ഡിജിറ്റൽ ഡിമെൻഷ്യ; സ്ക്രീൻ ടൈം അപകടമോ?

ഡിമെൻഷ്യ എല്ലാവർക്കും പരിചിതമായ ഒരു വാക്കാണ്. ഒരുതരം മറവിരോഗമാണിത്. തലച്ചോറിന്റെ പ്രവർത്തനം തകരാറിലാക്കുന്ന ഈ അസുഖം ആളുകളുടെ നിത്യജീവിതം ബുദ്ധിമുട്ടിലാക്കും എന്ന് പറയേണ്ടതില്ലല്ലോ. പ്രായമായവരെയാണ് സാധാരണ ഡിമെൻഷ്യ ബാധിക്കുന്നത്.

ടെക്നോളജിയുടെ അമിതമായ ഉപയോഗം കാരണം ഉണ്ടാകുന്ന ഡിമെൻഷ്യയെ വിദഗ്ദർ ഡിജിറ്റൽ ഡിമെൻഷ്യ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്ര ഗുരുതരമല്ലെങ്കിലും അമിതമായി ടെക്നോളജിയെ ആശ്രയിക്കുന്നത് ഡിമെൻഷ്യ പോലുള്ള അവസ്ഥ ഉണ്ടാക്കും.

എന്താണ് ഡിജിറ്റൽ ഡിമെൻഷ്യ

ടെക്നോളജിയുടെ അമിത ഉപയോഗത്തിൻ്റെ ഫലമായി ആളുകളുടെ ബുദ്ധിവികാസത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ വിവരിക്കാനാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന വാക്ക് ഉപയോഗിക്കുന്നത്. ജർമ്മൻ ന്യൂറോ സയൻ്റിസ്റ്റും സൈക്യാട്രിസ്റ്റുമായ മാൻഫ്രെഡ് സ്പിറ്റ്സർ 2012-ൽ ആവിഷ്‌കരിച്ച വാക്കാണിത്.

ഒരു രോഗമായി കണക്കാക്കുന്ന അവസ്ഥയല്ല ഡിജിറ്റൽ ഡിമെൻഷ്യ. ഇൻ്റർനെറ്റ് ഉപയോഗം, സ്ക്രീൻ സമയം തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന അവസ്ഥ ഉണ്ടെന്ന് പറയുന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതും ടിവി കാണുന്നതും ഉൾപ്പെടെയുള്ള ഉദാസീനമായ കാര്യങ്ങൾ ഓർമശക്തിയെ സാരമായി ബാധിക്കും.

അധിക സ്‌ക്രീൻ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും മറ്റ് മാറ്റങ്ങൾക്കൊപ്പം ഓർമ്മശക്തിയെയും കാര്യങ്ങൾ ചെയ്യാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഭാവിയിൽ ഡിമെൻഷ്യ വരാനുള്ള സാധ്യതയും കൂടുതലാണ്.

ഒരു ദിവസം 4 മണിക്കൂറിൽ കൂടുതൽ സ്‌ക്രീൻ സമയം ചെലവഴിക്കുന്നത് വാസ്കുലർ ഡിമെൻഷ്യ, അൽഷിമേഴ്‌സ് രോഗം, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠന ഫലങ്ങൾ കണ്ടെത്തി. ദിവസേന മണിക്കൂറുകൾ സ്‌ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാക്കും.

ഡിജിറ്റൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ

രു രോഗമായി കണക്കാക്കാത്തതിനാൽ ഡിജിറ്റൽ ഡിമെൻഷ്യയുടെ രോഗലക്ഷണങ്ങൾ എന്താണെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്. എങ്കിലും ചില ലക്ഷണങ്ങൾ ഡിമെൻഷ്യയുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതാകാം:

  • ഹ്രസ്വകാല ഓർമ്മ പ്രശ്നങ്ങൾ
  • കാര്യങ്ങൾ എളുപ്പത്തിൽ മറന്നുപോകുക
  • വാക്കുകൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട്
  • മൾട്ടിടാസ്കിംഗിൽ പ്രശ്നം നേരിടുന്നു

ഡിമെൻഷ്യയ്ക്ക് സമാനമായി, ഡിജിറ്റൽ ഡിമെൻഷ്യയും ആശയവിനിമയം, ഫോക്കസ്, യുക്തി എന്നിവയിലും മറ്റും മാറ്റങ്ങൾ വരുത്തിയേക്കാം. സ്‌ക്രീൻ സമയം അമിതമാകുന്നത് ഉറക്കത്തിനും മാനസികാവസ്ഥയ്ക്കും നല്ലതല്ല. അതുപോലെ ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.

ഡിജിറ്റൽ ഡിമെൻഷ്യ എങ്ങനെ നേരിടാം?

ലോകത്തെവിടെയുമുള്ള ആളുകളുമായി സംവദിക്കാനും വിദ്യാഭ്യാസം മുതൽ ആരോഗ്യം വരെയുള്ള കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമത നേടാനും ടെക്നോളജി സഹായിക്കുന്നുണ്ട്.

എന്നാൽ അമിതമായ സാങ്കേതിക വിദ്യയുടെ ഉപയോഗം നമ്മുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല. കൗമാരക്കാർ ഒരു ദിവസം ഏകദേശം 6 മണിക്കൂർ ഫോണിൽ ചിലവഴിക്കുന്നുവെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

ടെക്നോളജി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ആവശ്യമാണ്. എങ്കിൽ മാത്രമേ ഡിജിറ്റൽ ഡിമെൻഷ്യ പോലുള്ള അപകടങ്ങളെ തടയാൻ സാധിക്കൂ. സ്ക്രീൻ സമയം നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.

  • നോട്ടിഫിക്കേഷനുകൾ ആവശ്യത്തിന് മാത്രം:
    ഫോണിലോ സ്ക്രീനിന് മുന്നിലോ സ്ഥിരമായി ഇരിക്കുന്നത് ഒഴിവാക്കാനുള്ള ഒരു മാർഗം നിങ്ങൾക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷനുകളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നതാണ്. അടിയന്തരമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഒഴിവാക്കുക.
  • വെറുതെ ഫോൺ നോക്കരുത്:
    സമയം പോകാനായി ഫോൺ ഉപയോഗിക്കുന്നവരുണ്ട്. ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വെറുതെ ഫോണിൽ സ്ക്രോൾ ചെയ്യുന്നത് ഒഴിവാക്കാം.
  • മറ്റ് കാര്യങ്ങൾ കണ്ടെത്തുക:
    ബോറടിക്കുമ്പോൾ ഫോണോ റിമോട്ടോ കൈയിലെടുക്കാത്തവരില്ല. പകരം പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലും ഹോബികൾ ചെയ്യുകയോ ആവാം.
  • സമയം ക്രമീകരിക്കുക:
    സ്‌ക്രീൻ സമയം കുറയ്ക്കുക എന്നതിനർത്ഥം അത് പൂർണ്ണമായും ഒഴിവാക്കുക എന്നല്ല. അതിനുവേണ്ടി ഒരു പ്രത്യേക സമയം മാറ്റി വെക്കുന്നത് പരിഗണിക്കാവുന്നതാണ്. തുടർച്ചയായി സ്ക്രീൻ നോക്കുന്നത് നല്ലതല്ല.

Content Summary: Relationship between digital dementia and excessive screen time.