന്ന് 2006ൽ നടത്തിയ പഠനത്തിൽ വ്യക്തമായി. 324 പേരെ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മൂക്കിനുള്ളിൽ കൈ ഇടുന്നതിലൂടെയാണ് എസ്. ഓറിയസ് എന്ന ബാക്ടീരിയവാഹകരാകാനുള്ള സാധ്യത 51% കൂടുതലാണെന്ന് പഠനം കണ്ടെത്തിയത്.
2. അമിതമായ ടിവി കാണൽ
ഏറെ സമയം ടിവി കാണുന്ന ശീലം കുട്ടിക്കാലത്ത് ഉള്ളവർക്ക് പിന്നീട് പലതരം ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്ന് സെറിബ്രൽ കോർട്ടെക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത്തരം കുട്ടികളിൽ ഐക്യു സ്കോറുകൾ കുറവാണെന്ന് പഠനത്തിൽ പറയുന്നു. ടിവിക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ അവരുടെ കൗമാരത്തിൽ ശ്രദ്ധക്കുറവ് പോലെയുള്ള പ്രശ്നങ്ങളുണ്ടാകുമെന്ന് മറ്റൊരു പഠനം കണ്ടെത്തി.
3. ശീതളപാനീയങ്ങൾ
കുട്ടിക്കാലത്ത് അമിത മധുരമുള്ള ശീതളപാനീയങ്ങളും കോളയും ധാരാളം കുടിക്കുന്നത് പിൽക്കാലത്ത് അപകടകരമായ സാഹചര്യങ്ങളുണ്ടാക്കും. വായുടെയും പല്ലുകളുടെയും ആരോഗ്യം നഷ്ടപ്പെടും. കൂടാതെ ശരീരഭാരം കൂടുകയും അമിതവണ്ണം ഉണ്ടാകുകയും പ്രമേഹരോഗികളായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
4. വിരൽ കുടിക്കുന്നത്
കുട്ടിക്കാലത്ത് തള്ളവിരൽ വായിലിട്ട് കുടിക്കുന്ന ശീലം ചില കുട്ടികളിൽ കണ്ടുവരാറുണ്ട്. ഇത് ചില ദീർഘകാല പാർശ്വഫലങ്ങൾക്ക് കാരണമാകും. ഇത് ശരീരവളർച്ചയ്ക്കൊപ്പം പല്ലുകളുടെ വിന്യാസത്തെ ബാധിക്കും വായുടെ ആരോഗ്യം മോശമാക്കുകയും ചെയ്യും.
5. നഖംകടി
കുട്ടിക്കാലത്ത് നഖം കടിക്കുന്ന ശീലമുള്ള കുട്ടികളുണ്ട്. ഇത് പിൽക്കാലത്ത് അവരുടെ പല്ലുകൾക്ക് കേടുപാട് വരാൻ ഇടയാക്കും. കൂടാതെ നഖങ്ങൾ വളരാൻ കാരണമാകുന്ന കലകൾക്ക് കേടുപാടുകളുണ്ടാക്കും. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ അണുബാധയുണ്ടാകാനും ഈ ശീലം കാരണമാകും.
6. ലൈറ്റ് ഇട്ട് ഉറങ്ങുക
കുട്ടിക്കാലത്ത് ചിലർ ഇരുട്ടിനെ പേടിച്ച് കിടപ്പുമുറിയിലെ ലൈറ്റ് ഓണാക്കി ഉറങ്ങുന്ന ശീലം കാണിക്കുന്നുണ്ട്. 2018 ലെ ഒരു പഠനമനുസരിച്ച്, പിൽക്കാലത്ത് ഈ ശീലം തുടരുന്നവരിൽ വിഷാദരോഗത്തിനും മാനസികപ്രശ്നങ്ങൾക്കും കാരണമായി മാറും.
Content Summary: Habits like biting nails, picking your nose or thumb sucking during childhood can become a problem later on. Things that seem harmless at first glance can lead to serious health problems later on.