പ്രമേഹമുള്ളവർ ഏറ്റവും ഭയക്കുന്ന കാര്യമാണ് അത് മറ്റ് അവയവങ്ങളെ ബാധിക്കുമോ എന്നത്. ഉയർന്ന പ്രമേഹം കണ്ണ്, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാറുണ്ട്. പ്രമേഹരോഗികളിൽ ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. പ്രമേഹമുള്ള മൂന്നിൽ ഒരാൾക്ക് വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
പ്രകടമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പ്രമേഹത്തിന്റെ ആദ്യഘട്ടങ്ങളിൽ പലരും രോഗം തിരിച്ചറിയാറില്ല. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ പ്രമേഹം തിരിച്ചറിഞ്ഞില്ലെങ്കിൽ വൃക്കകൾ അപകടത്തിലാകും. രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെ ഇത് നേരത്തേ കണ്ടെത്താം. മൂത്രത്തിൽ പ്രോട്ടീൻ വർദ്ധിക്കുന്നത് വൃക്കകൾ തകരാറിലാകുന്നതിന്റെ ആദ്യ ലക്ഷണമാണ്. പ്രോട്ടീൻ അളവ് കണ്ടുപിടിക്കാൻ നടത്തുന്ന ആൽബുമിൻ-ക്രിയാറ്റിനിൻ റേഷ്യോ ടെസ്റ്റ് വഴി എളുപ്പത്തിൽ ഇത് കണ്ടെത്താനാകും.
രക്തത്തിൽ യൂറിയയുടെയും ക്രിയാറ്റിനിൻ്റെയും അളവ് കൂടാൻ തുടങ്ങുമ്പോഴാണ് വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, ക്ഷീണം, വിളർച്ച, ചൊറിച്ചിൽ, പേശിവലിവ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അപ്രതീക്ഷിതമായി രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് പ്രമേഹം വൃക്കയെ ബാധിച്ചതിന്റെ ലക്ഷണമായേക്കാം. പ്രമേഹം കുറഞ്ഞു എന്ന് കരുതി രോഗിക്ക് സന്തോഷം തോന്നിയേക്കാം. എന്നാൽ അത് വൃക്കകൾ അപകടത്തിലാണ് എന്നതിന്റെ സൂചനയാകാം.
പ്രമേഹം എന്തുകൊണ്ട് വൃക്കകളെ ബാധിക്കുന്നു?
പ്രമേഹമുള്ള വ്യക്തിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി ക്രമീകരിക്കാൻ ശരീരത്തിന് കഴിയില്ല. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തും. രക്തം ശുദ്ധീകരിക്കാൻ വൃക്കകളെ സഹായിക്കുന്ന ചെറിയ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കുന്നത് വൃക്കയുടെ പ്രവർത്തനം തടസപ്പെടാൻ കാരണമാകുന്നു. കാലക്രമേണ ഇത് ഗുരുതരമായ വൃക്കരോഗത്തിലേക്ക് നയിക്കുന്നു.
ഇതുകൂടാതെ പ്രമേഹം ഉയർന്ന രക്തസമ്മർദ്ദമുണ്ടാകാൻ കാരണമാകുകയും ചെയ്യും. ഇത് വൃക്കകളെ കൂടുതൽ തകരാറിലാക്കും. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളിലെ ചെറിയ രക്തക്കുഴലുകളിൽ അധിക സമ്മർദ്ദം ചെലുത്തും, ഇത് രക്തത്തിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു.
പ്രമേഹവും രക്തസമ്മർദ്ദവും പരസ്പരം ബന്ധമുള്ള അവസ്ഥകളാണ്. പ്രമേഹവുമായി ബന്ധപ്പെട്ട വൃക്കരോഗങ്ങളുടെ പ്രധാനകാരണം ഉയർന്ന രക്തസമ്മർദ്ദമാണ്. പുകവലിയും പാരമ്പര്യവും രോഗം കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യും.
