ഹൃദ്രോഗ ചികിത്സയിൽ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടാകുന്നത്. കൂടുതൽ ഫലപ്രദമായ ആധുനിക ചികിത്സാരീതികൾ നമ്മുടെ നാട്ടിൽപ്പോലും ലഭ്യമാകുന്നുണ്ട്. ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകുന്ന കൊറോണറി ആർട്ടറി ഡിസീസ് ഉള്ളവരിൽ പ്രാഥമികമായി ചെയ്യുന്ന പരിശോധനയും ചികിത്സയുമാണ് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ. പെട്ടെന്ന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകുന്നവരിൽ ജീവൻരക്ഷാ ചികിത്സാരീതിയായ ഇത് മാറിയിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റി ചികിത്സ ഇപ്പോൾ കൂടുതൽ പേരിൽ ഫലപ്രദമായി മാറുന്നുണ്ട്. ഇതിന്റെ കൂടുതൽ അഡ്വാൻസ്ഡ് ചികിത്സാരീതിയായ ലേസർ ആൻജിയോപ്ലാസ്റ്റിയാണ് ഇപ്പോഴത്തെ തരംഗം. കടുപ്പമേറിയ ബ്ലോക്കുകൾ മാറ്റാൻ ഈ ചികിത്സാരീതിക്ക് കഴിയുമെന്നതാണ് പ്രത്യേകത.
ലോകത്ത് 1980കളിലാണ് ലേസർ ആൻജിയോപ്ലാസ്റ്റി ചികിത്സാരീതി നിലവിൽ വരുന്നത്. സാധാരണഗതിയിൽ ചികിത്സാകഴിയാത്ത ധമനികളിലെ ബ്ലോക്ക് കൈകാര്യം ചെയ്യാനാണ് ലേസർ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ELCA (എക്സൈമർ ലേസർ കൊറോണറി അഥെരെക്ടമി) എന്ന ചികിത്സാരീതി അവതരിപ്പിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് നിലവിൽ വന്നെങ്കിലും ചെലവേറിയതിനാൽ ഈ ചികിത്സാരീതി അത്ര ജനപ്രിയമല്ലായിരുന്നു. പിന്നീട് ചെലവ് കുറഞ്ഞ കത്തീറ്ററുകളും മറ്റും വന്നതോടെയാണ് ലേസർ ആൻജിയോപ്ലാസ്റ്റി സാർവത്രികമാകാൻ തുടങ്ങിയത്. ഈ ചികിത്സാരീതി കൂടുതൽ ഫലപ്രദവും വിജയനിരക്ക് കൂടുതലുള്ളതുമാണ്.
ഈ രീതി ആദ്യം അവതരിപ്പിച്ചപ്പോൾ, സാങ്കേതിക വിദ്യ പുരോഗമിച്ചിട്ടില്ലാത്തതിനാൽ സങ്കീർണതകൾ വളരെ കൂടുതലായിരുന്നു, കൂടാതെ അമേരിക്ക പോലെയുള്ള വികസിതരാജ്യങ്ങളിലെ കുറച്ച് രോഗികൾക്ക് മാത്രമേ പ്രയോജനം ലഭിച്ചിരുന്നുള്ളൂ.
എന്താണ് ലേസർ ആൻജിയോപ്ലാസ്റ്റി?
റേഡിയേഷനിൽനിന്നുള്ള ഉയർന്ന പ്രകാശതരംഗങ്ങളാണ് ലേസർ രശ്മികൾ. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഉയർന്ന ഊർജ്ജമോ ഉയർന്ന തീവ്രതയോ ഉള്ള പ്രകാശകിരണങ്ങൾ സൃഷ്ടിക്കുകയാണ് ഇതിൽ ചെയ്യുന്നത്. വ്യവസായമേഖലയിൽ പലവിധ ആവശ്യങ്ങൾക്ക് ലേസർ ഉപയോഗം സാർവത്രികമാണ്. വൈദ്യശാസ്ത്രത്തിൽ ക്യാൻസർ ചികിത്സയിൽ ഉൾപ്പടെ ലേസർ ഉപയോഗിക്കാറുണ്ട്. ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്തെ അസാധാരണമായ ടിഷ്യു ഇല്ലാതാക്കാനോ നശിപ്പിക്കാനോ ലേസർ രശ്മികൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരുതരം അബ്ലേഷൻ സാങ്കേതികവിദ്യയാണ്.
താപഅധിഷ്ഠിത അബ്ലേഷൻ ടെക്നിക്കുകളിൽ നിന്ന് താപ നാശം കുറയ്ക്കുകയും ചുറ്റുമുള്ള കലകക്ക് ആഘാതം കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലേസർ സാങ്കേതികവിദ്യയിൽ ഏറ്റവും ആധുനികമായ ഒരു താപവും സൃഷ്ടിക്കാത്ത ‘തണുത്ത ലേസർ’ ഉണ്ടായിരിക്കാം. അത്തരം ലേസറാണ് ആൻജിയോപ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത്. ഇതിനെ എക്സൈമർ ലേസർ എന്ന് വിളിക്കുന്നു. എക്സൈമർ ലേസർ ഉപയോഗിച്ച് ധമനികളിലെ ബ്ലോക്ക് ഇല്ലാതാക്കുന്ന ഈ ചികിത്സാരീതിയെ എക്സൈമർ കൊറോണറി ലേസർ അതെരെക്ടമി എന്ന് വിളിക്കുന്നു.
