മാനസികാരോഗ്യം ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

വിവിധ പ്രവർത്തനങ്ങളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ ശരീരം അഡ്രിനാലിൻ, നോർഅഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ശാരീരിക പ്രതികരണമാണ് മാനസിക സമ്മർദ്ദം. മാനസിക സമ്മർദ്ദം കൂടുമ്പോൾ പൾസ് നിരക്ക്, രക്തസമ്മർദ്ദം എന്നിവയും ക്രമാതീതമായി കൂടുന്നു. വിഷാദം, ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഹോർമോണുകളെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. .

മാനസിക സമ്മർദ്ദം ജീവിതത്തിന്റെ ഭാഗമാണ്. മാനസിക സമ്മർദ്ദത്തെ യൂസ്‌ട്രെസ്സ് , ഡിസ്ട്രെസ്സ് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ഉറക്കത്തെയോ മറ്റ് ശാരീരിക പ്രവർത്തനങ്ങളെയോ തടസപ്പെടുത്താത്ത സമ്മർദ്ദമാണ് യൂസ്‌ട്രെസ്സ്. ഇത് വ്യക്തികളെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉറക്കം ആരോഗ്യത്തിന് എത്രമാത്രം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. അതുപോലെ, സമ്മർദ്ദം ദൈനംദിന ജീവിതത്തെ ബാധിക്കുന്നതും നല്ലതല്ല.

ഹൃദയാരോഗ്യവും സമ്മർദ്ദവും

മാനസിക സമ്മർദ്ദം ഹാർട്ട് റേറ്റും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും എന്ന് പറഞ്ഞല്ലോ. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കും. അതുകൊണ്ടുതന്നെ, മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ചെറുപ്പക്കാർക്ക് പോലും ഹൃദ്രോഗം വരാൻ സാധ്യതയുണ്ട് എന്ന് പറയാം. സമ്മർദ്ദം നല്ല കൊളസ്ട്രോളായ HDL കുറയ്ക്കുകയും ചെയ്യും. അതിലുപരി സമ്മർദ്ദമുള്ളവർ അനാരോഗ്യകരമായ ജീവിതത്തിലേക്ക് പോകാൻ സാധ്യതയേറെയാണ്. ആവശ്യത്തിന് ഉറക്കമില്ലാത്തതും പോഷകാഹാരങ്ങൾ കഴിക്കാതിരിക്കുന്നതും വ്യായാമമില്ലാത്തതും ഹൃദയാരോഗ്യത്തിന് നല്ലതല്ല.

അമിതമായ സമ്മർദ്ദം ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദം, ദേഷ്യം ദഹനപ്രശ്‌നങ്ങൾ പ്രമേഹം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. നിലവിൽ ഹൃദ്രോഗമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സമ്മർദ്ദം കൂടുതലായിരിക്കാം. രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്ള ഉത്കണ്ഠ അവർക്ക് കൂടുതൽ സമ്മർദ്ദം നൽകുന്നു. ഒരു പക്ഷേ, ജീവിതത്തിലെ പല മുഹൂർത്തങ്ങളും അവർക്ക് ആസ്വദിക്കാൻ കഴിയില്ല.

മാനസിക സമ്മർദ്ദം എങ്ങനെ തിരിച്ചറിയാം?

ഒരാൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ വളരെ എളുപ്പമാണ്. ഉറങ്ങാൻ കിടന്ന ശേഷം എത്ര വേഗത്തിൽ ഉറക്കം പിടിക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വെച്ച് സമ്മർദ്ദത്തിലാണോ എന്ന് പറയാൻ കഴിയും. സ്ഥിരമായി സുഖകരമായ ഉറക്കം ലഭിക്കുന്നില്ല എങ്കിൽ അത് മാനസിക സമ്മർദ്ദം കാരണമാകാം. ശാന്തമായി ഉറങ്ങാനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും ഒരാൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ട്ടറുടെ സഹായം തേടണം.

ജോലി സമയം മാറുന്നതോ യാത്രയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളോ കാരണം ഉറക്കം വരാതിരിക്കുന്നതാണെങ്കിൽ അത് സമ്മർദ്ദമാണെന്ന് പറയാൻ കഴിയില്ല. പക്ഷേ ഇതും ഹൃദയാരോഗ്യത്തിന് നല്ലതല്ല.

സമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം?

മനസിനെ ശാന്തമാക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടുന്നത് സമ്മർദ്ദം കുറയാൻ ഫലപ്രദമാണ്. യോഗ, ധ്യാനം എന്നിവ നല്ലതാണ്. ജീവിതത്തെ കൂടുതൽ മനസിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. അമിതമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത് നല്ലതല്ല. യാഥാർഥ്യവും പ്രതീക്ഷകളും തമ്മിൽ യോജിച്ച് പോകണം. ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതും സമ്മർദ്ദം കുറയാൻ സഹായിക്കും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ പരിമിതപ്പെടുത്തണം. വ്യായാമം ചെയ്യുകയും നല്ല ഭക്ഷണങ്ങൾ കഴിക്കുകയും പ്രിയപ്പെട്ടവരോട് സംസാരിക്കുകയും വേണം. നല്ല ഉറക്കത്തിന് ആവശ്യമായ കാര്യങ്ങൾ ഉറപ്പാക്കുകയും വേണം.

Also Read: മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ സൂചനയാകാം

Content Summary: Mental stress can affect heart health