രക്തപരിശോധനയുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

പലവിധ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് രോഗനിർണയത്തിൻറെ ഭാഗമായി രക്തപരിശോധന നിർദേശിക്കാറുണ്ട്. രോഗങ്ങൾ കണ്ടെത്താൻ മാത്രമല്ല രക്തപരിശോധന, മറിച്ച് ചില ശാരീരിക ന്യൂനതകൾ, വൈകല്യങ്ങൾ എന്നിവ തിരിച്ചറിയാനും ഇത് നടത്താറുണ്ട്. ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ള രോഗികൾക്കും അതിന് മുന്നോടിയായി വിവിധ രക്തപരിശോധനകൾ നടത്താറുണ്ട്. ശരീരത്തിലെ അണുബാധകളും വീക്കങ്ങളും മനസിലാക്കാനും രക്തപരിശോധന സഹായിക്കും. 40 വയസ് പിന്നിട്ടവർ വർഷത്തിലൊരിക്കൽ വിവിധ രക്തപരിശോധനകൾ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ക്യാൻസർ, ഹൃദ്രോഗം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയെല്ലാം രക്തപരിശോധനകളിലൂടെ കണ്ടെത്താനാകും.

രക്തപരിശോധനയ്ക്ക് പോകുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

വിവിധതരം രക്തപരിശോധനകൾ

  • ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്
  • തൈറോയ്ഡ് പ്രൊഫൈൽ
  • കംപ്ലീറ്റ് ബ്ലഡ് കൌണ്ട്(സിബിസി)
  • Hb1c, ഗ്ലൈസേറ്റഡ് ഹീമോഗ്ലോബിൻ
  • ക്രിയാറ്റിനിൻ സെറം
  • ബ്ലഡ് യൂറിയ നൈട്രജൻ

ബ്ലഡ് ടെസ്റ്റിന് മുമ്പ് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

  • ഏറ്റവും പ്രധാന ഏറെ ഗുണനിലവാരമുള്ളതും പരിചയസമ്പത്തുള്ളതുമായ ലാബോറട്ടറി തെരഞ്ഞെടുക്കുക എന്നതാണ്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
  • ദേശീയ അംഗീകാരമായ NABL സർട്ടിഫിക്കേഷനുള്ള ലാബുകൾ തെരഞ്ഞെടുക്കുക
  • എല്ലാ ടെസ്റ്റുകളും സ്വന്തമായി തന്നെ ചെയ്യുന്ന ലാബുകളിൽ പോകണം
  • ചില ലാബുകൾ മറ്റു ലാബുകളിൽ നൽകിയാണ് പരിശോധന നടത്തുന്നത്. ട്രാൻസ്പോർട്ടേഷൻ സമയം ഉൾപ്പടെ കാരണം വൈകുന്നത് പരിശോധന ഫലത്തിൽ കൃത്യത കുറയാൻ ഇടയാക്കും.
  • മുഴുവൻ സമയം പാത്തോളജിസ്റ്റിൻറെ സേവനമുള്ള ലാബാണെന്ന് ഉറപ്പുവരുത്തണം
  • മികച്ച നിലവാരമുള്ള കമ്പനികളുടെ ഓട്ടോമേറ്റഡ് മെഷീനുകളുള്ള ലാബാണോയെന്ന കാര്യം അന്വേഷിച്ച് മനസിലാക്കണം.
  • പരിശോധനഫലം ഓൺലൈനായി ലഭ്യമാക്കുന്ന ലാബുകൾക്ക് മുൻഗണന നൽകുക. പരിശോധന ഫലം വാങ്ങാൻ വേണ്ടി ഒരിക്കൽ കൂടി ലാബിൽ പോകുന്നത് ഒഴിവാക്കാം
  • ചില പരിശോധനകൾ ഭക്ഷണം കഴിക്കാതെയാണ് ചെയ്യേണ്ടത്. ലിപിഡ് പ്രൊഫൈൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് ഉൾപ്പടെയുള്ള ടെസ്റ്റുകൾ ചെയ്യാൻ പോകുമ്പോൾ 8-12 മണിക്കൂർ വെള്ളമല്ലാതെ മറ്റൊരു ഭക്ഷണവും കഴിക്കാൻ പാടില്ല. രാവിലെ എഴുന്നേറ്റ ശേഷം വെള്ളവും കുടിക്കാൻ പാടില്ല.

വെള്ളം കുടിക്കണം

ഫാസ്റ്റിങ് അല്ലാത്ത രക്തപരിശോധനയ്ക്ക് പോകുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കണം. ഇത് ശാരീരിക നില മെച്ചപ്പെടുത്താനും, രക്തം എളുപ്പത്തിൽ ശേഖരിക്കാനും സഹായകരമാകും.

ഉറക്കം

രക്തപരിശോധനയ്ക്ക് പോകുന്നതിൻറെ തലേദിവസം നന്നായി ഉറങ്ങുകയും ശരീരവും മനസും സ്വസ്ഥമായിരിക്കാനും ശ്രദ്ധിക്കുക. രക്തം നൽകുന്നതിന് 10-15 മിനിട്ട് വളരെ ശാന്തമായി ഇരിക്കുന്നതും നല്ലതാണ്.

മരുന്നുകൾ

രക്തപരിശോധനയ്ക്ക് പോകുന്നതിന് മുമ്പ് സ്ഥിരമായി കഴിക്കുന്ന മരുന്നുകളുണ്ടെങ്കിൽ അവയുടെ വിവരങ്ങൾ ഡോക്ടറുമായി പങ്കുവെക്കുക. ചില മരുന്നുകൾ രക്തം പരിശോധനക്കുന്നതിന് മുന്നോടിയായി നിർത്തിവെക്കേണ്ടതായും വരും.

രക്തപരിശോധനയ്ക്ക് മുന്നോടിയായി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

  • രക്തപരിശോധനയ്ക്ക് 8 മുതൽ 12 മണിക്കൂർ വരെ വെള്ളം ഒഴികെ മറ്റൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
  • ഉപവാസം വേണമോ വേണ്ടയോ എന്ന് പരിശോധിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
  • ടെസ്റ്റ് ദിവസത്തിന് 1-2 ദിവസം മുമ്പ് കൊഴുപ്പുള്ളതും കനത്തതും വറുത്തതുമായ ഭക്ഷണം കഴിക്കാൻ പാടില്ല.
  • രക്തപരിശോധനയ്ക്ക് 24 മണിക്കൂർ മുമ്പ് മദ്യമോ പുകവലിയോ നിർത്തുക.
  • ചിലതരം പരിശോധനകൾക്ക്, ഒരു ദിവസം മുമ്പ് കടുത്ത വ്യായാമങ്ങൾ ഒഴിവാക്കണം.
  • മസാജ് തെറാപ്പിയോ ഫിസിയോതെറാപ്പിയോ ചെയ്യുന്നവരാണെങ്കിൽ ഡോക്ടറുമായി സംസാരിക്കുക. ചില രക്തപരിശോധനയ്ക്ക് മുമ്പ് ഇവ ഒഴിവാക്കേണ്ടിവരും.

Also Read: 32 തരം ക്യാൻസറുകൾ മുൻകൂട്ടി കണ്ടെത്താനാകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രക്ത പരിശോധനയുമായി ഇന്ത്യൻ കമ്പനി

Content Summary: Dos and don’ts when going for a blood test.