ലേസർ രശ്മികൾ രക്തക്കുഴലുകളിൽ നിന്ന് പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കിയാണ് ഈ ചികിത്സ ചെയ്യുന്നത്. ഈ ചികിത്സാരീതി തുടങ്ങിയ ആദ്യ കാലങ്ങളിൽ ഉണ്ടായ വെല്ലുവിളി അതായിരുന്നു. എന്നാൽ ഇപ്പോൾ, എക്സൈമർ ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റിയ്ക്കായി ഒരു മില്ലിമീറ്റർ വ്യാസമുള്ള ഒരു കത്തീറ്റർ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിനാൽ സങ്കീർണത നിരക്ക് വളരെ കുറവായിരിക്കും. ഇത്തരം ചികിത്സാരീതിയിലെ സങ്കീർണത ഒരു ശതമാനത്തിൽ താഴെ ആയിരിക്കുമെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്.
ലേസർ ആൻജിയോപ്ലാസ്റ്റിയുടെ ചെലവ് പരമ്പരാഗത ആൻജിയോപ്ലാസ്റ്റിയുടെ ഏതാണ്ട് ഇരട്ടിയാണ്, ഇത് ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിൽ നിന്ന് രോഗികളെ പിന്തിരിപ്പിക്കുന്നു. കേരളത്തിൽ സാധാരണ ആൻജിയോപ്ലാസ്റ്റിക്ക് ഏകദേശം ഒരു ലക്ഷം രൂപയാണ് ചിലവ്. ലേസർ ആൻജിയോപ്ലാസ്റ്റിക്ക് ഇത് രണ്ട് ലക്ഷം രൂപ വരെയാകും.
ലേസർ ആൻജിയോപ്ലാസ്റ്റി ആർക്കൊക്കെ?
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, എല്ലാ ഹൃദ്രോഗികൾക്കും ലേസർ ചികിത്സ ആവശ്യമില്ല എന്നതാണ്. അതി രൂക്ഷമായ ബ്ലോക്കോ ഹൃദയാഘാതമോ ഉള്ളവരിലാണ് ലേസർ ആൻജിയോപ്ലാസ്റ്റി ചികിത്സ നിർദേശിക്കുക. കൊളസ്ട്രോൾ അടിഞ്ഞ് അല്ലാതെ രക്തക്കുഴലുകൾ കട്ടപിടിച്ച് ബ്ലോക്ക് ആകുന്നവരിൽ ഈ ചികിത്സ ഫലപ്രദമാകും. പ്രത്യേകിച്ചും ചെറുപ്പക്കാർക്കിടയിൽ ലേസർ ആൻജിയോപ്ലാസ്റ്റി ചികിത്സയാണ് ഉത്തമം. ഒരു തവണ ആൻജിയോപ്ലാസ്റ്റി ചെയ്ത് സ്റ്റെന്റ് ഇട്ടിട്ടുള്ളവരിൽ വീണ്ടും ബ്ലോക്ക് ഉണ്ടാകുകയാണെങ്കിൽ ലേസർ ആൻജിയോപ്ലാസ്റ്റിയാണ് ഉചിതമെന്ന് ഡോക്ടർമാർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഘടിപ്പിച്ച സ്റ്റെൻ്റുകളിലെ ബ്ലോക്കുകൾ നീക്കം ചെയ്യാൻ ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണിത്. ത്രോംബസ് അല്ലെങ്കിൽ ധമനികൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന ഹൃദയാഘാതമുള്ള രോഗികളിലും ഈ ചികിത്സാരീതിയാണ് നിർദേശിക്കാറുള്ളത്.
ലേസർ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നവരിൽ വളരെ ലളിതമായ ബുദ്ധിമുട്ടുകൾ മാത്രമാണ് ഉണ്ടാകുക. ഇത് ചെയ്തു കഴിഞ്ഞാൽ മൂന്നാമത്തെ ദിവസം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകാം. എന്നാൽ വളരെ ചുരുക്കം ചില രോഗികളിൽ ലേസർ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ഹൃദയത്തിന്റെ പമ്പിങ് പ്രവർത്തനം മന്ദഗതിയിലായിരിക്കും. അത്തരം രോഗികൾ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരേണ്ടി വരും.
Also Read: മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയത്തിന്റെ ഏറ്റവും വലിയ ശത്രുവായിരിക്കാം. എന്തുകൊണ്ടെന്ന് അറിയാം
Content Summary: Angioplasty treatment is now becoming more and more effective. Currently laser angioplasty is getting more demand. It is an advanced method to remove atherosclerotic plaques.