ഒരു കിലോ മുന്തിരിയ്ക്ക് പത്ത് ലക്ഷത്തിലേറെ രൂപ. കേൾക്കുമ്പോൾ ആരുമൊന്ന് മൂക്കത്ത് വിരൽവെച്ച് പോകും. റൂബി റോമൻ എന്നറിയപ്പെടുന്ന ഈ മുന്തിരി ലഭിക്കുന്നത് അങ്ങ് ജപ്പാനിലാണ്. അവിടുത്തെ ഇഷിക്കാവ പ്രിഫെക്‌ചറിൽ മാത്രം വളരുന്ന ഒരു പ്രത്യേക മുന്തിരി ഇനമാണ് റൂബി റോമൻ. എന്തുകൊണ്ടാണ് ഇത് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മുന്തിരിയായി മാറിയതെന്ന് നോക്കാം
ജപ്പാനിലെ (ഇഷികാവ) പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്നതിന് പുറമേ, റൂബി റോമൻ മുന്തിരി കുറഞ്ഞ അളവിൽ അസിഡിറ്റിയും ഉയർന്ന പഞ്ചസാരയുടെ അംശവുമുള്ളതാണ്. ഓരോ മുന്തിരിയും ഏകദേശം 20 ഗ്രാം ഭാരവും 3 സെന്റിമീറ്റർ വ്യാസവും വരെയാണ് പരമാവധി വളർച്ച എത്തുമ്പോൾ. ചുവന്ന നിറത്തിലാണ് ഇത് കാണപ്പെടുന്നത്. അതീവ രുചികരവും സുഗന്ധമുള്ളതും കാണാൻ മനോഹരവുമാണ് ഈ മുന്തിരി.
14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് റൂബി റോമൻ മുന്തിരി വളർന്ന് പാകമാകുന്നത്. 2008-ൽ ജാപ്പനീസ് കർഷകനായ സുട്ടോമു ടകെമോറി ഉൽപ്പാദിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ മുന്തിരി ലേലം ചെയ്തപ്പോൾ ഒരു കുല മുന്തിരിക്ക് ലഭിച്ച വില ഏഴ് ലക്ഷത്തിലേറെ രൂപയാണ്. 2019ൽ റൂബി റോമൻ മുന്തിരിയുടെ വില വീണ്ടും ഉയർന്നു. അത്തവണ ലേലത്തിൽ ഒരു കിലോയോളം വരുന്ന ഒരു കുല മുന്തിരിക്ക് ലഭിച്ചത് ഒമ്പത് ലക്ഷത്തിലേറെ രൂപയാണ്. രണ്ട് വർഷത്തിന് ശേഷം, റൂബി റോമൻ മുന്തിരി അതിലും ഉയർന്ന തുകയ്ക്ക് വിറ്റു. അതായത് ഒരു കിലോ മുന്തിരിക്ക് ലേലത്തിൽ ലഭിച്ചത് പത്ത് ലക്ഷത്തിലേറെ രൂപ.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള മുന്തിരിയാണിത്. സാധാരണ നമ്മുടെ നാട്ടിൽ ലഭിക്കുന്ന മുന്തിരിയുടെ നാലിരട്ടി വലുപ്പമുണ്ട് റൂബി റോമന്. ഇത് കൃഷി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. കൃഷി ചെയ്താൽ തന്നെ വളരെ അപൂർവ്വമായി മാത്രമാണ് വിളവെടുപ്പ് നടത്താനാവശ്യമായ രീതിയിൽ ഇത് പിടിക്കുകയുള്ളു. ജപ്പാനിൽ അതിസമ്പന്നർ, സമ്മാനമായി നൽകാനും, വൻകിട കോർപറേറ്റുകൾ ബിസിനസ് ആവശ്യത്തിനും മാത്രമാണ് റൂബി റോമൻ മുന്തിരി വാങ്ങാറുള്ളത്. ഇതിൻറെ ലഭ്യത വളരെ കുറവായതിനാലും, ആവശ്യക്കാർ കൂടുതലായതിനാലും ലേലം വിളിച്ചാണ് റൂബി റോമൻ മുന്തിരി വിൽക്കുന്നത്.
Content Summary: Ruby roman- The most expensive grape in the world