ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യകരമായ ശീലമല്ല എന്നാണ് പൊതുവെ കരുതുന്നത്. എല്ലാവരും ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുകയും കഴിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് ചോക്ലേറ്റ് കഴിച്ച ശേഷം കുറ്റബോധം ഉണ്ടാകുന്നത്. കഴിക്കാൻ പാടില്ലാത്ത വസ്തു കഴിച്ചു പോയല്ലോ എന്നോർത്ത് വിഷമിക്കും. ചോക്ലേറ്റിനോടുള്ള ആഗ്രഹം കടിച്ചമർത്തി ജീവിക്കുകയും ചെയ്യും.
ചോക്ലേറ്റ് കഴിക്കുന്നതിൽ കുറ്റബോധം വേണ്ട
ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന ഒരാൾ അത് കഴിക്കാതിരിക്കുമ്പോൾ നിഅവരുടെ രുചി മുകുളങ്ങൾക്ക് മാത്രമല്ല വിഷമം വരുന്നത്, ആരോഗ്യത്തിനുമാണ്. 2024 ലെ ഒരു പഠനം പറയുന്നത് ആഘോഷ വേളകളിൽ ചോക്ലേറ്റ് കഴിച്ച സ്ത്രീകൾക്ക് ആരോഗ്യകരമായ ഭാരം നിലനിർത്താനായി എന്നാണ്. അതേസമയം കുറ്റബോധത്തോടെ ചോക്ലേറ്റ് കഴിക്കുമ്പോൾ പല പ്രശനങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.
- ആരോഗ്യകരമായ ഭാരം നിലനിർത്താൻ സാധിക്കില്ല
- നിരാശ തോന്നും
- അനാരോഗ്യകരമായ മറ്റ് ഭക്ഷണശീലങ്ങൾ പിന്തുടരും
- ജീവിതത്തിലെ സന്തോഷം ഇല്ലാതാകും
ചോക്ലേറ്റ് ആസക്തിയുടെ ഈ നെഗറ്റീവ് വശങ്ങൾ അനുഭവിക്കാതിരിക്കണമെങ്കിൽ ചോക്ലേറ്റിനെ മാറ്റിനിർത്താതിരിക്കുകയാണ് വേണ്ടത്. ഇഷ്ടമുള്ള ഏത് ഭക്ഷണമായാലും ആരോഗ്യകാരണങ്ങൾ കൊണ്ട് പൂർണ്ണമായും മാറ്റിനിർത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇവ വല്ലപ്പോഴും കഴിക്കുമ്പോൾ കുറ്റബോധം തോന്നേണ്ട കാര്യവുമില്ല. പകരം പരിമിതമായ അളവിൽ സന്തോഷത്തോടെ അവ കഴിക്കുകയാണ് വേണ്ടത്.
ചോക്ലേറ്റ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ഇഷ്ടമുള്ള ഭക്ഷണം ആരോഗ്യകരമായ രീതിയിൽ കഴിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അതിലുപരി നിങ്ങൾ കഴിക്കുന്നത് ഡാർക്ക് ചോക്ലേറ്റ് ആണെങ്കിൽ ഒരുപാട് ആരോഗ്യഗുണങ്ങളുമുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. എപ്പികാടെച്ചിൻ എന്ന ഫ്ലേവനോൾ ആണ് അതിൽ ഏറ്റവും പ്രയോജനപ്രദമായത്. സസ്യങ്ങളിൽ കാണപ്പെടുന്ന സംയുക്തങ്ങളാണ് ഫ്ലേവനോളുകൾ. എന്തൊക്കെയാണ് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.
- ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു:
ഡാർക്ക് ചോക്ലേറ്റിലെ ആൻ്റിഓക്സിഡൻ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സ്ട്രോക്ക്, ഹൃദ്രോഗം, ഹൃദ്രോഗം മൂലമുള്ള മരണം എന്നിവ കുറയ്ക്കുന്നു. - രോഗപ്രതിരോധ സംവിധാനത്തെ സന്തുലിതമാക്കുന്നു:
ഫ്ലേവനോളുകൾ രോഗപ്രതിരോധ സംവിധാനത്തെ സന്തുലിതമാക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ പല രോഗങ്ങളും വരാതെ സംരക്ഷിക്കുന്നു. - പ്രമേഹത്തെ ചെറുക്കുന്നു:
എപ്പികാടെച്ചിൻ കോശങ്ങളെ സംരക്ഷിക്കുകയും അവയെ ശക്തമാക്കുകയും ശരീരത്തെ ഇൻസുലിൻ നന്നായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന പ്രക്രിയകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു, ഇത് പ്രമേഹത്തെ തടയുകയോ ചെറുക്കുകയോ ചെയ്യും. - തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു:
ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോളുകൾ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു. മികച്ച പ്രതികരണ സമയം, വിഷ്വൽ-സ്പേഷ്യൽ അവബോധം, ശക്തമായ മെമ്മറി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്ലേവനോളുകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നതാണ് ഇതിന് ഒരു കാരണമായി കരുതുന്നത്. - അത്ലറ്റിക് പ്രകടനം വർദ്ധിപ്പിക്കുന്നു: ഡാർക്ക് ചോക്ലേറ്റിലെ എപ്പികാടെച്ചിൻ രക്തത്തിലെ നൈട്രിക് ഓക്സൈഡിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് രക്തചംക്രമണത്തെ പിന്തുണയ്ക്കുകയും മിതമായ തീവ്രമായ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ അത്ലറ്റ് ഉപയോഗിക്കുന്ന ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് കായികതാരത്തെ കൂടുതൽ നേരം വർക്ക്ഔട്ട് തീവ്രത നിലനിർത്താൻ അനുവദിക്കുന്നു.
- മാനസിക സമ്മർദ്ദം കുറയ്ക്കുന്നു:
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്ന ആളുകൾക്ക് മാനസിക സമ്മർദ്ദം കുറവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ ഡാർക്ക് ചോക്ലേറ്റ് കഴിച്ചതിന് ശേഷം സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറഞ്ഞതായി ഗവേഷകർ സ്ഥിരീകരിച്ചു.
ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമാക്കുന്ന ഘടകങ്ങൾ
എന്തുകൊണ്ടാണ് ഡാർക്ക് ചോക്ലേറ്റ് ഇത്രയും ആരോഗ്യകരമാകുന്നത് എന്ന് ചിന്തിക്കുകയാണോ? ഒരുപാട് ആരോഗ്യകരമായ ഘടകങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണം. പ്രധാനമായും ഡാർക്ക് ചോക്ലേറ്റിൽ കൊക്കോയുടെ അളവ് കൂടുതലാണ്. കൊക്കോ കൂടുമ്പോൾ അതിനനുസരിച്ച് ഫ്ലേവനോളുകൾ കൂടുതലായിരിക്കും. എന്നാൽ ചോക്ലേറ്റ് വാങ്ങുമ്പോൾ അതിന്റെ ലേബൽ വായിക്കാൻ മറക്കരുത്. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. സമീകൃതാഹാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ഡാർക്ക് ചോക്ലേറ്റ് എന്നതിൽ സംശയമൊന്നുമില്ല. ആവശ്യമെങ്കിൽ ഒരു ഡയറ്റിഷ്യന്റെ സഹായത്തോടെ ആരോഗ്യകരമായ രീതിയിൽ ചോക്ലേറ്റ് ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം എന്ന് പരിശോധിക്കുക.
Also Read: അത്ഭുതപ്പെടേണ്ട, ഈ ഭക്ഷണങ്ങൾ ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്
Content Summary: Health benefits of dark chocolate