ദിവസവും വെറും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഈ ആഴ്ച അമേരിക്കൻ ഫിസിയോളജി ഉച്ചകോടിയിൽ ഈ പഠനറിപ്പോർട്ട് അവതരിപ്പിക്കും. വ്യായാമം ചെയ്യുമ്പോൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകരമായ വെളുത്ത രക്താണുക്കളായ നാച്ചുറൽ കില്ലർ കോശങ്ങളുടെ ഉൽപാദനം കൂടുമെന്നാണ് പഠനം കണ്ടെത്തിയത്. ക്യാൻസറിനെ ചെറുക്കുന്നതിൽ നാച്ചുറൽ കില്ലർ കോശങ്ങൾക്ക് നിർണായക പങ്കുണ്ട്.
രക്തപ്രവാഹത്തിലെ ഉയർന്ന അളവിലുള്ള നാച്ചുറൽ കില്ലർ കോശങ്ങളുമായി വ്യായാമത്തെ ബന്ധിപ്പിക്കുന്ന ആദ്യ പഠനമല്ല ഇത്. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മിനിറ്റുകൾക്ക് ശേഷം നാച്ചുറൽ കില്ലർ കോശങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി നേരത്തെ വ്യക്തമായതാണ്.
നാച്ചുറൽ കില്ലർ കോശങ്ങൾ ശരീരത്തിലെ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ മികച്ച സംരക്ഷണം നൽകുമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നു. “രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കുന്നതിനും ശരീരത്തിലെ നാച്ചുറൽ കില്ലർ കോശങ്ങളെ രക്തചംക്രമണത്തിൽ വർദ്ധിപ്പിക്കുന്നതിനും ചെറിയ വ്യായാമങ്ങൾ മതിയെന്ന് ഈ പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നു,” സ്റ്റാൻഫോർഡ് മെഡിസിനിലെ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ പ്രൊഫസറായ മൈക്കൽ ഫ്രെഡറിക്സൺ ഹെൽത്ത്ലൈനിനോട് പറഞ്ഞു.
18 നും 40 നും ഇടയിൽ പ്രായമുള്ള 10 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ ഓരോരുത്തരോടും മിതമായ തീവ്രതയിൽ 30 മിനിറ്റ് ഒരു സൈക്കിൾ ഓടിക്കാൻ നിർദ്ദേശിച്ചു. ഗവേഷകർ സൈക്ലിംഗ് ആരംഭിക്കുന്നതിന് മുമ്പും 15, 30 മിനിറ്റിലും പങ്കെടുത്തവരിൽ നിന്ന് രക്ത സാമ്പിളുകൾ ശേഖരിച്ചു. 15 മിനിറ്റ് സൈക്ലിംഗിന് ശേഷം നാച്ചുറൽ കില്ലർ കോശങ്ങളുടെ അളവ് വർദ്ധിച്ചതായി അവർ കണ്ടെത്തി. എന്നാൽ 30 മിനിറ്റ് സൈക്കിൾ ചവിട്ടിയവരിൽ നാച്ചുറൽ കില്ലർ കോശങ്ങൾ 15 മിനിട്ടിൽ ഉള്ളതിനേക്കാൾ വർദ്ധിച്ചതായി കണ്ടെത്തിയില്ല. ഗവേഷകർ പറയുന്നതനുസരിച്ച്, ഏകദേശം 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് നാച്ചുറൽ കില്ലർ കോശങ്ങൾ ഗണ്യമായി വർദ്ധിക്കാൻ കാരണമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു, ഇത് രോഗങ്ങളിൽ നിന്ന് പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കും.
“കാൻസർ പോലുള്ള രോഗബാധിതരെ അവരുടെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന വെളുത്ത രക്താണുക്കളാണ് നാച്ചുറൽ കില്ലർ കോശങ്ങൾ,” ഫ്രെഡറിക്സൺ വിശദീകരിക്കുന്നു.
നാച്ചുറൽ കില്ലർ കോശങ്ങൾ മാരകമായ രോഗാണുക്കളെ തുടർച്ചയായി നിരീക്ഷിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ധാരാളം നാച്ചുറൽ കില്ലർ കോശങ്ങൾ വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ രോഗനിർണയം മെച്ചപ്പെടുത്തും. ഉദാഹരണത്തിന്, ശരീരത്തിലെ നാച്ചുറൽ കില്ലർ കോശങ്ങളുടെ എണ്ണം വൻകുടൽ കാൻസർ ഉള്ള ആളുകളിൽ രോഗമുക്തി വേഗത്തിലാക്കുമെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
വ്യായാമം മറ്റു രീതിയിലും ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് വിദഗ്ദർ പറയുന്നു. വ്യായാമ സമയത്തും അതിനുശേഷവും ശരീര താപനില ഉയരുന്നു. മിക്ക ബാക്ടീരിയകളും വൈറസുകളും സാധാരണ ശരീര ഊഷ്മാവിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ശരീരതാപനില ഉയരുന്നത് മിക്ക ബാക്ടീരിയകളെയും വൈറസുകളെയും അതിജീവിക്കാൻ കഴിയാതെയാക്കും.
കൂടാതെ വ്യായാമം ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. സ്ട്രെസ് ഹോർമോണുകൾ കുറയുന്നത് ചില രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അതിന് പുറമെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനും വ്യായാമം സഹായിക്കും. സമ്മർദ്ദവും വിഷാദവുമുള്ളവരുടെ ശരീരം പൊതുവെ ദുർബലമാകുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഇത് അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുകയും ചെയ്യുന്നു.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഉറക്കം മെച്ചപ്പെടുത്തും. വ്യായാമം ചെയ്യുന്നവരിൽ ഉറക്കമില്ലായ്മ കുറയുന്നു. നന്നായി ഉറങ്ങാൻ സാധിച്ചാൽ രോഗപ്രതിരോധം വർദ്ധിക്കുമെന്ന് ഇതിനോടകം ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ പല രീതിയിൽ വ്യായാമം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.