ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇൻജെക്ഷൻ; ഇനി ഇന്ത്യയിലും

രക്തത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളാണ് ഹൃദ്രോഗം വരുത്തുന്ന അപകടകാരിയായ കൊളസ്‌ട്രോൾ. ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു ജീവിതശൈലീ രോഗമാണിത്. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോൾ കുറയ്ക്കാൻ ആളുകൾ പെടാപ്പാട് പെടുകയാണ്. രക്തത്തിലെ കൊളസ്‌ട്രോൾ കുത്തനെ കുറക്കുമെന്ന് അവകാശപ്പെടുന്ന മരുന്ന് ഇന്ത്യയിലും ലഭ്യമാകും എന്നതാണ് കൊളസ്‌ട്രോൾ കാരണം ബുദ്ധിമുട്ടുന്നവർക്കുള്ള സന്തോഷവാർത്ത. വളരെ ചെലവേറിയ ഈ മരുന്ന് വിദേശങ്ങളിൽ മാത്രമാണ് ലഭ്യമായിരുന്നത്.

ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച ഇൻക്ലിസിറാൻ ആണ് ഈ അത്ഭുത മരുന്ന്. ഇത് വർഷത്തിൽ രണ്ടുതവണ മാത്രമേ കഴിക്കേണ്ടതുള്ളൂ. ഒരു ഡോസിന് ഏകദേശം 1.2 ലക്ഷം രൂപ ചിലവാകും.

ഹൃദയാഘാതത്തിന് കാരണമാകുന്ന രക്തത്തിലെ ഘടകമായ എൽ‌ഡി‌എൽ കൂടുതൽ ഉള്ള ഇന്ത്യയിലെ ഭൂരിഭാഗം രോഗികളും കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇപ്പോൾ സ്റ്റാറ്റിൻ ആണ് കഴിക്കുന്നത്. എന്നാൽ യു‌എസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ 2021 മുതൽ തന്നെ ഇൻക്ലിസിറാൻ ലഭ്യമാണ്. എൽ ഡി എൽ കൊളസ്‌ട്രോൾ അളവ് 50-60% കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കുമെന്നാണ് പറയപ്പെട്ടുന്നത്.

എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനും എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ അല്ലെങ്കിൽ നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കുന്ന ജീൻ സൈലൻസിംഗ് മരുന്നുകളിൽ ഏറ്റവും മികച്ചതാണ് ഇൻക്ലിസിറാൻ എന്ന് മണിപ്പാൽ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ആനന്ദ് ആർ ഷേണായി പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കുത്തിവെപ്പിലൂടെ രക്തത്തിൽ നിന്ന് ഹാനികരമായ കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള കരളിന്റെ കഴിവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികളിൽ ബ്ലോക്കുകളും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ പുതിയ മരുന്ന് സഹായിക്കും. സ്വിസ് ഫാർമ ഭീമനായ നൊവാർട്ടിസ് നിർമ്മിച്ച് ഇന്ത്യയിൽ സൈബ്രാവ എന്ന ബ്രാൻഡ് നാമത്തിലാണ് ഈ മരുന്ന് വിൽക്കുന്നത്. ഇൻക്ലിസിറാൻ അടിവയറിലോ കൈയ്യിലോ തുടയിലോ സബ്ക്യുട്ടേനിയസ് ഒറ്റ കുത്തിവയ്പ്പിനുള്ളതാണ്.

എൽ ഡി എൽ കൊളസ്‌ട്രോൾ എന്ന ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മാത്രമല്ല, രക്തക്കുഴലുകൾക്കും കേടുപാടുകൾ വരുത്തും. അൻപത് വയസിന് താഴെയുള്ളവരിൽ ഹൃദയാഘാതം കൂടിവരുന്ന ഈ കാലത്ത് കൊളസ്‌ട്രോൾ കുറയ്ക്കുന്ന മരുന്നിന് ഏറെ പ്രസക്തിയുണ്ട്.

ചെറുപ്രായത്തിൽ തന്നെ എൽ ഡി എൽ കൊളസ്‌ട്രോൾ നിയന്ത്രിച്ച് നിർത്തുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും.

സ്റ്റാറ്റിനുകൾ കഴിച്ചിട്ടും കൊളസ്‌ട്രോൾ കുറയാത്തവർ, ആവർത്തിച്ചുള്ള ഹൃദ്രോഗ ലക്ഷണങ്ങൾ കാണിച്ചിട്ടുള്ളവർ, കുടുംബത്തിൽ ഹൃദ്രോഗം വന്നിട്ടുള്ളവർ, സ്റ്റാറ്റിനുകളിൽ നിന്ന് അമിതമായ പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നവർ എന്നിവർക്ക് പുതിയ മരുന്ന് ഏറെ ആശ്വാസമാകും. എൽ ഡി എൽ കുറയ്ക്കുക എന്നത് ഒരു പ്രതിരോധ മാർഗം കൂടിയാണ്.

മരുന്നിന്റെ ഉയർന്ന വില കാരണം ആളുകൾക്ക് ഇത് പ്രയോജനപ്പെടുത്താനാകുമോ എന്ന ആശങ്കയിലാണ് ഡോക്ടർമാർ. താങ്ങാനാവുന്ന വിലയിൽ ലഭ്യമായാൽ നിരവധി ആളുകൾക്ക് ഈ മരുന്നിന്റെ ഗുണം ലഭിക്കും.

കൊളസ്‌ട്രോൾ അളവ് കാര്യക്ഷമമായി കുറയ്ക്കാൻ താങ്ങാനാവുന്ന വിലയിൽ നിരവധി മരുന്നുകൾ ഇന്ത്യയിൽ ലഭ്യമാണ് എന്നതും ഓർക്കേണ്ട കാര്യമാണ്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്. ഈ ഒരു കാഴ്ചപ്പാടിൽ നോക്കുമ്പോൾ കൊളസ്‌ട്രോൾ ഉയരാതിരിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, പുകവലി ഒഴിവാക്കൽ തുടങ്ങിയ നല്ല ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതുണ്ട്.

Also Read:

കൊളസ്‌ട്രോൾ കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 6 കാര്യങ്ങൾ

Content summary: New medicine to reduce LDL cholesterol is now available in India. This medicine can lower cholesterol by increasing the capacity of the liver to filter bad cholesterol from the blood.