അമിതമായാൽ പൈനാപ്പിളും അപകടകാരി

വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴമാണ് പൈനാപ്പിൾ. ചൂടിനെ ശമിപ്പിക്കാൻ പഴങ്ങൾ കഴിക്കുന്നത് സാധാരണമാണ്. എല്ലാവർക്കും ഇഷ്‍ടമാകുന്ന മണവും രുചിയുമാണ് പൈനാപ്പിളിന്. അതുകൊണ്ടുതന്നെ ആളുകൾ ഇത് ധാരാളം കഴിക്കുകയും ചെയ്യും. വൈറ്റമിൻസ്, മിനറൽസ്, ആന്റിഓക്സിഡന്റ്സ് എന്നിവയാൽ സമ്പന്നമായ പൈനാപ്പിൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. വൈറ്റമിൻ സി, മാംഗനീസ് എന്നിവയെക്കൂടാതെ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിലധികം പൈനാപ്പിൾ കഴിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും എന്ന് അറിയാമോ?

നെഞ്ചെരിച്ചിൽ, ഓർക്കാനം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള പഴമാണ് പൈനാപ്പിൾ. പ്രമേഹരോഗികൾ ഒരളവിൽ കൂടുതൽ പൈനാപ്പിൾ കഴിക്കാൻ പാടില്ല. നന്നായി പഴുക്കാതെയാണ് കഴിക്കുന്നതെങ്കിൽ വയറിളക്കവും ഛർദ്ദിയും ഉണ്ടാകും. പൈനാപ്പിൾ കൂടുതൽ കഴിച്ചാൽ എന്തൊക്കെ പ്രശ്‍നങ്ങൾ ഉണ്ടാകുമെന്ന് നോക്കാം.

ഷുഗർ ലെവൽ ഉയർത്തുന്നു

പൈനാപ്പിളിൽ ഉയർന്ന അളവിൽ ഗ്ലൂക്കോസും സുക്രോസും അടങ്ങിയിട്ടുണ്ട്. അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാൻ ഇടയുണ്ട്. അരക്കപ്പ് പൈനാപ്പിളിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, പ്രമേഹരോഗികൾ സൂക്ഷിച്ചുമാത്രം പൈനാപ്പിൾ കഴിക്കുക.

ബ്രോമെലൈൻ റിയാക്ഷൻ

പൈനാപ്പിളിന്റെ ജ്യൂസിലും തണ്ടിലും ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ബ്രോമെലൈൻ അപകടകരമല്ലെങ്കിലും, രക്തം നേർപ്പിക്കുന്ന പദാർത്ഥങ്ങൾക്കൊപ്പം കഴിക്കുന്നത് രക്തസ്രാവം വർദ്ധിപ്പിക്കും.

പല്ലിന് കേടുപാടുകൾ

പൈനാപ്പിളിന്റെ അസിഡിറ്റിയുടെ ഫലമായി മോണയും പല്ലിന്റെ ഇനാമലും നശിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, പല്ലിന് പോടുകൾ ഉണ്ടാകാനും മോണവീക്കത്തിനും ഇത് കാരണമായേക്കാം. പൈനാപ്പിളിലെ പ്രോട്ടീൻ മറ്റ് അലർജിയായി നമ്മുടെ രോഗപ്രതിരോധ സംവിധാനം തെറ്റിദ്ധരിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

Also Read: പല്ലിന്റെ ആരോഗ്യത്തിന് 7 ഭക്ഷണങ്ങൾ

വയറിന് അസ്വസ്ഥത

പൈനാപ്പിൾ ജ്യൂസ് വയറിന് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച്, വെറുംവയറ്റിൽ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം.

Content Summary: Side effects of pineapple if eaten in excess.