മോശം രക്ഷാകർതൃത്വം കുട്ടികളിൽ ഉണ്ടാക്കുന്ന 8 നെഗറ്റീവ് ഇഫക്റ്റുകൾ

ഒരു കുട്ടിയുടെ ക്ഷേമത്തിലും വികസനത്തിലും രക്ഷിതാക്കൾ നിർണായക പങ്ക് വഹിക്കുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കുട്ടിയുടെ വൈകാരികവും സാമൂഹികവും വൈജ്ഞാനികവുമായ വികാസത്തിന് അടിത്തറയിടുന്നു. കുട്ടികളെ ആത്മവിശ്വാസവും സ്വതന്ത്രവുമായ വ്യക്തികളായി വികസിപ്പിക്കാൻ സഹായിക്കുന്നതിനുള്ള സാഹചര്യവും പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നത് നല്ല രക്ഷാകർതൃത്വത്തിന്റെ ഭാഗമാണ്. രക്ഷാകർതൃത്വം മോശമായാൽ കുട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ വളരുന്ന കുട്ടികൾ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. ഇത് കുട്ടികൾക്ക് സ്‌കൂളിലും ഭാവിജീവിതത്തിലും വിജയിക്കാൻ ബുദ്ധിമുട്ടുകയും ചെയ്‌തേക്കാം.

എന്തൊക്കെയാണ് മോശം രക്ഷാകർതൃത്വത്തിന്റെ ലക്ഷണങ്ങൾ?

  • പാർപ്പിടം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾക്കപ്പുറം കുട്ടിയുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നത്.
  • കുട്ടികളുടെ കാര്യത്തിൽ അമിതമായി ഇടപെടുന്നത്. തീരുമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും കുട്ടിക്ക് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സ്വയം കാര്യങ്ങൾ മനസിലാക്കി ചെയ്യാൻ അവർക്ക് പ്രാപ്തിയില്ലാതാകും.
  • കർശനമായ അച്ചടക്കം നല്ലതല്ല. ഇത്തരം മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ അവരുടെ ലോകം സ്വയം മനസ്സിലാക്കുന്നതിൽ നിന്ന് വിലക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും കുട്ടികളിൽ ഉത്കണ്ഠയുണ്ടാക്കും.
  • കുട്ടിയെ അവഗണിക്കുന്നത് രക്ഷിതാക്കൾക്ക് കുട്ടിയോട് സ്നേഹമില്ലെന്ന് തോന്നാനും കുട്ടി സ്വന്തം ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ മടി കാണിക്കാനും കാരണമാകും.

മോശം രക്ഷാകർതൃത്വത്തിന്റെ ചില പ്രതികൂല ഫലങ്ങൾ കുട്ടിയുടെ ക്ഷേമത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

1. ആത്മാഭിമാനം കുറവ്:

മോശം രക്ഷാകർതൃത്വത്തിൽ വളരുന്ന കുട്ടികൾക്ക് പലപ്പോഴും ആത്മവിശ്വാസവും ആത്മാഭിമാനവും കുറവായിരിക്കും. ആരോഗ്യകരമായ ബന്ധങ്ങൾ രൂപീകരിക്കുന്നതിനും സ്കൂളിലോ ജോലിയിലോ മികവ് പുലർത്തുന്നതിനും സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള അവരുടെ കഴിവിനെ ഇത് ബാധിക്കും.

2. പെരുമാറ്റ പ്രശ്നങ്ങൾ:

ആക്രമണം, അനുസരണക്കേട്, കുറ്റകൃത്യം എന്നിവ മോശം രക്ഷാകർതൃത്വത്തിൽ വളരുന്ന കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രശ്നകരമായ പെരുമാറ്റത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇത് അവരുടെ ഭാവിജീവിതത്തിലും വലിയ പ്രശനങ്ങൾ ഉണ്ടാക്കിയേക്കാം.

3. മോശം അക്കാദമിക് പ്രകടനം:

മോശം രക്ഷാകർതൃത്വം കുട്ടികളുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കും. കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ഫലപ്രദമായി പഠിക്കാനും സാധിക്കില്ല.

4. ആരോഗ്യകരമായ ബന്ധങ്ങൾ രൂപീകരിക്കാനുള്ള കഴിവില്ലായ്മ:

നിങ്ങളുടെ കുട്ടികൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാൻ ആവശ്യമായ വൈകാരിക ബുദ്ധിയോ സാമൂഹിക കഴിവുകളോ ഇല്ലായിരിക്കാം. മോശം രക്ഷാകർതൃത്വം കുട്ടികൾക്ക് പിന്നീടുള്ള ജീവിതത്തിൽ ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയേക്കാം.

5. വിശ്വാസക്കുറവ്:

മോശം രക്ഷാകർതൃത്വത്തിൽ വളരുന്ന ഒരു കുട്ടിക്ക് മറ്റുള്ളവരെ വിശ്വസിക്കുന്നത് വെല്ലുവിളിയായി തോന്നിയേക്കാം.

6. ലഹരിവസ്തുക്കളുടെ ദുരുപയോഗം:

വൈകാരികമോ പെരുമാറ്റപരമോ ആയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായി അവർ മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ചേക്കാം.