Also Read: എന്താണ് പ്രമേഹം? കാരണങ്ങൾ, ലക്ഷണങ്ങൾ; അറിയേണ്ടതെല്ലാം
വൃക്കകളെ രക്ഷിക്കാൻ എന്ത് ചെയ്യാൻ കഴിയും?
പ്രമേഹമുള്ളവർ വൃക്കരോഗം വരാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ HbA1c ടെസ്റ്റ് ചെയ്യുന്നത് പ്രധാനമാണ്. മൂന്നുമാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവ് എന്താണെന്ന് കാണിക്കുന്ന ഒരു രക്തപരിശോധനയാണിത്. രക്തസമ്മർദ്ദം 130/80 ന് താഴെയായിരിക്കണം. ഒരു സാഹചര്യത്തിലും 140/90 ന് മുകളിൽ പോകാതെ ശ്രദ്ധിക്കണം. തുടക്കത്തിലേ പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞാൽ മുഖത്തേയും വൃക്കകളിലെയും ചെറിയ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കില്ല. ഇങ്ങനെ കണ്ണുകളെയും വൃക്കകളെയും പ്രമേഹത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിനോടൊപ്പം മൂത്രനാളിയിൽ ഇടക്കിടെയുണ്ടാകുന്ന അണുബാധയും ചികിത്സിക്കേണ്ടതുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന അണുബാധകൾ വൃക്കയെ കുഴപ്പത്തിലാക്കിയേക്കാം. വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനം തടസപ്പെടുത്തുന്ന ഒരു കാരണമാണ്. പുകവലി പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം വൃക്കകളെ കൂടി സംരക്ഷിക്കുന്ന മരുന്നുകൾ ലഭ്യമാണ്. ഇവ ഹൃദയത്തിനും സംരക്ഷണം നൽകും.
Also Read: വൃക്കയുടെ പ്രവർത്തനം തകരാറിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ
എന്ത് കഴിക്കണം?
പ്രമേഹരോഗികൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നതാണ് ഉചിതം. ഉപ്പ് കുറയ്ക്കേണ്ടതും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുമുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കണം. സോഡിയം കുറഞ്ഞ ഉപ്പ് എന്ന പേരിൽ ലഭിക്കുന്ന ഉപ്പുകളിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കൂടുന്നത് വൃക്കകളെ അപകടത്തിലാക്കും. പഴച്ചാറുകൾ, തേങ്ങാവെള്ളം, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
ഫോസ്ഫറസ് വൃക്കയിൽ അടിഞ്ഞുകൂടുകയും വിഷാംശം ഉണ്ടാക്കുകയും ചെയ്യും. പാലുൽപ്പന്നങ്ങൾ, ബീൻസ്, നട്സ്, കോളകൾ, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ ഫോസ്ഫറസ് കൂടുതലായതിനാൽ വൃക്കരോഗ സാധ്യതയുള്ളവർ ഇതെല്ലാം കഴിക്കുന്നതിനുമുൻപ് വിദഗ്ദ ഉപദേശം തേടുക.
കൃത്യമായ വ്യായാമവും മതിയായ ഉറക്കവും പ്രമേഹത്തെയും അനുബന്ധപ്രശ്നങ്ങളേയും നിയന്ത്രിക്കാൻ സഹായിക്കും.
ഈ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിഞ്ഞാൽ പ്രമേഹം വൃക്കകളെ ബാധിക്കുന്നത് തടയാനോ താമസിപ്പിക്കാനോ സാധിക്കും. വൃക്കയുടെ പ്രവർത്തനം കാര്യമായി തടസപ്പെടുമ്പോൾ ഡയാലിസിസ് ചെയ്യുകയോ വൃക്ക മാറ്റി വെക്കുകയോ ചെയ്യേണ്ടി വന്നേക്കാം.
അവലംബം: ഇന്ത്യൻ എക്സ്പ്രസ്സ്
Content Summary: Is diabetes affecting the kidneys? How do you know?