ദൈവത്തിന്റെ സ്വന്തം നാട്- അതാണ് കേരളത്തെ ലോകമെങ്ങും പ്രശസ്തമാക്കിയ വാചകം.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനാകാത്ത നിരവധി കാര്യങ്ങളുണ്ട് നമ്മുടെ ഈ കൊച്ച് കേരളത്തിൽ. സാംസ്ക്കാരിക വൈവിധ്യവും രുചിഭേദങ്ങളും തുടങ്ങി ഏറ്റവും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ വരെ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തെ ലോകത്തിന് മുന്നിൽ പ്രശസ്തമാക്കിയ ഈ കാര്യങ്ങളിൽ പലതും ഇപ്പോഴും മിക്ക മലയാളികൾക്കും അന്യമാണ്. ഇവിടെയിതാ, ഒരിക്കലെങ്കിലും ആസ്വദിക്കുകയോ അനുഭവിക്കുകയോ കാണുകയോ ചെയ്യേണ്ട കേരളത്തിന്റെ 6 പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഭക്ഷണം- അന്യനാട്ടിലെ സഞ്ചാരികളെ ഇവിടേക്ക ആകർഷിക്കുന്നതിൽ മുഖ്യ പങ്കാണ് ഇവിടുത്തെ രുചിവൈവിധ്യത്തിനുള്ളത്. കേരളത്തിന്റെ തെക്കു മുതൽ വടക്കുവരെ ഓരോ മുക്കിലും മൂലയിലും ഭക്ഷണവൈവിധ്യത്തിന് പേരുകേട്ടതാണ്. തനിനാടൻ ഭക്ഷണം മുതൽ, മലബാറിലെ തികച്ചും വ്യത്യസ്തമായ വിഭവങ്ങളും ഏറെ രുചികരമാണ്. കേരളത്തിന്റെ തനതായ സദ്യ, ഇടിയപ്പം – ചിക്കൻ കറി, അപ്പവും താറാവ് റോസ്റ്റും, പുട്ടും കടല കറിയും, ദോശ, ഇഡലി, നെയ്റോസ്റ്റ് എന്നിവയ്ക്കൊപ്പം ചട്ണിയും സാമ്പാറും ചേർന്ന കോമ്പിനേഷൻ, കരിമീൻ പൊള്ളിച്ചത്, ചെമ്മീൻ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, കടൽ-കായൽ മൽസ്യങ്ങൾ, പൊറോട്ടയും ബീഫും അങ്ങനെ പോകുന്നു കേരളത്തിന്റെ സ്വന്തം രുചിവൈവിധ്യം.
- ബീച്ചുകൾ- കേരളത്തിലെ ബീച്ചുകൾ ഏറെ മനോഹരമാണ്. ഏകദേശം 600 കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന കേരളത്തിന്റെ തീരമേഖലയിൽ നിരവധി ബീച്ചുകളുണ്ട്. ഇതിൽ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്ന് തിരുവനന്തപുരം കോവളത്താണ്. വർക്കല, ആലപ്പുഴ, ചേറായി, കോഴിക്കോട് തുടങ്ങിയ ബീച്ചുകളും സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. കണ്ണൂർ മുഴുപ്പിലങ്ങാട്ടുള്ള ഡ്രൈവ് ഇൻ ബീച്ചും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്.
- ബാക്ക് വാട്ടർ ടൂറിസം- കേരളത്തെ മനോഹരമാക്കുന്ന മറ്റൊന്നാണ് ബാക്ക് വാട്ടർ ടൂറിസം. തടാകങ്ങളും കായലുകളും നദികളുമൊക്കെ ഒരു ശൃംഖല പോലെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് കേരളത്തിലെ ബാക്ക് വാട്ടർ ടൂറിസം, കൊച്ചി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലാണ് ബാക്ക് വാട്ടർ ടൂറിസം ആസ്വദിക്കാനായി കൂടുതൽ സഞ്ചാരികൾ എത്താറുള്ളത്. രാജകീയമായ ഹൌസ് ബോട്ടുകൾ മുതൽ ചെറു വള്ളങ്ങൾ വരെ ഉപയോഗിച്ച ഈ ബാക്ക് വാട്ടർ ടൂറിസത്തിന്റെ മനോഹാരിത അനുഭവിച്ചറിയാനാകും.