7. ആരോഗ്യ പ്രശ്നങ്ങൾ:

മോശം രക്ഷാകർതൃത്വത്തിൽ വളരുന്ന കുട്ടികൾക്ക് ശരിയായ പോഷകാഹാരമോ വൈദ്യസഹായമോ ലഭിച്ചിട്ടുണ്ടാകില്ല. ഇത് അവരുടെ ആരോഗ്യത്തെയും അപകടപ്പെടുത്തിയേക്കാം.

8. വൈകാരിക പ്രശ്‌നങ്ങൾ:

കുട്ടികൾക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

നല്ല രക്ഷിതാവാകാൻ എന്തുചെയ്യാൻ കഴിയും?

എത്ര നല്ല രക്ഷിതാവായാലും എല്ലാ ദിവസവും ഒരുപോലെ ആകണമെന്നില്ല. ചിലപ്പോൾ കുട്ടികളെ വേദനിപ്പിക്കേണ്ടി വന്നേക്കാം. ഒരു മോശം ദിവസം നിങ്ങളെ ഒരു മോശം രക്ഷിതാവായി മാറ്റുന്നില്ല. പക്ഷേ നിങ്ങൾക്ക് കഴിയാവുന്ന ഏറ്റവും മികച്ച കാര്യങ്ങൾ തന്നെ കുട്ടിക്ക് വേണ്ടി ചെയ്യുക.

രക്ഷാകർതൃത്വം വെല്ലുവിളി നിറഞ്ഞ ഒരു തുടർച്ചയായ പ്രക്രിയയാണ്. നിങ്ങളുടെ സ്വന്തം മാതാപിതാക്കളിൽ നിന്ന് നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ നിങ്ങൾ നിങ്ങളുടെ കുട്ടിയോട് ചെയ്യാതിരിക്കുക. കുട്ടിയുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കണം.

Also Read: വായു മലിനീകരണം കുട്ടികളുടെ ബുദ്ധിശക്തി കുറയ്ക്കുമോ?

വിചാരിച്ചതിലും കൂടുതൽ തവണ കുട്ടിയോട് മോശമായി പെരുമാറേണ്ടിവരികയാണെങ്കിൽ മാറ്റങ്ങൾ വരുത്താൻ മടി കാണിക്കരുത്. ഇത്തരം സാഹചര്യത്തിൽ ക്ഷമ, സത്യസന്ധത, കഠിനാധ്വാനം എന്നിവ അത്യാവശ്യമാണ്. നിങ്ങൾ വരുത്തുന്ന ഏതൊരു നല്ല മാറ്റവും നിങ്ങളുടെ കുട്ടിക്ക് മികച്ച ഫലം നൽകും.

  • നമുക്കെല്ലാവർക്കും പറയുന്നത് കേട്ടിരിക്കാൻ ഒരാൾ ഉണ്ടാകുന്നത് ആവശ്യമാണ്. കുട്ടികൾക്കും അതുപോലെതന്നെയാണ്. അവരുടെ ആശങ്കകളും നിരാശകളും കേൾക്കാനും അവരുടെ വികാരങ്ങൾ മനസിലാക്കാനും സാധിക്കണം.
  • കുട്ടിയെ ഒരു പാഠം പഠിപ്പിക്കണം എന്ന രീതിയിലുള്ള അച്ചടക്കനടപടികൾ സ്വീകരിക്കരുത്. കുട്ടിയെ അടിക്കുന്നത് അവരെ ഒന്നും പഠിപ്പിക്കുന്നില്ല, മറിച്ച് അവരുടെ മനസ്സിൽ കൂടുതൽ മുറിവുകൾ ഏൽപ്പിക്കുകയാണ് ചെയ്യുക. നയപരമായി അച്ചടക്കം പഠിപ്പിക്കുക.
  • കുട്ടിയുടെ ഏതെങ്കിലും സ്വഭാവം മാറ്റാൻ കുട്ടിയെ കുറ്റപ്പെടുത്തരുത്, മറിച്ച് അത്തരം സ്വഭാവം മോശം പ്രവണതയാണ് എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
  • കുട്ടികളോട് പലപ്പോഴും ദേഷ്യം തോന്നിയേക്കാം. പക്ഷേ ഒരിക്കലും അവരെ അവഗണിക്കരുത്. ദേഷ്യമുണ്ടായാൽ അത് പറയുകയും അവരെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുകയും വേണം.
  • കുട്ടികളെ നിങ്ങൾ സ്നേഹിക്കുന്നുവെന്ന് അവരോട് പറയുക മാത്രമല്ല സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുകയും ചെയ്യണം. കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടാൻ ശ്രദ്ധിക്കുക.
  • കുട്ടികൾ തെറ്റുകൾ വരുത്തും. അവരെ നാണം കെടുത്തുകയോ വിമർശിക്കുകയോ ചെയ്യാതെ തെറ്റ് ആവർത്തിക്കാതിരിക്കാൻ നയപരമായ രീതികൾ സ്വീകരിക്കുക.

Content Summary: 8 Negative effects of bad parenting on children.