വയറിൽ കൊഴുപ്പ് അടിഞ്ഞാണ് കുടവയർ പ്രധാനമായും ഉണ്ടാകുന്നത്. മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമാണ് കുടവയറിലേക്ക് നയിക്കുന്നത്. മാനസികസമ്മർദ്ദം, ഫാസ്റ്റ് ഫുഡ് സംസ്ക്കാരം എന്നിവ വേഗത്തിൽ കുടവയർ ഉണ്ടാകാൻ കാരണമാകും. കുടവയർ ഒരാളുടെ രൂപത്തെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. കുടവയർ ഇല്ലാതാക്കാൻ ചിട്ടയായ വ്യായാമത്തിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം. എന്നാൽ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിച്ച് കുടവയറിനെ ഇല്ലാതാക്കാൻ കഴിയും.
കുരുമുളക്
കറികളിൽ ചേർക്കുന്ന വെറും ചേരുവ മാത്രമല്ല, ശക്തമായ ഒരു മെറ്റബോളിസം ബൂസ്റ്ററാണ് കുരുമുളക്. ഇതിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തം ശരീരത്തിന്റെ ഉപാപചയ നിരക്ക് ഉത്തേജിപ്പിക്കുകയും അധിക കലോറികൾ കൂടുതൽ കാര്യക്ഷമമായി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചി
ഇഞ്ചിയിലെ സജീവ ഘടകമായ ജിഞ്ചറോൾ വിഭവങ്ങൾക്ക് രുചി കൂട്ടുക മാത്രമല്ല, ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
വെളുത്തുള്ളി
ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഒരു ജനപ്രിയ സൂപ്പർഫുഡ് ആണ് വെളുത്തുള്ളി. വെളുത്തുള്ളിയിലെ അല്ലിസിൻ അനാരോഗ്യകരമായ കൊഴുപ്പുകൾ കുറയ്ക്കുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ജീരകം
ശരീരഭാരം കുറയ്ക്കാൻ ജീരകപ്പൊടി ഉൾപ്പെടുത്തുന്നത് അമിതഭാരമുള്ള സ്ത്രീകളിൽ ഏറെ ഫലപ്രദമാണ്. ജീരകപ്പൊടി കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, എൽഡിഎൽ, എച്ച്ഡിഎൽ എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായകരമാണ്. ഭാരം, ബിഎംഐ, അരക്കെട്ടിന്റെ ചുറ്റളവ്, കൊഴുപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വയറുവേദന കുറയ്ക്കുകയും ചെയ്യുന്നു.
ഉലുവ
ഉലുവ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് മികച്ച പോഷകാഹാരം മാത്രമല്ല, അമിതവണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, ഉലുവ വിത്ത് ലയിക്കുന്ന നാരുകളുടെ ഒരു പവർഹൗസാണ്, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പെരുംജീരകം
പെരുംജീരകം ദഹനത്തിന് ഉത്തമമാണ്. പെരുംജീരകം വയറു വീർക്കുന്നതിനെ ചെറുക്കുന്നു. പെരുംജീരകത്തിൽ അവശ്യ എണ്ണകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളുടെ ഉത്പാദനം കൂട്ടുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read:
ശരീരഭാരം കുറയ്ക്കാൻ ഈ 5 കാര്യങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ
ശരീരഭാരം കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്സ് കുതിർത്ത് കഴിക്കണോ?