- ഹിൽ സ്റ്റേഷനുകൾ- കേരളത്തിലെ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്നാണ് ഹിൽസ്റ്റേഷനുകൾ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1600 അടി ഉയരത്തിലായി പശ്ചിമഘട്ടമലനിരകളിലാണ് ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. പൊൻമുടി, മൂന്നാർ, വാഗമൺ, സൈലന്റ് വാലി, വയനാട് എന്നിവയൊക്കെയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകൾ. തേയിലതോട്ടങ്ങളും, മൊട്ടക്കുന്നുകളും മഴക്കാടുകളുമൊക്കെയാണ് കേരളത്തിലെ ഹിൽ സ്റ്റേഷനുകൾക്ക ദൃശ്യചാരുതയേകുന്നത്.
- വൈൽഡ് ലൈഫ്- വന്യജീവികളെ നേരിൽ കാണാൻ കഴിയുന്ന വന്യജീവിസങ്കേതങ്ങളാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത. വയനാട്, മുത്തങ്ങ, പെരിയാർ, ഇരവികുളം, ആറളം തുടങ്ങിയ വന്യജീവിസങ്കേതങ്ങൾ ഏറെ പ്രശസ്തമാണ്. ഇവിടങ്ങളിൽ ആന, കടുവ, മാൻ, കാട്ടുപോത്ത് തുടങ്ങിയ നിരവധി മൃഗങ്ങളെ നേരിൽ കാണാനാകും. ദേശാടനകിളികൾ ഉൾപ്പടെയുള്ള നിരവധി പക്ഷികൾ പാർക്കുന്ന മംഗളവനം, കടലുണ്ടി, സൈലന്റ് വാലി തുടങ്ങിയ പക്ഷിസങ്കേതകങ്ങളും കേരളത്തിലുണ്ട്.
- ഉൽസവങ്ങൾ- സാംസ്ക്കാരിക തനിമ അവകാശപ്പെടുന്ന നിരവധി ഉൽസവങ്ങളും കേരളത്തിൽ നടന്നുവരുന്നു. പ്രധാനമായും നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് കേരളത്തിലെ ഉൽസവ സീസൺ. തെയ്യം, തിറ, വേല, പൂരം, വള്ളംകളി, പടയണി എന്നിങ്ങനെ ഓരോ നാട്ടിലും വ്യത്യസ്തമായ ഉൽസവങ്ങളുണ്ട്. പ്രധാനമായും ഉത്തരമലബാറിലാണ് തെയ്യം കൊണ്ടാടാറുള്ളത്. തൃശൂർ പൂരം ഉൽസവപ്രേമികളുടെ ഏറ്റവും വലിയ സംഗമവേദിയാണ്. പത്തനംതിട്ട മേഖലകളിൽ കാണുന്ന പടയണിയും ആചാരനുഷ്ഠാനങ്ങളോടെയാണ് നടത്തുന്നത്. ഇത്തരം ഉൽസവങ്ങൾ പ്രദാനം ചെയ്യുന്ന കാഴ്ചവൈവിധ്യം ഒന്ന് വേറെ തന്നെയാണ്. കേരളത്തിന്റെ ഏറ്റവും വലിയ ഉൽസവമായ ഓണം മറുനാട്ടുകാരെ വിസ്മയിപ്പിക്കുന്ന നിരവധി ആഘോഷ പരിപാടികളാലും രുചിവൈവിധ്യമൊരുക്കുന്ന സദ്യയാലുമൊക്കെ വ്യത്യസ്തമാണ്. അതിൽ ഏറ്റവും പ്രധാനം ആറൻമുള വള്ളസദ്യയാണ്. എണ്ണിയാൽ തീരാത്ത വിഭവങ്ങളാണ് വള്ളസദ്യയുടെ പ്രത്യേകത. കളരിപ്പയറ്റ് പോലെയുള്ള ആയോധനകലകളും കഥകളി, ഓട്ടൻതുള്ളൽ പോലെയുള്ള നൃത്തരൂപങ്ങളും കേരളത്തിന്റെ കലാവൈവിധ്യത്തിന് ഉദാഹരണമാണ്.